ഒടുവില്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ താരം വെയ്ന്‍ റൂണിയും സുരക്ഷയ്ക്ക് വേണ്ടി ഗൂര്‍ഖകളെ ആശ്രയിക്കാന്‍ തീരുമാനിച്ചു. ലോകകപ്പ് ഫുട്ബോളില്‍ പങ്കെടുക്കാനായി അടുത്തമാസം ഇംഗ്ലണ്ട് ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്ന റൂണി 4.5 മില്യണ്‍ പൌണ്ട് വിലമതിക്കുന്ന തന്റെ വീട് നോക്കാനായാണ് ഗൂര്‍ഖകളുടെ സേവനം തേടിയിരിക്കുന്നത്.
ഗൂര്‍ഖകള്‍ക്ക് ലണ്ടനില്‍ നല്ല മതിപ്പാണെന്നും ഇതിനാലാണ് സുരക്ഷയ്ക്കായി റൂണിയും ഗൂര്‍ഖകളെ ആശ്രയിച്ചതെന്നും ‘ദ സണ്‍’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഗൂര്‍ഖയ്ക്ക് താമസിക്കാനായി ഒരു വീടും റൂണി സജ്ജീകരിച്ചു നല്‍കിയിട്ടുണ്ട്.
പ്രിമിയര്‍ ലീഗില്‍ പങ്കെടുക്കുന്ന നിരവധി താരങ്ങളുടെ വീടുകളില്‍ സമീപകാലത്ത് മോഷണം നടന്നിരുന്നു. അതിനാലാണ് റൂണി ഇപ്പോള്‍ ഗൂര്‍ഖകളുടെ സേവനം തേടാന്‍ തീരുമാനിച്ചത്. യുണൈറ്റഡില്‍ റൂണിയുടെ സഹ താരമായ ഡാരന്‍ ഫ്ലെച്ചറുടെ വീട്ടില്‍ കയറിയ മോഷ്ടാവ് പ്രതിശ്രുത വധുവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയിരുന്നു.
നേപ്പാളിലും ഉത്തരേന്ത്യയിലും ജീവിക്കുന്ന ഒരു ജനവിഭാഗമാണ് ഗൂര്‍ഖകള്‍. ധൈര്യശാലികളായ പോരാളികളായാണ് ഇവര്‍ അറിയപ്പെടുന്നത്. ഗൂര്‍ഖകളുടെ കൈവശമുള്ള കുക്രി എന്ന നീണ്ട കത്തി വളരെ പ്രസിദ്ധമാണ്. പൊതുവേ ഇവര്‍ക്ക് ഇത്തരത്തിലുള്ള രണ്ടു കത്തികള്‍ കൈവശമുണ്ടാകും. ഒന്ന് ആചാരങ്ങള്‍ക്കും മറ്റേത് പോരടിക്കുന്നതിനും.
കുക്രി അതിന്റെ ഉറയില്‍ നിന്ന് പുറത്തെടുത്താല്‍ അതില്‍ രക്തം പുരളാതെ തിരിച്ച് ഉറയിലിടുകയില്ല എന്ന ഒരു പതിവും ഇവര്‍ക്കുണ്ട്. സ്വന്തം കൈവിരല്‍ മുറിച്ച് രക്തം തൊടുവിച്ചെങ്കിലും അവര്‍ ഈ പതിവ് പാലിക്കാറുണ്ട്.