സിനിമയ്ക്കിടയില്‍
സംഭവിക്കുന്ന അപകടങ്ങള്‍ സ്വാഭാവികം. ഫൈറ്റ് സീനുകളില്‍ കൃത്യമായ
സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാലും അപകടം എപ്പോഴാണുണ്ടാവുകയെന്നു
പറയാനാവില്ല. മുന്‍നിരതാരങ്ങളെല്ലാം ഇതിന് ഇരയായിട്ടുമുണ്ട്. എന്നാല്‍
ശരിയായ സുരക്ഷ ഉറപ്പുവരുത്താത്തതിന്റെ പ്രശ്നം കൊണ്ട്
അപകടത്തില്‍പ്പെട്ടിരിക്കുകയാണ് വിശ്വജിത്ത് പ്രധാന് എന്ന നടന്.
രാംഗോപാല്‍ വര്‍മയുടെ രക്തചരിത്രയില്‍ അഭിനയിക്കുന്നതിനിടെ സാരമായി
പരുക്കേറ്റ വിശ്വജിത്തിന്റെ ഭാര്യയാണ് സുരക്ഷാവീഴ്ചയാണ് അപകടത്തിനു
കാരണമെന്നു കുറ്റപ്പെടുത്തിയത്. സ്റ്റണ്ട് ടീമിന്റെ അശ്രദ്ധ തന്നെയാണ്
പ്രശ്നങ്ങള്‍ക്കു കാരണം. മാത്രമല്ല ടീമിലുണ്ടായിരുന്നത്
പുതുമുഖങ്ങളായിരുന്നു എന്നതും അപകടത്തിനിടയാക്കിയെന്ന് വിശ്വജിത്തിന്റെ
ഭാര്യ സൊണാലിക പ്രധാന് പറയുന്നു.
ചിത്രത്തിന്റെ ക്ലൈമാക്സില്‍ വെടിയേറ്റു മരിക്കുന്നതായാണ് വിശ്വജിത്ത്
അഭിനയിക്കേണ്ടിയിരുന്നത്. എന്നാല്‍ ശക്തമായ പൊട്ടിത്തെറിയില്‍
വിശ്വജിത്തിന്റെ മുഖത്ത് സാരമായി പരുക്കേറ്റു. സിനിമയുടെ ക്ലൈമാക്സ്
ഷൂട്ടിനു ശേഷം വിശ്വജിത്തിനു പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടി വന്നു. ഒരു
മാസത്തെ വിശ്രമത്തിനു ശേഷമേ ഷൂട്ടിങ്ങിനെത്താന്‍ കഴിയുകയുള്ളുവെന്നും
സൊണാലിക. സാധാരണ പൊട്ടിത്തെറിയാണ് പ്ലാന്‍ ചെയ്തതെങ്കിലും ഫലത്തില്‍ അത്
പ്രശ്നമാവുകയായിരുന്നു.
അപകടമുണ്ടായപ്പോള്‍ സംവിധായകന് സെറ്റിലുണ്ടായിരുന്നില്ല. ആക്ഷന്‍
ഡയറക്റ്റര്‍ ഐജാസ്-ജാവേദിന്റെ നേതൃത്വത്തിലായിരുന്നു ക്ലൈമാക്സ്
ഷൂട്ടിങ്. ഇത് രണ്ടാം തവണയാണ് വിശ്വജിത്തിന് ഇത്തരം അപകടം സംഭവിക്കുന്നത്.
ബോളിവുഡ് ചിത്രം നോ പ്രോബ്ളത്തിന്റെ സെറ്റിലായിരുന്നു ആദ്യ അപകടം.
അന്നു മുതല്‍ താന്‍ എപ്പോഴും ടെന്‍ഷനിലാണെന്ന് സൊണാലിക പറയുന്നു.
സിനിമയ്ക്കും സംവിധായകനുമെതിരേ ആരോപണമുണ്ടായിട്ടും ഇതേക്കുറിച്ചു
പ്രതികരിക്കാന്‍ രാംഗോപാല്‍ വര്‍മ തയാറായിട്ടില്ല. വിവേക് ഒബ്റോയ്,
സൂര്യ, പ്രിയാമണി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന രക്തചരിത്ര വയലന്‍സ്
കൊണ്ടു തന്നെ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു.