പ്രണയത്തിന്റെ, ബന്ധങ്ങളുടെ തീവ്രതയുടെ, ചതിയുടെ കഥ. അതിര്‍ത്തികളും സംസ്കാരങ്ങളും മറികടന്ന് എല്ലാ നിയമങ്ങളെയും തെറ്റിച്ച് അവര്‍ എത്തുന്നു കൈറ്റ്സുമായി. ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക് റോഷന്റെ ആദ്യ ഇന്റര്‍നാഷണല്‍ സിനിമ എന്നു വിശേഷിപ്പിക്കുന്ന കൈറ്റ്സ് ഇന്നു മുതല്‍ തിയെറ്ററുകളില്‍. അനുരാഗ് ബസു സംവിധാനം ചെയ്തു ഹൃത്വികിന്റെ അച്ഛന് രാകേഷ് റോഷനും ശരണ്‍ കപൂറും ചേര്‍ന്നു നിര്‍മിച്ച ചിത്രത്തിന്റെ ഹിന്ദി വെര്‍ഷനാണ് ഇന്നെത്തുക. ഇംഗ്ലിഷിലും നിര്‍മിച്ച ചിത്രത്തിനു ചെലവായതു നൂറ്റന്പതു കോടി രൂപ. സ്പാനിഷ് വെര്‍ഷനും റിലീസ് ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്. മെക്സിക്കന്‍ സുന്ദരി ബാര്‍ബറ മോറിയാണു കൈറ്റ്സിലെ നായിക. നതാഷ എന്ന കഥാപാത്രത്തെയാണു ബാര്‍ബറ അവതരിപ്പിക്കുന്നത്. ഒരിക്കല്‍ എല്ലാവരും ഇഷ്ടപ്പെട്ട സല്‍സ ഡാന്‍സറായിരുന്നു ജയ്. ഇന്ന് അവന് എല്ലാം നഷ്ടപ്പെട്ട് മരുഭൂമിയില്‍ മരണം കാത്തുകിടക്കുകയാണ്. എന്നാല്‍ തോല്ക്കാന് അവനു മനസില്ല. കാരണം അവന്റെ പ്രണയം അവനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച നതാഷ തിരികെ വരുമെന്ന പ്രതീക്ഷയാണ് അതിജീവനത്തിനു കരുത്തേകുന്നത്.
ഹൃത്വിക് റോഷന്റെയും ബാര്‍ബറയുടെയും സിസിലിങ് കെമിസ്ട്രി തന്നെയാണു കൈറ്റ്സിന്റെ പ്രത്യേകത. ഹൃത്വികിന്റെ ഡാന്‍സ് നമ്പരുകള്‍ മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഹൃത്വികും ബാര്‍ബറയും തമ്മില്‍ പ്രണയത്തിലായെന്ന വാര്‍ത്ത വിവാദമായിരുന്നു. ഹൃത്വിക് റോഷന് ആദ്യമായി പിന്നണിഗായകനാവുന്നതും കൈറ്റ്സിലൂടെയാണ്. കങ്കണ റണാവത്ത്, നിക്ക് ബ്രൗണ്‍, കബീര്‍ ബേദി എന്നിവരാണ് കൈറ്റ്സിലെ മറ്റു താരങ്ങള്‍. റഷ് അവര്‍, എക്സ്മെന്‍ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ സംവിധായകന് ബ്രെറ്റ് റാറ്റ്നറാണ് കൈറ്റ്സിന്റെ ഇംഗ്ലിഷ് വെര്ഷന് ഒരുക്കിയത്.
മുപ്പതു രാജ്യങ്ങളിലായി രണ്ടായിരത്തിലധികം തിയെറ്ററുകളിലാണു കൈറ്റ്സ് റിലീസ് ചെയ്യുക. നാസിര്‍ ഫറാസ്, ആസിഫ് അലി ബേഗ് എന്നിവരുടെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് രാജേഷ് റോഷന്. സിനിമറ്റൊഗ്രഫി അയനങ്ക ബോസ്, എഡിറ്റിങ് അവിക് അലി. വിതരണം റിയലന്‍സ് ബിഗ് പിക്ചേഴ്സ്.