ആദ്യ സിനിമയ്ക്കു തന്നെ ഐ ഹേറ്റ് ലവ് സ്റ്റോറീസ് എന്നു പേരിട്ട സംവിധായകനാണ് പുനിത് മല്‍ഹോത്ര. പ്രശസ്ത ഡിസൈനര്‍ മനിഷ് മല്‍ഹോത്രയുടെ അനന്തിരവന്. ചിന്തിച്ചു തന്നെയാണ് ചിത്രത്തിന് അങ്ങനെയൊരു പേരിട്ടതെന്ന് പുനിത് പറയുന്നു. ഇമ്രാന് ഖാനെ മനസില്‍ കണ്ടുകൊണ്ട് തിരക്കഥ എഴുതി. അഭിനയം കണ്ടപ്പോള്‍ തനിക്ക് തെറ്റുപറ്റിയില്ല എന്നു വ്യക്തവുമായി. ചിത്രത്തെക്കുറിച്ച് ആദ്യം ആലോചിക്കുമ്പോള്‍ത്തന്നെ ജയ് എന്ന കഥാപാത്രത്തിന് ഇമ്രാന്റെ മുഖമാണ് മനസില്‍ കടന്നുവന്നത്. മറ്റാര്‍ക്കും അത് ചെയ്യാനാവില്ലെന്ന് തോന്നി. അതില്‍ അവ്യക്തത ഒന്നും ഉണ്ടായിരുന്നില്ല. കരണ്‍ ജോഹറിനൊപ്പം കഭി ഖുശി കഭി ഗം, കല് ഹോ നാ ഹോ, കഭി അല്‍വിദാ നാ കെഹനാ തുടങ്ങിയ ചിത്രങ്ങളിലെല്ലാം സംവിധാനസഹായിയായിരുന്നു പുനിത്.
ഐ ഹേറ്റ് ലവ് സ്റ്റോറീസ്, ഇമ്രാന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സോനം കപൂറാണ് നായിക. റൊമാന്റിക് ചിത്രങ്ങളെടുക്കുന്ന സംവിധായകന്റെ ഒപ്പം ജോലി ചെയ്യുകയാണ് സിമ്രനും ജയും. എന്നാല്‍ റൊമാന്‍സിന്റെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായക്കാരാണ് ഇരുവരും. പ്രണയത്തില്‍ വിശ്വസിക്കാത്തയാളാണ് ജയ്, എന്നാല്‍ സിമ്രന്റെ മനസില്‍ പ്രണയം സന്തോഷത്തിന്റെ പ്രതീകമാണ്. മനിഷിന്റെ ഉപദേശമനുസരിച്ചാണ് സോനത്തിനെ ചിത്രത്തിലേക്കു വിളിച്ചത്. പുതിയ ജോടിയാണെന്നതും അവര്‍ക്കു ഗുണമാകുമെന്ന് പുനിത്.
ബോളിവുഡിലെ മികച്ച നിര്‍മാതാക്കളില്‍ ഒരാളെ ആദ്യ ചിത്രത്തിനു ലഭിച്ചതാണ് തന്റെ വിജയം. കരണ്‍ തന്നെയാണ് ചിത്രത്തിന്റെ കാര്യം പറഞ്ഞത്. ഒരു സിനിമ സംവിധാനം ചെയ്യാന്‍ കരണ്‍ പറഞ്ഞപ്പോഴാണ് ഐ ഹേറ്റ് ലവ് സ്റ്റോറീസിന്റെ തിരക്കഥ എഴുതിയത്. സ്ക്രിപ്റ്റ് കണ്ടയുടന്‍ കരണ്‍ യെസ് പറയുകയായിരുന്നു. കരണ്‍ നിര്‍മാതാവായതുകൊണ്ട് തന്റെ ക്രിയേറ്റിവ് ഫ്രീഡം ഒരിക്കലും നഷ്ടമായിട്ടില്ല. ഉപദേശങ്ങളുണ്ടായെങ്കിലും ഒരിക്കലും കടന്നു കയറ്റമായില്ല. പതിനൊന്ന് വര്‍ഷം അസിസ്റ്റന്റ് ഡയറക്റ്ററായിരുന്ന പുനിത് പ്രതീക്ഷയിലാണ്. ആദ്യം ചിത്രം റിലീസ് ചെയ്താല്‍ ഉടന്‍ വീണ്ടും സിനിമയെടുക്കാന്‍ ഉദ്ദേശ്യമില്ല. കുറച്ചു നാള് റിലാക്സ് ചെയ്തതിനു ശേഷം മാത്രം അടുത്ത സിനിമകള്‍. എന്തും ആസ്വദിച്ചു ചെയ്യാനാണ് തനിക്കിഷ്ടമെന്ന് പുനിത്. ഇമ്രാനും സോനവും പുനിതിന് ഹിറ്റ് നല്കുമെന്നു തന്നെ ഉറപ്പിക്കാം