ഒത്തുപിടിച്ചാല്‍
ആര്‍ക്കും മുന്നേറാവുന്ന അവസ്ഥയാണു ഡി ഗ്രൂപ്പില്‍. നാലു പോയിന്റുമായി
ഒന്നാമതുള്ള ഘാനയും ഗ്രൂപ്പ് വിജയികളാകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന
ജര്‍മനിയും തമ്മിലുള്ള മത്സരഫലം മറ്റു ടീമുകളുടെയും ഭാവിയെ ബാധിക്കും.
ജര്‍മനി
ഓസ്ട്രേലിയയെ എതിരില്ലാത്ത നാലു ഗോളിനു തകര്‍ത്താണു ജര്‍മനിയുടെ തുടക്കം.
പക്ഷേ, സെര്‍ബിയയോട് ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റതു ജര്‍മന്‍ ആരാധകരെ
ഞെട്ടിച്ചു. ആദ്യ മത്സരത്തിലെ ഒഴുക്ക് സെര്‍ബിയയ്ക്കെതിരേ കണ്ടില്ല.
സ്ട്രൈക്കര്‍ മിറൊസ്ലാവ് ക്ലോസെയ്ക്ക് റെഡ് കാര്‍ഡ് ലഭിച്ചതും
തിരിച്ചടിയായി.
ടീം ന്യൂസ്
സസ്പെന്‍ഷനിലായ ക്ലോസെയ്ക്കു പകരം കക്കാവു ഫസ്റ്റ് ഇലവനില്‍
എത്തിയേക്കും. മറ്റു മാറ്റങ്ങളൊന്നുമുണ്ടാകില്ല. 4-2-3-1 ലൈനപ്പില്‍
മെസൂറ്റ് ഓസില്‍ പ്ലേ മേക്കറുടെ റോളില്‍.
സ്റ്റാര്‍ ടു വാച്ച്
മെസൂറ്റ് ഓസില്‍
ഓസ്ട്രേലിയക്കെതിരേ പ്ലേ മേക്കര്‍ റോള്‍ ഗംഭീരമാക്കി ഓസില്‍. ഇന്ന്
അതിന്റെ തുടര്‍ച്ച പ്രതീക്ഷിക്കുന്നു. ഓസിലിനെ കൃത്യമായി മാര്‍ക്ക്
ചെയ്തു സെര്‍ബിയ കാണിച്ച മാതൃകയിലാവും ഘാനയുടെ ശ്രദ്ധ.
ഘാന
ആഫ്രിക്കയുടെ പ്രതീക്ഷയായി തീര്ന്നിരിക്കുകയാണു ഘാന. ആഫ്രിക്കന്‍ മണ്ണിലെ
ആദ്യ ലോകകപ്പില്‍ ഇരുണ്ട ഭൂഖണ്ഡത്തിന്റെ മാനം കാക്കുമെന്നു
കരുതപ്പെട്ടിരുന്ന കാമറൂണ്‍, നൈജീരിയ, ഐവറി കോസ്റ്റ് തുടങ്ങിയ ടീമുകള്‍
പിന്നോട്ടടിക്കപ്പെട്ടപ്പോള് ഗ്രൂപ്പില്‍ ഒന്നാമതായി തലയുയര്‍ത്തി
നില്ക്കുകയാണവര്.
ടീം ന്യൂസ്
മുന്നേറ്റനിരയില്‍ ക്വാഡ്വൊ അസമോവ ആദ്യ ഇലവനില്‍ എത്തിയേക്കും.
കോച്ചുമായി പ്രശ്നമുണ്ടെങ്കിലും സൂപ്പര്‍ സ്റ്റാര്‍ സുല്ലി മുന്റാരിയും
ഫസ്റ്റ് ഇലവനില്‍ കാണും. 4-2-3-1 ഫോര്മേഷന്.
സ്റ്റാര്‍ ടു വാച്ച്
അസമോവ ഗ്യാന്‍
സൂപ്പര്‍ സ്റ്റാര്‍ മൈക്കിള്‍ എസിയാന്റെ അഭാവത്തില്‍ ഘാനയ്ക്കു ലഭിച്ച
താരമാണു ഗ്യാന്‍. ആദ്യ രണ്ടു മത്സരങ്ങളിലും പെനല്‍റ്റിയിലൂടെ സ്കോര്‍
ചെയ്ത ഈ താരം ഇന്നു മൂന്നാം ഗോള്‍ ലക്ഷ്യമിടുന്നു