ബോളിവുഡില്‍
കൊടുങ്കാറ്റായി വന്ന്, പിന്നീടു മാഞ്ഞുപോയ താരമാണു മല്ലിക ഷെരാവത്ത്.
സെക്സി ലുക്കും സ്റ്റൈലന്‍ അപ്പിയറന്‍സുമായി തിളങ്ങുമെന്നു കരുതിയ
മല്ലികയ്ക്കു പിടിച്ചുനില്‍ക്കാനായില്ല. അവിടെ നിന്നു ഹോളിവുഡിലേക്കു
പോയെങ്കിലും അവിടെയും കഥ ഇതു തന്നെ. പച്ചപിടിക്കാനായി പല വഴിയും
നോക്കുകയാണു താരം. എങ്ങനെയും ഒരുപിടി വള്ളി കണ്ടെത്താനായി ഹോളിവുഡിലെ
സിസിലിങ് ആക്ട്രസ് സല്‍മ ഹെയ്ക്കിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍
തയാറെടുക്കുകയാണു മല്ലിക. ജാക്കി ചാനൊപ്പം ദ് മിത്ത്, ഇന്റര്‍നാഷണല്‍
ഫിലിം ഹിസ്, കോമഡി ചിത്രം ലവ് ബരാക്ക് എന്നിവയ്ക്കു ശേഷം, സല്‍മ പ്രധാന
വേഷത്തിലെത്തുന്ന ചിത്രത്തില്‍ മല്ലികയ്ക്ക് അവസരം ലഭിച്ചിരിക്കുന്നു.
കഴിഞ്ഞ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കണ്ടുമുട്ടിയ സല്‍മയുമായി മല്ലിക
സൗഹൃദത്തിലായതാണു പുതിയ അവസരത്തിനു വഴിയൊരുക്കിയത്.
സല്‍മയോടൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നു മല്ലിക അന്നു തന്നെ
അറിയിച്ചതാണ്. ഇരുവരും ഒന്നിച്ചുള്ള ഒരു സിനിമ ഉടന്‍ തന്നെ തുടങ്ങുമെന്നു
റിപ്പോര്‍ട്ടുകളുണ്ട്. ഹിസ് എന്ന ചിത്രത്തില്‍ മല്ലികയുടെ പ്രകടനം
ആകര്‍ഷിച്ചെന്നു സല്‍മയും പറഞ്ഞു. ഫെസ്റ്റിവല്‍ അവസാനിച്ച്
അമേരിക്കയിലേക്കു പോയെങ്കിലും കണ്ടുമുട്ടാനുള്ള അവസരങ്ങള്‍ ഇരുവരും
പാഴാക്കിയില്ല. തനിക്കു കിട്ടിയ ഏറ്റവും വലിയ സുഹൃത്തുക്കളില്‍ ഒരാളാണു
സല്മയെന്നു മല്ലിക പറയുന്നു. സ്ത്രീകഥാപാത്രങ്ങള്ക്കു പ്രാധാന്യമുള്ള
ചിത്രത്തില്‍ മല്ലികയുടെ വേഷം മികച്ചതായിരിക്കുമെന്നു സല്‍മ
ഉറപ്പുകൊടുത്തിട്ടുണ്ട്. സ്ത്രീകള്ക്കതിരേയുള്ള അക്രമങ്ങളെ
പ്രമേയമാക്കിയെടുക്കുന്ന ചിത്രത്തിന്റെ കഥ തനിക്ക് ഏറെ ഇഷ്ടമായെന്നും
ഹോളിവുഡില്‍ തിളങ്ങാന്‍ ഇതോടെ തനിക്കു കഴിയുമെന്നുമാണു മല്ലികയുടെ
വിശ്വാസം.