ഗൊണ്‍സാലോ
ഹിഗ്വെനിന്റെ ഹാട്രിക്കൊന്നും കോഴിക്കോട്ടെ നൈനാം പറമ്പിലേയും
എറണാകുളത്തെ കറുകപ്പള്ളിയിലേയും അര്‍ജന്റൈന്‍ ആരാധകര്‍ക്കു
മതിയായിട്ടില്ല. രണ്ടു കളി കഴിഞ്ഞില്ലേ, അഞ്ചു ഗോളടിച്ചില്ലേ, എന്താ മെസി
ഗോളടിക്കാത്തെ? ചോദ്യം ന്യായം.
എന്നാല്‍ മെസിക്കൊട്ടും തിടുക്കമില്ല, സമയമുണ്ടല്ലോ എന്ന മട്ട്.
ഇരുപത്തിരണ്ടു വയസേ പ്രായമുള്ളൂ എന്നാല്‍ എത്രയോ പക്വതയോടെയാണ് മെസി
അര്‍ജന്റീയുടെ പ്ലേമേക്കറായത്. ഓരോ ഗോളിലും മെസിയുടെ സിഗ്നേച്ചര്‍
പതിഞ്ഞിട്ടുണ്ട്. ഓരോ ഗോളിന്റെ തുടക്കവും ആ തലയില്‍ നിന്ന്. ദക്ഷിണ
കൊറിയക്കെതിരായ കളിയില്‍ തന്നെക്കാള്‍ മുതിര്‍ന്ന കളിക്കാര്‍ക്കു വരെ
നിര്‍ദേശങ്ങള്‍ നല്കി. പ്രതിരോധനിരയില്‍ എടുക്കേണ്ട പൊസിഷനുകള്‍ പറഞ്ഞു
കൊടുത്തു. മറഡോണയുടെ കണക്കു കൂട്ടലുകള്‍ ശരിയായ വഴിക്കു തന്നെ.
ഇതുവരെയുള്ള കളി അവലോകനം ചെയ്ത് ഫുട്ബോള്‍ രംഗത്തെ പ്രശസ്തര്‍
പറയുന്നത്, മെസിക്ക് അര്‍ജന്റൈന്‍ ശൈലി അല്ലെന്നാണ്. മെസി കൂടുതലും
ബ്രസീലിയന്‍ രീതികളോട് അടുത്തു നില്ക്കുന്നു എന്നാണ്. ഫുട്ബോള്‍
കണക്കെടുപ്പുകളില്‍ സൂപ്പര്‍ താര പദവിയൊന്നും കിട്ടിയിരുന്നില്ല എങ്കിലും
ഏറെ ആരാധകരുണ്ടായിരുന്ന ബ്രസീലിയന്‍ താരമുണ്ടായിരുന്നു, സോക്രറ്റീസ്.
മെസിയെ സോക്രറ്റീസിന്റെ പിന്‍ഗാമിയായി കാണുന്നു ചിലര്‍.
ഇന്നു ഗ്രീസിനെ നേരിടുകയാണ് അര്‍ജന്റീന. പരിശീലനത്തിനിടെ മെസിയോടു
സംസാരിക്കാന്‍ അവസരം കിട്ടിയ മാധ്യമ പ്രവര്‍ത്തകര്‍ നൈനാം വളപ്പുകാരും
കറുകപ്പള്ളിക്കാരുമായി. മെസി വളരെ ശാന്തനും. ഗോളുകള്‍ വന്നോളും
തിടുക്കമെന്തിന്? മെസി ചോദിച്ചു. അവസരങ്ങള്‍ കിട്ടിയതാണ്. എതിര് ടീം
ഗോളികളുടെ മികച്ച സേവുകളാണു പ്രശ്നമായത്. സാരമില്ല, കളി തുടരുകയല്ലേ?
ഗോളുകള്‍ വന്നോളും.
ഹിഗ്വെനിന്റെ ഹാട്രിക് തന്നെ ഏറെ സന്തോഷിപ്പിച്ചെന്ന് മെസി പറഞ്ഞു. ആദ്യ
കളിയില്‍ നിന്ന് ഏറെ മുന്നോട്ടു പോയി. ഗെയിം പ്ലാന്‍ കൃത്യമായി
വര്‍ക്കൗട്ടാവുന്നുണ്ട്. വിജയമാണ് പ്രധാനം. ഞാന്‍ ഗോളടിക്കുന്നത്
രണ്ടാമത്തെ കാര്യം. അടുത്ത റൗണ്ട് ഉറപ്പിച്ചു കഴിഞ്ഞു. കളിക്കാര്‍ക്ക് നോ
ടെന്‍ഷന്‍. ഗ്രീസിനെതിരെ നന്നായി കളിക്കാനാവും. മെസി പറയുന്നു.
എന്നാല്‍ ആരാധകര്‍ കാത്തിരിക്കുകയാണ്, ഇന്നത്തെ കളി കഴിഞ്ഞാല്‍ ചോദിക്കേണ്ടിവരരുത്, എന്താ മെസീ ഗോളടിക്കാത്തേ?.