ബോളിവുഡിലെ ഏതെങ്കിലുമൊരു അഭിനേതാവ് ഹോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നതൊക്കെ വന്‍ വാര്‍ത്തയാണ്. എന്നാല്‍ ഇത്തവണ ഏതെങ്കിലുമൊരു നടനെയോ നടിയെയോ അല്ല, ഒരു സിനിമ അപ്പാടെ ഹോളിവുഡിലേക്കു റീമേക്ക് ചെയ്യുന്നു ബോളിവുഡ്. ലാഹോര്‍ എന്ന ചിത്രം റീമേക്ക് ചെയ്യണമെന്ന ആഗ്രഹവുമായി ഒരു മേജര്‍ ഹോളിവുഡ് സ്റ്റുഡിയോ എത്തിയിരിക്കുന്നു. ത്രീ ഹണ്ട്രഡ്, എവരിബഡീസ് ഫൈന്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ഹോളിവുഡ് ഗ്യാങ് സ്റ്റുഡിയോയാണു ലാഹോറിന്റെ റീമേക്ക് അവകാശങ്ങള്‍ നല്കണമെന്നാവശ്യപ്പെട്ടു സിനിമയുടെ അണിയറ പ്രവര്‍ത്തകരെ സമീപിച്ചിരിക്കുന്നത്. ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്കൊരു പുനരവതരണം ഇതാദ്യം.
ഹോളിവുഡ് ഗ്യാങ് പ്രൊഡക്ഷന്‍ ഹൗസിന്റെ ഡവലപ്പ്മെന്റ് ഡയറക്റ്റര്‍ സ്കോട്ട് കാറാണു ലാഹോറിന്റെ സംവിധായകന് സഞ്ജയ് പുരാന് സിങ് ചൗഹാന്റെ അടുത്തെത്തിയത്. ഇതൊരു അംഗീകാരമാണെന്നു സംവിധായകന്. ഹോളിവുഡ് നടന്മാരെയും അണിയറപ്രവര്‍ത്തകരെയും സഹകരിപ്പിച്ച്, ചൗഹാന് തന്നെ ചിത്രം സംവിധാനം ചെയ്യാനുള്ള സാധ്യതയുമുണ്ട്. ഒറിജിനല്‍ സ്ക്രിപ്റ്റില്‍ യാതൊരു മാറ്റവുമുണ്ടാകില്ല. അണിയറപ്രവര്‍ത്തകരായി ഹോളിവുഡിലെ പ്രശസ്തരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ബാക്ഗ്രൗണ്ട് മ്യൂസിക് ചെയ്യാന്‍ വെയ്ന്‍ ഷാര്‍പ്പ്, ആക്ഷന്‍ ഡയറക്റ്റര്‍ ടോണി ല്യൂങ്, അവതാര്‍ വോക്കലിസ്റ്റ് ലിസ്ബെത്ത് സ്കോട്ട്, സ്പോട്സ് കണ്‍സള്‍ന്റായി റോബ് മില്ലറും....
കഴിഞ്ഞമാസം റിലീസ് ചെയ്ത ലാഹോര്‍ നിരവധി ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു. സായ് ഓം ഫിലിം പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിച്ച ചിത്രം റിലീസ് ചെയ്തതു വാര്‍ണര്‍ ബ്രദേഴ്സ്. കിക്ബോക്സറായിരുന്ന സഹോദരന്റെ മരണത്തില്‍ പകവീട്ടാനൊരുങ്ങുന്ന വീരേന്ദര്‍ സിങ്ങിന്റെ കഥയായിരുന്നു ലാഹോര്‍.