ഹോളിവുഡിലെ അതികായന് മാര്ട്ടിന് സ്കോര്‍സീസ് തന്റെ അടുത്ത ചിത്രത്തില്‍ ഇന്ത്യന്‍ സുന്ദരി ഐശ്വര്യ റായിയെ നായികയാക്കുന്നു. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം കാനില്‍ ഇരുവരും കൂടിക്കാഴ്ച നടത്തി.
ആഷിനെ തന്റെ ചിത്രത്തില്‍ നായികയാക്കണമെന്ന് സ്കോര്‍സീസ് ആഗ്രഹം പ്രകടിപ്പിച്ചിട്ട് ഏറെക്കാലമായി. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ‘ദേവദാസ്’ കണ്ടതുമുതലാണ് സ്കോര്‍സീസിനെ കടുത്ത ‘ആഷ് പ്രേമം’ ബാധിച്ചത്. കാനില്‍ വച്ചു കണ്ടപ്പോള്‍ ഒന്നിക്കേണ്ട പ്രൊജക്ടിനെക്കുറിച്ച് അദ്ദേഹം ആഷിനെ ധരിപ്പിച്ചു. സ്കോര്സീസിനൊപ്പം ഐശ്വര്യ ഡിന്നര്‍ കഴിക്കുകയും ചെയ്തു.
ഉദയ് ശങ്കറിന്റെ ക്ലാസിക് ബാലേയായ ‘കല്‍പ്പന’ സിനിമയാക്കാന്‍ മാര്ട്ടിന് സ്കോര്‍സീസ് ശ്രമിക്കുന്നുണ്ട്. ഈ സിനിമയിലെ കേന്ദ്ര കഥാപാത്രമായാകും ഐശ്വര്യ റായ് എത്തുകയെന്ന് സൂചനയുണ്ട്.
ഷട്ടര്‍ ഐലന്‍ഡ്, ദി ഡിപ്പാര്‍ട്ടഡ്, ദി ഏവിയേറ്റര്‍, ഗാങ്സ് ഓഫ് ന്യൂയോര്‍ക്ക്, കാസിനോ, ദി ഏജ് ഓഫ് ഇന്നസെന്‍സ്, കേപ് ഫിയര്‍, ദി ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്, ദി കിംഗ് ഓഫ് കോമഡി, ടാക്സി ഡ്രൈവര്‍, റേഗിംഗ് ബുള്‍ തുടങ്ങിയ വമ്പന്‍ ചിത്രങ്ങളുടെ സംവിധായകനാണ് മാര്ട്ടിന് സ്കോര്‍സീസ്. മികച്ച സംവിധായകനുള്ള ഓസ്കര് ഉള്‍പ്പടെ ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്