ബോളിവുഡില്‍ താരസുന്ദരിമാരുടെ യുദ്ധം പുതുമയല്ലാതായിരിക്കുന്നു. എന്നാല്‍ ഇത്തവണ രണ്ട് ലോകസുന്ദരിമാര്‍ തമ്മിലാണ് അങ്കം. സ്ക്രീനിലാണെന്നു മാത്രം. ഫര്ഹാന് അക്തര്‍ സംവിധാനം ചെയ്യുന്ന ഡോണ്‍ 2 ലാണ് സുന്ദരിമാര്‍ മത്സരിക്കുന്നത്. ആദ്യ ചിത്രത്തിലെ നായിക പ്രിയങ്ക ചോപ്രയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ രണ്ടാം ഭാഗത്തിലെത്തുന്നത് ലാറ ദത്ത. ഏറെക്കാലത്തിനു ശേഷമാണ് പ്രിയങ്കയും ലാറയും ഒന്നിക്കുന്നത്. അക്ഷയ് കുമാര്‍ നായകനായ അന്ദാസിലാണ് മുന്‍പ് ഇവര്‍ ഒന്നിച്ചത്. വീണ്ടും എത്തുമ്പോള്‍ കഥാപാത്രത്തിന്റെ പ്രാധാന്യത്തെച്ചൊല്ലി തര്ക്കമാവാതിരുന്നാല് നന്നായിരുന്നു എന്നാണ് ഫര്‍ഹാനെ സുഹൃത്തുക്കള്‍ ഉപദേശിക്കുന്നത്.
ഷാരുഖ് ഖാന്, അര്ജുന് രാംപാല്‍, പ്രിയങ്ക ചോപ്ര എന്നീ താരങ്ങള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും അതേ വേഷങ്ങളില്‍ എത്തുന്നത്. ഡോണില്‍ രണ്ടാമത്തെ നായികയായിരുന്ന ഇഷ കോപികറിനു പകരക്കാരിയല്ല ലാറ. പുതിയ കഥാപാത്രമാണ് ലാറയ്ക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്. ഡോണ്‍ 2 വില്‍ അഭിനയിക്കാനായി മാര്‍ഷല്‍ ആര്‍ട്സും പഠിക്കുന്നുണ്ട് ലാറ. ആക്ഷന്‍ റോള്‍ ചെയ്യാന്‍ ഏറെ താത്പര്യമുള്ള ലാറ സംവിധായകന് വിളിച്ചയുടന്‍ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു. നായികമാര്‍ തമ്മില്‍ തര്‍ക്കമുണ്ടാവാനുള്ള സാധ്യത ഫര്ഹാന് കാണുന്നില്ല. രണ്ടുപേര്‍ക്കും ഏതാണ്ട് തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ബോളിവുഡിന്റെ ടോപ് താരമാണ് പ്രിയങ്ക. ലാറയ്ക്ക് വലിയൊരു നേട്ടം ഇതുവരെ കുറിക്കാനായിട്ടില്ല.