ഒഴുക്കിനെതിരെ
തുഴഞ്ഞ് തൊട്ടതെല്ലാം പൊന്നാക്കാന്‍ തന്നെയാണ് ബോളിവുഡ് സൂപ്പര്‍താരം
ആമിര്‍ഖാന്റെ നീക്കം. അദ്ദേഹത്തിന്റെ പുതിയ സിനിമാപദ്ധതികള്‍ ഇതിന്
തെളിവാണ്. കണ്ണഞ്ചിപ്പിക്കുന്ന പശ്ചാത്തലമോ മിന്നുന്ന താരങ്ങളോ ഇല്ലാതെ
ഓഫ്ബീറ്റ് ചിത്രങ്ങളുമായാണ് ആമിറിന്റെ വരവ്. പീപ്പ്ലിലൈവ്, ധോബിഘാട്ട്,
ഡല്‍ഹി ബെല്ലി തുടങ്ങിയവയാണ് ആമിര്‍ ഈ വര്‍ഷം ഒരുക്കുന്ന ചിത്രങ്ങള്‍.
'ഡല്‍ഹി ബെല്ലി'യില്‍ വേഷമിടുന്ന ഇമ്രാന്ഖാന്, 'പീപ്പ്ലിലൈവി'ലെ
നസിറുദ്ദീന്‍ഷാ എന്നിവരൊഴിച്ചാല്‍ അധികം വിലപിടിപ്പുള്ള താരങ്ങളെ ഈ
ചിത്രങ്ങളില്‍ കാണാനാവില്ല. എന്നാല്‍ സിനിമയുടെ എല്ലാ മര്മങ്ങളും
അറിയുന്ന ആമിര്‍ ഈ ചിത്രങ്ങളിലൂടെ വീണ്ടും അത്ഭുതനേട്ടം
ആവര്‍ത്തിക്കുമെന്നാണ് ബോളിവുഡ് പറയുന്നത്.
ആഗസ്തില്‍ പ്രദര്‍ശനത്തിനെത്തുന്ന പീപ്പ്ലിലൈവ് ഇതിനകം തന്നെ
നിരൂപകശ്രദ്ധ നേടിക്കഴിഞ്ഞു. വ്യത്യസ്തവേഷങ്ങളിലൂടെ ശ്രദ്ധേയനായ
രഘുബീര്യാദവാണ് നായകന്. ഗ്രാമീണമേഖലയിലെ കര്‍ഷക ആത്മഹത്യകള്‍ക്കെതിരെ
രൂക്ഷമായ വിമര്‍ശനം ചൊരിയുന്ന ആക്ഷേപഹാസ്യം കലര്‍ന്ന സിനിമയാണ് ഇത്.
ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍, സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവല്‍
എന്നിവയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഏറെ നിരൂപകപ്രശംസയും നേടിയിരുന്നു.
രഘുബീര്‍ യാദവിന്റെ വേഷവും ശ്രദ്ധിക്കപ്പെടുന്നതാണ്.
ആമിര്‍ഖാന്റെ ഭാര്യ കിരണ്‍ റാവു ആദ്യമായി സംവിധായികയുടെ മേലങ്കി അണിയുന്ന
ചിത്രമാണ് അടുത്തതായി ആമിര്‍ അവതരിപ്പിക്കുന്നത്. 'ധോബി ഘാട്ട്' എന്ന ഈ
ചിത്രത്തില്‍ പ്രതീക് ബബ്ബാറാണ് നായകന്. നടനും എം.പി.യുമായ രാജ്
ബബ്ബാറിന്റെയും അന്തരിച്ച നടി സ്മിതാപാട്ടീലിന്റെയും മകനാണ് പ്രതീക്.
ആമിര്ഖാന് നിര്‍മിച്ച 'ജാനേതൂ? ജാനേന' എന്ന ചിത്രത്തില്‍ നേരത്തേ
പ്രതിഭയുടെ മിന്നലാട്ടം പ്രകടിപ്പിച്ച അഭിനേതാവ് കൂടിയാണ് പ്രതീക്.
ആമിര്‍ഖാനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
യുവപ്രേക്ഷകരെ കൈയിലെടുക്കാന്‍ ലക്ഷ്യമിട്ട് ഒരുക്കുന്ന ചിത്രമാണ് ഡല്‍ഹി
ബെല്ലി. ഇമ്രാന് ഖാനാണ് പ്രധാന കഥാപാത്രം. ആമിര്‍ ഏറെ പ്രതീക്ഷ
അര്‍പ്പിക്കുന്ന ചിത്രങ്ങളാണ് ഇവ മൂന്നും. ത്രീ ഇഡിയറ്റ്സ്, ഫന തുടങ്ങിയ
സൂപ്പര്‍ഹിറ്റുകള്‍ ഏറെ സമ്മാനിച്ച ആമിര്‍ ഈ ചിത്രങ്ങളിലൂടെ വിജയകഥ
തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.