പുതിയ ചിത്രം ഹൗസ്ഫുള് തിയെറ്ററുകളില്‍ ഹൗസ്ഫുള് ആക്കാനുള്ള തത്രപ്പാടിലാണ് സംവിധായകന് സാജിദ് ഖാന്. എങ്കിലും മനസു നിറയെ മറ്റൊരു സിനിമയെക്കുറിച്ചുള്ള ചിന്തകളാ ണ്. ബോളിവുഡിന്റെ കിങ് ഷാരു ഖ് ഖാനെയും ഖിലാഡി അക്ഷയ് കുമാറിനെയും നായകന്മാരാക്കി ഒരു ചിത്രം. എന്നാല്‍ അതിന് ഇനിയും തിരക്കഥ കിട്ടിയിട്ടില്ല. അത്തരമൊരു തിരക്കഥ കിട്ടിയാലുടന്‍ താന്‍ ചിത്രം തുടങ്ങുമെന്ന് സാജിദ്. ഇരുവരും സൂപ്പര്‍സ്റ്റാറുകള്‍, രണ്ടു പേരും ഒന്നിക്കുന്ന ഒരു ചിത്രം ആഗ്രഹിക്കാത്ത സംവിധായകരുണ്ടാവില്ല. അക്ഷയ് കുമാര്‍ നായകനായ സാജിദ് ചിത്രം ഹേയ് ബേബിയില്‍ ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടാന്‍ ഷാരുഖ് എത്തിയിരുന്നു. ചിത്രം പോലെ പാട്ടും സൂപ്പര്‍ഹിറ്റ്.
ഷാരുഖിന്റെ ആരാധകനാണ് താന്‍, അക്ഷയ് തന്റെ സഹോദരനെപ്പോലെയും. അതുകൊണ്ട് ഇരുവരെയും ഒന്നിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടുകളില്ലെന്നാണ് സാജിദിന്റെ വിശ്വാസം. അടുത്ത ആറു മാസം തിരക്കഥയുടെ പണിപ്പുരയിലായിരിക്കും. ഒപ്പം ഇരുവരുടെയും ഡേറ്റും കിട്ടണം. ഇതൊക്കെ ശരിയായി വന്നാല്‍ സിനിമയും റെഡി. അക്ഷയ് കുമാര്‍ സമ്മതിച്ചു കഴിഞ്ഞു. സാജിദ് തിരക്കഥയെഴുതി അത് അവതരിപ്പിച്ച് ഡേറ്റ് വാങ്ങുമ്പോള്‍ത്തന്നെ ഒരു സമയമാകും. ചിത്രം ഷൂട്ട് ചെയ്ത് തിയെറ്ററുകളിലെത്താന് കുറഞ്ഞത് ഒന്നര വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് അക്ഷയ്. എങ്കിലും ഷാരുഖിനൊപ്പം അഭിനയിക്കുന്ന കാര്യത്തില്‍ എതിര്‍പ്പൊന്നും അക്ഷയ് പ്രകടിപ്പിച്ചില്ല.
ദില്‍ തോ പാഗല്‍ ഹെ എന്ന ചിത്രത്തിലാണ് ഷാരുഖും അക്ഷയും ഇതിനു മുന്‍പ് ഒന്നിച്ചത്. എന്നാല്‍ തുല്യപ്രാധാന്യമുള്ള വേഷങ്ങള്‍ ഇനിയും ഇവരെ തേടിയെത്തിയില്ല. ദില്‍ തോ പാഗല്‍ ഹെയില്‍ അക്ഷയ് അതിഥിയായെങ്കില്‍ ഹെയ് ബേബിയില്‍ ഷാരുഖായിരുന്നു അതിഥി വേഷത്തില്‍. ഇരുവരുടെയും റോക്കിങ് കെമിസ്ട്രി തനിക്ക് സിനിമയാ ക്കി മാറ്റാമെന്ന ധൈര്യത്തിലാ ണ് സാജിദ്. അങ്ങനെ സംഭവിച്ചാല്‍ ബോളിവുഡില്‍ ഒരു സൂപ്പര്‍ഹിറ്റ് കൂടി പ്രതീക്ഷിക്കാം.