ഹോളിവുഡ് സിനിമകള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ ഏറ്റെടുത്തതിനു ശേഷമുള്ള മുന്നേറ്റം അസൂയാവഹമാണ്. വന്‍തുക മുടക്കി സിനിമയെടുക്കാന്‍ അവര്‍ക്കു യാതൊരു മടിയുമില്ല. ഡാനി ബോയ്ല്‍ സംവിധാനം ചെയ്ത സ്ലം ഡോഗ് മില്യനെയര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടുമ്പോള്‍ കൂടുതല്‍ വിദേശ സംവിധായകര്‍ ഇന്ത്യയിലേക്കെത്തുന്നു.
ഹോളിവുഡിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകന് റോബ് കോഹനാണു കോടികള്‍ മുതല്‍ മുടക്കുള്ള പ്രൊജറ്റുമായി വരുന്നത്. ദ് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്, ദ് മമ്മി 3 തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള സിനിമാപ്രേമികളെ ത്രസിപ്പിച്ച സംവിധായകനാണു റോബ്. അമിതാഭ് ബച്ചന്, അക്ഷയ് കുമാര്‍ എന്നീ ബോളിവുഡിന്റെ ബഡാതാരങ്ങളെയാണു റോബ് തന്റെ ചിത്രത്തിലേക്കു ക്ഷണിക്കുന്നത്.
റോബര്‍ട്ട് ഡി നീറോ, അല്‍പാച്ചിനോ തുടങ്ങിയ സിനിമയിലെ രാജാക്കന്മാര്ക്കൊപ്പം അഭിനയിക്കാനാണ് അമിതാഭും അക്ഷയും തയാറെടുക്കുന്നത്. ഫിറോസ് നദിയാദ്വാലയുടെ സ്വപ്നപദ്ധതിക്കു പേര് ജുവല്‍ ഒഫ് ഇന്ത്യ. ചെലവ് മുന്നൂറു കോടി രൂപ. ഇന്ത്യയുടെ അഭിമാനമായിരുന്ന കോഹിന്നൂര്‍ രത്നമാണു സിനിമയുടെ വിഷയം. ഒരു വിദ്യാര്‍ഥി തന്റെ ഗവേഷണങ്ങള്‍ക്കിടയില്‍ കണ്ടെത്തുന്ന ചില ഞെട്ടിക്കുന്ന വിവരങ്ങളാണു ചിത്രത്തിനാധാരം. ടവര്‍ ഒഫ് ലണ്ടനില്‍ സൂക്ഷിച്ചിരിക്കുന്ന കോഹിന്നൂര്‍ യഥാര്‍ഥ രത്നമല്ല. ശരിക്കുള്ള കോഹിന്നൂര്‍ ഇന്ത്യയിലാണ്, പിന്നെ അതു തേടിയുള്ള അന്വേഷണം. ഇതാണ് പ്രമേയം. ജുവല്‍ ഒഫ് ഇന്ത്യയിലെ നായികമാരും മോശക്കാരല്ല. ഹോളിവുഡിലെ ടോപ് പെയ്ഡ് താരങ്ങളായ കാമറൂണ്‍ ഡയസ്, മോണിക്ക ബെലൂചി, ഇവാ മെന്‍ഡിസ് തുടങ്ങിയവരാണു ചിത്രത്തിലെ നായികമാര്‍.
മറ്റഭിനേതാക്കളെ തെരഞ്ഞെടുത്തിട്ടില്ല. ചിത്രം പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ വാര്‍ത്തകളില്‍ നിറയുകയാണ്. ഇന്ത്യന്‍ പശ്ചാത്തലുള്ള കഥകള്‍ക്കു പ്രേക്ഷകരേറെയാണെന്നതാണ് ഇത്തരമൊരു സിനിമയെടുക്കാന്‍ പ്രേരിപ്പിച്ചതെന്നു റോബ് കോഹന്. സിനിമയിലെ അതികായരെ ഒരു ചിത്രത്തില്‍ കാണാനുള്ള അവസരമാണു ജുവല്‍ ഒഫ് ഇന്ത്യ ഒരുക്കുന്നത്