ആദ്യ ചിത്രത്തില്‍ അഭിനയസാധ്യതകള്‍ ഇല്ലായിരുന്നെങ്കിലും കത്രീന കൈഫുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് സറീന് ഖാന്. വീര്‍ എന്ന സല്മാന് ഖാന് ചിത്രം ബോക്സ്ഓഫിസില്‍ തകര്‍ന്നിട്ടും സറീന് താരമായി. എന്നാല്‍ കഴിഞ്ഞ ദിവസം സറീന് ഒരു പുരസ്കാരം ലഭിച്ചു. എന്തായാലും അഭിനയത്തിന്റെ കാര്യത്തിലല്ല.. പീപ്പിള്‍ ഫോര്‍ ദ് എത്തിക്കല്‍ ട്രീറ്റ്മെന്റ് ഒഫ് അനിമല്‍സിന്റെ (പെറ്റ) ഹീറോ റ്റു ആനിമല്‍സ് അവാര്‍ഡാണു സറീനു ലഭിച്ചത്. വഴിയരികില്‍ ഭക്ഷണം കിട്ടാതെ കിടന്ന ഒരു പൂച്ചയെ രക്ഷിച്ചതിനാണു സറീന് പുരസ്കാരം നല്‍കുന്നത്. മൃഗസ്നേഹിയായ സറീന് മുംബൈയിലെ തെരുവില്‍ നിന്നാണു പൂച്ചക്കുഞ്ഞിനെ കണ്ടെത്തിയത്. പെട്ടെന്നു തന്നെ അടുത്തുള്ള മൃഗാശുപത്രിയില്‍ പൂച്ചയെ കൊണ്ടുപോയ സറീന് അതിന് ആവശ്യമായ ചികിത്സയൊക്കെ ചെയ്തു.
ഓരോ ദിവസവും പൂച്ചയുടെ മാറ്റം അന്വേഷിച്ചു. ഇതൊന്നും പോരാഞ്ഞ് മാഹിം ദര്ഗില്പ്പോയി പൂച്ചയുടെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ പൂച്ചയെ ദത്തെടുത്തു സോഫ്റ്റി എന്നു പേരുമിട്ടു വീട്ടിലേക്കു കൊണ്ടുപോരുകയായിരുന്നു സറീന്. ഇത്രയൊക്കെ ചെയ്ത ഒരാളെ അവാര്‍ഡ് കൊടുത്ത് അംഗീകരിക്കാതിരുന്നാല്‍ മോശമാവില്ലേ എന്നാണു പെറ്റ അംഗങ്ങളുടെ ചോദ്യം.
സറീന്റെ മനസിന്റെ സൗന്ദര്യമാണു പൂച്ചക്കുട്ടിയെ രക്ഷിച്ചതിലൂടെ കണ്ടത്. മറ്റുള്ളവരും മാതൃകയാക്കേണ്ട പ്രവൃത്തി. ഇത്തരം അവസ്ഥയില്‍ കാണുന്ന മൃഗങ്ങളെയാണു ദത്തെടുക്കേണ്ടത്, അതല്ലാതെ സുഖസൗകര്യങ്ങളില്‍ വളരുന്ന മൃഗങ്ങളെ കാശു കൊടുത്തു വാങ്ങുകയല്ല വേണ്ടതെന്നു പെറ്റ ക്യാംപെയ്നിങ് കോഓര്‍ഡിനേറ്റര്‍ മാധുരി ദേശ്മുഖ്.