ഇറ്റലിയ്ക്ക് ലോകകപ്പ്
സമ്മാനിച്ച നായകന് ഫാബിയോ കന്നവാരൊ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ലോകകപ്പില്‍ നിലവിലെ
ചാമ്പ്യന്മാരായിരുന്ന ഇറ്റലി രണ്ടാം
റൌണ്ട് പോലും കടക്കാതെ പുറത്തായതിനു പിന്നാലെയാണ് പ്രതിരോധ നിരയിലെ നിറസാന്നിധ്യമായിരുന്ന കന്നവാരോ ബൂട്ടഴിക്കാന്‍
തീരുമാനിച്ചത്.
നിലവിലുള്ള ചാമ്പ്യന്മാരായ ടീം കളിക്കാനിറങ്ങുമ്പോള്‍
സമ്മര്ദത്തിനടിപ്പെടുക സ്വാഭാവികമാണെന്ന്
വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് കന്നവാരൊ പറഞ്ഞു. എന്നാല്‍ ആദ്യ രണ്ട് സമനിലയോടെ ഇറ്റലി ടീം
ഭയന്നുവിറച്ചുപോയെന്നും കന്നവാരൊ
പറഞ്ഞു. സഹകളിക്കാരുടെ മുഖത്ത് എനിക്കാ ഭയം കാണാമായിരുന്നു. ഒരുപാട് നല്ല മത്സരങ്ങളിലും മോശം മത്സരങ്ങളിലും
കളിക്കാന്‍ പറ്റി. എല്ലാ ഫുട്ബോളര്‍മാരുടെയും
കരിയറില്‍ അങ്ങനെയുണ്ടാകും. ഇതാണ് വിടപറയാനുള്ള സമയം-കന്നാവാരൊ പറഞ്ഞു.
36-കാരനായ കന്നവാരോ 136 തവണ
ദേശീയടീമില്‍ കളിച്ചിട്ടുണ്ട്. നിലവില്‍ ദുബായിലെ അല്അഹ്ലി ക്ലബ്ബിലാണ് കന്നവാരോ കളിക്കുന്നത്.
ക്ലബ്ബുമായുള്ള കരാറും അവസാനിപ്പിക്കുമെന്ന്
കന്നവാരോ പ്രഖ്യാപിച്ചിട്ടുണ്ട്. കന്നവാരോയ്ക്ക് പകരം ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബഫണാകും
ഇറ്റാലിയന്‍ ടീം ക്യാപ്റ്റന്‍.
നൈജീരിയന്‍ താരം നുവാന്‍ കൊ കാനുവാണ് രാജ്യാന്തര
മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച
മറ്റൊരു പ്രമുഖന്. നൈജീരിയന്‍ ടീമിനുവേണ്ടി എണ്പതു തവണ കളത്തിലിറങ്ങിയിട്ടുണ്ട് കാനു. സന്തോഷകരമായ
സാഹചര്യത്തിലല്ല വിരമിക്കുന്നതെങ്കിലും
ടീമിനുവേണ്ടിയുള്ള തന്റെ ഇതുവരെയുള്ള പ്രകടനത്തില്‍ അഭിമാനമുണ്ടെന്നും കാനു പറഞ്ഞു. ദേശീയടീമില്‍
കളിക്കില്ലെങ്കിലും ക്ലബ് മത്സരങ്ങളില്‍
തുടര്‍ന്നും പങ്കെടുക്കുമെന്ന് 1996, 1999 വര്‍ഷങ്ങളില്‍ മികച്ച ആഫ്രിക്കന്‍ ഫുട്ബോളര്‍ക്കുള്ള അവാര്‍ഡ്
നേടിയ കാനു പറഞ്ഞു.