പ്രായം കൂടുംതോറും യുവാക്കളായി അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പൊതുവേ മിക്ക നടന്മാരും. നാല്‍പ്പത് കടന്നാലും കോളെജ് കുമാരന്മാരുടെ റോളുകള്‍ ചെയ്യുന്ന രീതി പക്ഷേ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ഇഷ്ടമല്ലത്രേ.
സ്വന്തം പ്രായം വിളിച്ചുപറയാന്‍ മടികാണിക്കാറില്ലാത്ത സല്‍മാന്‍ പയ്യന്‍സിന്റെ വേഷം ചെയ്യാനുള്ള ഓഫര്‍ നിരസിച്ചു. അഹ്മദ് ഖാന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന അഭിഷേക് ദോഗ്രയാണ് സല്‍മാന് ഒരു പയ്യന്‍ വേഷം വച്ചുനീട്ടിയത്.
എന്നാല്‍ തീര്‍ത്തും എളിമയോടെ ആ ക്ഷണം സല്‍മാന്‍ നിരസിച്ചു. സല്‍മാന്റെ വീട്ടിലെത്തിയ അഭിഷേക് ഒന്നരമണിക്കൂര്‍ സമയമെടുത്ത് തന്റെ ചിത്രത്തിന്റെ കഥ പറഞ്ഞു. കഥയെല്ലാം കേട്ടുകഴിഞ്ഞ സല്‍മാന്‍ പറഞ്ഞതെന്താണെന്നല്ലേ, ഈ വേഷത്തിലേയ്ക്ക് ഒരു നല്ല യുവനടനെ തിരഞ്ഞെടുക്കൂ എന്ന്.
എന്നാല്‍ കാര്യം ഇങ്ങനെയല്ലെന്നും ചിത്രത്തില്‍ തുല്യ പ്രാധാന്യമുള്ള മൂന്ന് കഥാപാത്രങ്ങളുണ്ടെന്നും മറ്റ് മുന്‍നിരതാരങ്ങളുടെ കൂടെ അഭിനയിക്കാന്‍ ഇഷ്ടമില്ലാത്തതിനാലാണ് സല്‍മാന്‍ ക്ഷണം നിരസിച്ചതെന്നുമാണ് ബോളിവുഡിലെ പിന്നാമ്പുറ കഥകള്‍.
എന്തായാലും കഥതന്നെ പറഞ്ഞുകേള്‍പ്പിച്ച അഭിഷേകിന് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് സല്‍മാന്‍ അദ്ദേഹത്തെ തിരിച്ചയച്ചത്. തിരക്കഥയുടെ അവസാനഭാഗം മാറ്റിയെഴുതിയാല്‍ നന്നായിരിക്കുമെന്ന് സല്‍മാന്‍ നിര്‍ദ്ദേശിച്ചപ്പോല്‍ അത് അഭിഷേകിന് സന്തോഷമാവുകയും ചെയ്തു.
എന്തായാലും ഇത്തവണ സല്‍മാനെ പയ്യന്‍സ് ആക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഭാവിയില്‍ എന്നെങ്കിലും സല്‍മാനെ നായകനാക്കി തനിക്ക് ചിത്രമെടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണത്രേ അഭിഷേക്