ലിവര്‍പൂളിന്റെ സൂപ്പര്‍ താരം ഫെര്‍ണാണ്ടോ ടോറസിന് കഴിഞ്ഞ ദിവസം ഒരു അപ്രതീക്ഷിത വാഗ്ദാനം ലഭിച്ചു. വേറെ ആരുമല്ല. ചെല്‍സിയുടെ കറുത്ത മുത്ത് ദിദിയര്‍ ദ്രോഗ്ബയാണ് ടോറസിനെ ചെല്‍സിയിലേക്ക് ക്ഷണിച്ചുകൊണ്ട് അദ്ദേഹത്തെ അമ്പരിപ്പിച്ചത്. വരൂ എന്നോടൊപ്പം ചെല്‍സിയില്‍ ചേരു എന്നായിരുന്നു ദ്രോഗ്ബയുടെ ക്ഷണം.
ടോറസിനെ സ്വന്തമാക്കാന്‍ ചെല്‍സി 50 മില്യണ്‍ പൌണ്ടിന്റെ വാഗ്ദാനം നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ദ്രോഗ്ബയുടെ ക്ഷണം ടോറസിനെ തേടി എത്തിയിരിക്കുന്നത്. ഓരോ സീസണിലും ഒരു വലിയ താരം ഞങ്ങളുടെ നിരയിലെത്തി ടീമിനെ ശക്തിപ്പെടുത്താറുണ്ട്. ഇത്തവണ അത് ടോറസാണെങ്കില് ഞങ്ങള്‍ക്ക് സന്തോഷമേയുള്ളു.
ഈ സീസണില്‍ മാത്രമല്ല കരിയര്‍ മുഴുവന്‍ ചെല്‍സിയില്‍ തുടരാനാണ് തനിക്ക് ആഗ്രഹമെന്നും ദ്രോഗ്ബ പറഞ്ഞു. ഞാന്‍ ഈ ക്ലബ്ബിനെ ഇഷ്ടപ്പെടുന്നു. എന്റെ കരിയര്‍ മുഴുവന്‍ ഇവിടെ കളിക്കാനും ആഗ്രഹിക്കുന്നു-ദ്രോഗ്ബ പറഞ്ഞു.
ഈ സീസണില്‍ ചെല്‍സിയുടെ നീലപ്പടയ്ക്കായി 36 ഗോളുകളാണ് ദ്രോഗ്ബ വലയിലെത്തിച്ചത്. ശനിയാഴ്ച എഫ് എ കപ്പ് ഫൈനലില്‍ പോര്ട്സ്മൌത്തിനെ നേരിടുമ്പോള്‍ ഇത് ഇനിയും കൂട്ടാമെന്നാണ് തന്റെ പ്രതീക്ഷയെന്നും ദ്രോഗ്ബ പറഞ്ഞു.