ഇന്ത്യയില്‍ത്തന്നെ ഉറച്ചു നിന്നിരുന്നെങ്കില്‍ തനിക്ക് ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള ഉയരങ്ങളിലേക്കാണ് ശേഖര്‍ കപൂറിന്റെ സഞ്ചാരം. ഹോളിവുഡിലെ പ്രമുഖ താരങ്ങളായ ഹീത്ത് ലെഡ്ജര്‍, കെയ്റ്റ് ബ്ലാങ്കറ്റ് തുടങ്ങിയവരെ തന്റെ സിനിമകളില്‍ അവതരിപ്പിച്ച ശേഖര്‍ കപൂര്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. കുറച്ചുനാളായി കാത്തിരിക്കുന്ന പാനി എന്ന ചിത്രത്തിലേക്ക് ഇത്തവണത്തെ ഓസ്കര് ജേതാവ് ക്രിസ്റ്റഫ് വാള്ട്സിനെയാണ് ശേഖര്‍ വിളിച്ചത്.
സിനിമയുടെ രചനയ്ക്കിടെയാണ് എഴുതിക്കഴിഞ്ഞ ഒരു സീനിന്റെ അപാകതയെക്കുറിച്ചു ചിന്തിച്ചത്. അത് അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയുന്ന ഒരു താരത്തെ മനസില്‍ കാണാനായി ശ്രമം. പെട്ടെന്നാണ് ക്രിസ്റ്റഫ് വാള്‍ട്സിന്റെ മുഖം മനസില്‍ തെളിഞ്ഞത്. ഇന്‍ഗ്ലോറിയസ് ബാസ്റ്റഡ്സ് എന്ന ചിത്രത്തിലൂടെ ഓസ്കര് പുരസ്കാരം സ്വന്തമാക്കിയ ക്രിസ്റ്റഫിനോടു സംസാരിക്കണമെന്ന് തന്റെ ഏജന്റിനെ വിളിച്ചു പറയുകയായിരുന്നു ആദ്യം.
അന്ന് വൈകുന്നേരം തന്നെ പാനിയെക്കുറിച്ച് ക്രിസ്റ്റഫിനോടു സംസാരിച്ചു. കഥയും പശ്ചാത്തലവും പറഞ്ഞുകൊടുത്തു. ക്രിസ്റ്റഫ് അഭിനയിച്ചു ഫലിപ്പിക്കേണ്ട കഥാപാത്രത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് ഏറെ ഇഷ്ടമായി. മറ്റു കാര്യങ്ങളെക്കുറിച്ചു സംസാരിക്കാനായി ഉടന്‍ കാണാമെന്നായിരുന്നു ക്രിസ്റ്റഫിന്റെ മറുപടി. ശേഖര്‍ തന്റെ ബ്ലോഗിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഇത്തവണത്തെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ജൂറി അംഗം കൂടിയായ ശേഖര്‍ പറയുന്നു, അന്നു വൈകുന്നേരം തന്നെ തനിക്കു പ്രശ്നമുണ്ടാക്കിയിരുന്ന സീന്‍ ഭംഗിയായി എഴുതിത്തീര്‍ത്തു. മികച്ച ഒരു നടന് മനസില്‍ നിറഞ്ഞതോടെ എഴുത്തിന്റെ വഴി എളുപ്പമായി. ക്രിസ്റ്റഫിന്റെ സമ്മതം കിട്ടിയതോടെ തിരക്കഥ എത്രയും പെട്ടെന്ന്
പൂര്‍ത്തിയാക്കുമെന്ന് ശേഖര്‍ ഉറപ്പിക്കുന്നു.