ഏഷ്യന്‍ കരുത്തിന്
മുന്നില്‍
വിറച്ചുപോയ ലാറ്റിനമേരിക്കന്‍ പോരാളികള്‍ക്ക് നിറം മങ്ങിയ ജയം. അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീല്‍ ഒന്നിനെതിരെ
രണ്ട് ഗോളുകള്‍ക്കാണ് ഉത്തരകൊറിയയെ
തോല്‍പ്പിച്ചത്.
കളിയിലുടനീളം മികച്ച മുന്നേറ്റം നടത്തിയ കൊറിയയ്ക്ക്
മുന്നില്‍ ബ്രസീല്‍ തളര്‍ന്നു. ഗോള്‍രഹിതമായ
ആദ്യ പകുതിക്കു ശേഷം അമ്പത്തിയഞ്ചാം മിനുറ്റില്‍ മൈക്കോണും എഴുപത്തിരണ്ടാം മിനുറ്റില്‍ എലാനോയുമാണ്
ബ്രസീലിന് വേണ്ടി ഗോള്‍ നേടിയത്. കളി
തീരാന്‍ ഒരു മിനിറ്റു ബാക്കി നില്‍ക്കെ ബ്രസീലിനെ അത്ഭുതപ്പെടുത്തി കൊണ്ട് ജിന്‍ യുന്‍ നാം ഉത്തരകൊറിയക്കു വേണ്ടി
ഗോള്‍ മടക്കി.
മറ്റു രണ്ട് മത്സരങ്ങളും സമനിലയിലായി. പോര്‍ച്ചുഗലിനെ
ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടി
ഐവറികോസ്റ്റ് ആഫ്രിക്കന്‍ കരുത്തുകാട്ടി. ഇഞ്ചുറി ടൈമിലെ ഗോളില്‍ ന്യൂസീലന്‍ഡ് സ്ലോവാക്യയെയും സമനിലയില്‍
തളച്ചു.
പ്രമുഖ താരങ്ങള്‍ അണിനിരന്ന ഐവറി കോസ്റ്റ്, പോര്‍ച്ചുഗല്‍ മത്സരം മികച്ചതായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ
നയിച്ച പോര്‍ച്ചുഗലിനെ സമനിലയില്‍
പിടിക്കാന്‍ ദ്രോഗ്ബയുടെ ടീമിനായി. നായകന് ദിദിയര്‍ ദ്രോഗ്ബ കളിതീരാന്‍ മിനുറ്റുകള്‍ ബാക്കിയിരിക്കെയാണ്
കളിക്കാനിറങ്ങിയത്.
ലോകകപ്പില്‍ ആദ്യം കളിക്കുന്ന സ്ലോവാക്യയും ന്യൂസീലന്‍ഡുമായുള്ള
മത്സരവും സമനിലയിലായി. റോബര്‍ട്ട്
വിറ്റേക് അമ്പതാം മിനുറ്റില്‍ നേടിയ ഗോളില്‍ സ്ലൊവേക്യയാണ് ആദ്യം ലീഡ് നേടിയത്. അവസാന നിമിഷത്തില്‍ വിന്സറ്റണ്
റീഡ് നേടിയ ഗോളിനാണ് ന്യൂസീലന്‍ഡ്
സമനില പിടിച്ചത്.