റസ്റ്റന്ബര്ഗ്ജയിച്ചത് ഉറുഗ്വെ. എങ്കിലും മെക്സിക്കന്‍ ആരാധകരുടെ മുഖത്തു പുഞ്ചിരി.
റോയല്‍ ബൊഫോക്കങ്ങില് മുന്‍ ലോകചാംപ്യന്മാര്ക്കു മുന്നില്‍
മെക്സിക്കോ തോറ്റത് എതിരില്ലാത്ത ഒരു ഗോളിന്. പക്ഷേ, ഗോള്‍
ശരാശരിയില്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് നാലു പോയിന്റുമായി
ഉറുഗ്വെയ്ക്കൊപ്പം അവരും ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍; ഗ്രൂപ്പ്
എയില്‍നിന്ന്. ലൂയിസ് സുവാരസ് ഉറുഗ്വൈന് സ്കോറര്‍.
നിര്‍ണായക മത്സരത്തില്‍ ഇരു ടീമുകളും പതിഞ്ഞ തുടക്കമാണിട്ടത്. പിന്നീടു
കളിക്കു ജീവന് പകര്‍ന്ന അവര്‍ കാണികളെ ബോറടിപ്പിച്ചില്ല. ആറാം
മിനിറ്റില്‍ ഉറുഗ്വെയ്ക്ക് ആദ്യ ചാന്‍സ്. അല്‍വാരോ പെരേരയുടെ ഫ്രീകിക്ക്
പുറത്തേക്ക്. ബ്ലാങ്കോയുടെയും സാല്സിഡോയുടെയും നീക്കങ്ങളിലൂടെ
മെക്സിക്കോയും സമാനദൃശ്യങ്ങള്‍ സൃഷ്ടിച്ചു. പത്താം മിനിറ്റില്‍
കാര്‍ലോസ് സാല്‍സിഡോ ഉറുഗ്വൈന് ബോക്സില്‍ കയറിയെങ്കിലും
ലാറ്റിനമേരിക്കന്‍ പ്രതിരോധം കുലങ്ങിയില്ല. ഡോ സാന്റോസിന്റെ
ചലനങ്ങളും ഉറുഗ്വൈയ്ക്കു തലവേദന സൃഷ്ടിച്ചു.
ഡീഗോ ഫോര്ലാന് തന്നെയായിരുന്നു ഉറുഗ്വൈന് നീക്കങ്ങളുടെ അമരക്കാരന്.
ഗോള്‍ പിറന്നതും ഫോര്‍ലാന്റെ നീക്കത്തില്‍ നിന്ന്. 44ാം മിനിറ്റില്‍
ഫോര്‍ലാന്റെ ക്രോസ് ബോക്സിനകത്തെത്തുമ്പോള് സുവാരസിനു തലവയ്ക്കേണ്ട
ആവശ്യമേ ഉണ്ടായിരുന്നുള്ളൂ.
രണ്ടാം പകുതിയിലും തുല്യശക്തികളുടെ പോരാട്ടം. തുടക്കത്തില്‍ ഡീഗോ
ഫോര്‍ലാന്റെ ഫ്രീ കിക്കിലൂടെ ഉറുഗ്വെ ലീഡുയര്ത്തിയേനെ. എന്നാല്‍, ഡീഗോ
ലുഗാനോയുടെ ശ്രമം മെക്സിക്കന്‍ ഗോളി ഓസ്കാര്‍ പെരസ് വിഫലമാക്കി.
പകരക്കാരന് ജാവിയര്‍ ഹെര്‍ണാണ്ടസും സാന്റോസും ബെരേരയുമൊക്കെ
ഉണര്‍ന്നുകളിച്ചപ്പോള്‍ മെക്സിക്കന്‍ തിരമാലകള്‍ക്കും കരുത്തുകൂടി. അവസാന
നിമിഷങ്ങളില്‍ ഒപ്പമെത്താനുള്ള ശ്രമം മെക്സിക്കോ ഊര്‍ജിതമാക്കിയെങ്കിലും
അഞ്ചു പ്രതിരോധ ഭടന്മാരെയിറക്കി ഉറുഗ്വെ കോട്ടകാത്തു