മുന്‍ ജര്‍മന്‍ ഗോള്‍ കീപ്പര്‍ യെന്‍സ് ലെഹ്മാന് വിരമിച്ചു. ഇരുപത്തിരണ്ട് വര്‍ഷത്തെ കരിയറിന് ശേഷമാണ് നാല്പതുകാരനായ ലെഹ്മാന് വിരമിക്കുന്നത്. സ്റ്റുട്ട്ഗര്‍ട്ട് ഫുട്ബോള്‍ ക്ലബിലെ താരവുമായിരുന്ന ലെഹ്മാന് ലീഗിലെ അവസാന മത്സരത്തിന് ശേഷമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഹൊഫെന്ഹീമുമായി നടന്ന അവസാന മത്സരത്തില്‍ സ്റ്റുട്ട്ഗര്‍ട്ട് 1-1ന് സമനില നേടി.
2003 മുതല്‍ 2008 വരെ ആര്‍സണലിന്റെ താരമായിരുന്നു ലെഹ്മാന്. 1988ല്‍ പ്രൊഫഷണല്‍ കരിയറിന് തുടക്കമിട്ട ലെഹ്മാന്റെ നേട്ടത്തില്‍ തന്റെ ക്ലബിന് വേണ്ടി 1997 ല്‍ യുവേഫ കപ്പ് കൂടി നേടിയിരുന്നു. 1998 ലാണ് ജര്‍മന്‍ ദേശീയ ടീമിന് വേണ്ടി ലെഹ്മാന് ബൂട്ടണിഞ്ഞത്. പത്ത് വര്‍ഷം നീണ്ട കരിയറില്‍ 61തവണ അദ്ദേഹം ജര്‍മന്‍ ജഴ്സി അണിഞ്ഞു. യൂറോ 2008 ഫൈനലില്‍ സ്പെയിനിനോട് പരാജയപ്പെട്ട കളിയിലായിരുന്നു ലെഹ്മാന് അവസാനമായി ജര്‍മനിയുടെ ഗോള്‍വലയം കാത്തത്.
2008 ലാണ് ലെഹ്മാന് ആര്‍സണല്‍ വിട്ട് ജര്‍മന്‍ ക്ലബ്ബായ സ്റ്റുട്ട്ഗര്ട്ടിലെത്തിയത്. പ്രതിഭയുണ്ടായിരുന്നെങ്കിലും വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ പോയ താരമായിരുന്നു ലെഹ്മാന്. ജര്‍മന്‍ ടീമില്‍ ലെഹ്മാന് ഉണ്ടായിരിന്നു എങ്കിലും ഒലിവര്‍ ഖാന് തന്നെയായിരുന്നു ജര്‍മന്‍ കോച്ചിന്റെ വിശ്വസ്തനായ കാവല്ക്കാരന്.
കഴിഞ്ഞ ലോകകപ്പില്‍ പ്രധാന ഗോളിയായി ജര്‍മനി നിശ്ചയിച്ചത് ലെഹ്മാനെയായിരുന്നു. രാജ്യം തന്നിലര്‍പ്പിച്ച വിശ്വാസത്തൊട് ലെഹ്മാന് നൂറ് ശതമാനം കൂറുപുലര്‍ത്തുകയും ചെയ്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയുടെ രണ്ട് പെനാല്‍ട്ടി ഷൂട്ടുകള്‍ തടുത്തിട്ട ലെഹ്മാന്റെ പ്രകടനം ഫുട്ബോള്‍ ആരാധകര്‍ ഒരിക്കലും മറക്കില്ലെന്നുറപ്പാണ്.
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ആദ്യമായി റെഡ് കാര്‍ഡ് കണ്ട താരം കൂടിയാണ് ലെഹ്മാന്. 2006 ല്‍ ബാര്‍സിലോണ-ആര്‍സണല്‍ കിരീടപ്പോരാട്ടത്തില്‍ സ്ട്രൈക്കര്‍ സാമുവല്‍ എറ്റുവിനെ ഫൌള് ചെയ്തതിനായിരുന്നു ചുവപ്പുകാര്‍ഡ് കണ്ട് പുറത്താകേണ്ടി വന്നത്