ഏറെ കാത്തിരുന്ന ചിത്രമാണു കൈറ്റ്സ്. ഏറെ നാളായി ചിത്രീകരണം തുടങ്ങിയിട്ട്, റിലീസിങ് വൈകി. അതിനിടെ നായകന് ഹൃത്വിക് റോഷനും നായിക ബാര്‍ബറ മോറിയും സിനിമയ്ക്കു പുറത്തും പ്രണയിക്കുകയാണെന്ന വാര്‍ത്തകള്‍. അതിനെച്ചൊല്ലി ഹൃത്വിക്കിന്റെ വീട്ടില്‍ വഴക്കാണെന്ന ഗോസിപ്പുകള്‍. ഭാര്യ സുസെയ്ന്‍ ഖാന് മക്കളെയും കൂട്ടി വീടു വിട്ടു പോയെന്ന് അഭ്യൂഹങ്ങള്‍. എല്ലാം കഴിഞ്ഞിപ്പോള്‍ കൈറ്റ്സ് എന്ന ബോളിവുഡ് പ്രണയ കാവ്യം പ്രദര്‍ശനം തുടങ്ങിയിരിക്കുന്നു. ലോകത്താകെ 2300 തിയെറ്ററുകളില്‍. എല്ലായിടത്തും നല്ല തിരക്ക്. ആക്ഷന്‍, സൂപ്പര്‍ ഹീറോ ഇമേജുകളില്‍ നിന്നു പ്രണയകഥയിലെ നായകന് എന്ന ഇമേജിലേക്ക് ഹൃത്വിക്കിന്റെ തിരിച്ചു വരവ്. ബാര്‍ബറയുമായി മികച്ച കെമിസ്ട്രി. നല്ല ഗാനങ്ങള്‍. ചടുലമായ നൃത്തരംഗങ്ങള്‍.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത കൈറ്റ്സിന് പ്രേക്ഷകര്‍ മാത്രമല്ല, ബോളിവുഡ് ഒന്നാകെ അഭിനന്ദനങ്ങള്‍ നേരുകയാണ്. ട്വിറ്ററിലും മറ്റു സൈറ്റുകളിലും എല്ലാവരും കൈറ്റ്സിനെക്കുറിച്ചഴുതിയിട്ടുണ്ട്. എല്ലാവര്ക്കും കൈറ്റ്സ് ഇഷ്ടപ്പെട്ടതില്‍ തനിക്കു സന്തോഷമുണ്ടെന്നാണു ഷാരുഖ് ഖാന് അഭിപ്രായപ്പെട്ടത്. ഡുഗ്ഗു(ഹൃത്വിക്കിന്റെ ചെല്ലപ്പേര്) എല്ലാ ചിത്രത്തിലും തന്റെ കഥാപാത്രം മികച്ചതാക്കാന്‍ നന്നായി അധ്വാനിക്കുന്നുണ്ട്. കൈറ്റ്സില്‍ ഡുഗ്ഗു മികച്ച അഭിനയമാണ് കാഴ്ചവച്ചത്. ഷാരുഖ് പറയുന്നു. കൈറ്റ്സില്‍ ഹൃത്വിക്കിന്റെ ബോഡി സ്റ്റൈലിലായിരുന്നു സല്മാന് ഖാന്റെ നോട്ടം. വീറിനെക്കാളും വാണ്ടഡിനേക്കാളം കൈറ്റ്സ് നന്നായി എന്നു പലരും പറയുന്നു. അതു കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്.
ഹൃത്വിക്കിനെ അഭിനന്ദിക്കുന്നതിനൊപ്പം ബാറബറാ മോറിയുടെ പ്രകടനത്തെക്കുറിച്ചും എഴുതിരിക്കുന്നു, സംവിധായകന് മധുര് ഭണ്ടാര്‍ക്കര്‍. താന്‍ ചിത്രത്തിനു ഫൈവ് സ്റ്റാര്‍ നല്‍കുകയാണെന്നാണു മന്ദിര ബേദി എഴുതിയത്. എല്ലാവരും ശ്രദ്ധിച്ച അഭിപ്രായം ഹൃത്വിക്കിന്റെ ഭാര്യ സുസെയ്ന്റേതായിരുന്നു. വളരെ ഗൗരവമുള്ള അഭിപ്രായമാണു സുസെയ്ന്‍ എഴുതിയത്. ഒരു ചിത്രത്തിന്റെ വിധി തീരുമാനിക്കുന്നതു പ്രേക്ഷകരാണ്. അവര്‍ അംഗീകരിക്കുന്നുണ്ടോ എന്നതാണു പ്രധാനം. കൈറ്റ്സിനെ അവര്‍ സ്വീകരിച്ചിരിക്കുന്നു.