പ്രിട്ടോറിയമെക്സിക്കന് താരങ്ങളുടെ ആക്രമണ ശൈലിയില്‍ അര്‍ജന്റീനയുടെ സൂപ്പര്‍
കോച്ചിന് ആശങ്ക. ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന
ഇന്നു മെക്സിക്കോയെ നേരിടാനിരിക്കെയാണ് ഡീഗോ മറഡോണ മാധ്യമങ്ങള്‍ക്കു
മുന്നില്‍ ആശങ്ക പങ്കുവച്ചത്.
മൂന്നു ഗ്രൂപ്പ് മത്സരങ്ങളും ജയിച്ചാണ് അര്‍ജന്റീന നോക്കൗട്ട്
റൗണ്ടിലേക്കു യോഗ്യത നേടിയത്. എന്നാല്‍, മെക്സിക്കോ ദക്ഷിണാഫ്രിക്കയോടു
സമനില വഴങ്ങുകയും ഉറുഗ്വെയോടു തോല്‍ക്കുകയും ചെയ്തു. പക്ഷേ, അവസാന
മത്സരത്തില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ച
പ്രകടനം അസാമാന്യമായിരുന്നു എന്നാണ് ഡീഗോയുടെ അഭിപ്രായം. റാഫേല്‍
മാര്‍ക്കേസ്, ആന്ദ്രെ ഗാര്‍ഡാഡോ, ജിയൊവാനി ഡോസ് സാന്റോസ് തുടങ്ങിയ
മെക്സിക്കന്‍ താരങ്ങളെ കരുതലോടെ നേരിടുും.കളി കടുത്തതായിരിക്കും. പക്ഷേ,
അതിനെ അതിജീവിക്കാനുള്ള ടീമും കളിക്കാരും അര്ജന്റീനയ്ക്കുണ്ടെന്നും
ഡീഗോ കൂട്ടിച്ചേര്‍ത്തു. മെക്സിക്കന്‍ കോച്ച് ഹാവിയര്‍ അഗ്വിറെയോടുള്ള
ബഹുമാനവും അദ്ദേഹം മറച്ചുവച്ചില്ല. അത്ലറ്റിക്കോ മാഡ്രിഡില്‍
അഗ്വിറെയ്ക്കു കീഴില്‍ കളിക്കുന്ന സെര്‍ജിയോ അഗ്വെറോ, മാക്സി റോഡ്രിഗസ്
എന്നിവരുമായി താന്‍ പ്രത്യേകം ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മറഡോണ
പറഞ്ഞു.
യോഗ്യതാ റൗണ്ടിന്റെ സമയത്ത് നാട്ടില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്,
എന്റെ കോച്ചിങ് രീതികളില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ്. ബൊളീവിയയോട്
1-6നു തോറ്റപ്പോള്‍ എല്ലാം കഴിഞ്ഞു എന്നവര്‍ പറഞ്ഞു.
അന്നെഴുതിയതിനൊക്കെ മാധ്യമങ്ങള്‍ ഇന്നു മാപ്പു പറയണം. അവര്‍ കളിക്കാരെ
ബഹുമാനിക്കാന്‍ പഠിക്കണം. പക്ഷേ, ഇപ്പോഴും മറ്റുള്ളവരെ ഫേവറിറ്റുകളായി
കാണാനാണ് എനിക്കിഷ്ടം. ഞങ്ങള്‍ പൊരുതാനാണു വന്നിരിക്കുന്നത്- മറഡോണ
വ്യക്തമാക്കി