Written By Lasar (from sinima notice)
നാലാം നൂറ്റാണ്ടിന്റെ അവസാനവും അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യവുമായി റോമന്‍ ഈജിപ്തില്‍ ആണ് ഈ സിനിമയുടെ കഥ നടക്കുന്നത്. അക്കാലത്ത് അലക്സാണ്ട്രിയയില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ഫിലോസഫറും ഗണിതശാസ്ത്രജ്ഞയും ജ്യോതിഷശാസ്ത്രജ്ഞയും ഒക്കെ ആയിരുന്ന ഹെയ്പെഷ്യ എന്ന സ്ത്രീ അവരുടെ ജീവിതത്തിന്റെ ചലനാത്മകത കൊണ്ട് തുടര്‍കാലങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ബൌദ്ധികമായ അനിതസാധാരണത്വം കാണിക്കുന്ന സ്ത്രീകള്‍ കലാകാരന്മാരുടെ ഒബ്സെഷന്‍ ആണ്. ലോകത്തിലെ അറിയപ്പെടുന്ന ആദ്യത്തെ ബുദ്ധിജീവിയായ സ്ത്രീയും, അതിന്റെ പേരില്‍ ക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്ത ഹെയ്പെഷ്യയുടെ ജീവിതം പലതരത്തില്‍ പല കാലങ്ങളില്‍ വൈവിധ്യങ്ങളോടെ പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങ് കേരളത്തില്‍ ഈയടുത്ത കാലത്ത് പ്രസിദ്ധീകരിക്കപെട്ട 'ഫ്രാന്‍സിസ് ഇട്ടികോര' എന്ന നോവലിലും ഈ ചരിത്രകഥാപാത്രം കടന്നു വരുന്നുണ്ട്.
തുടക്കകാലങ്ങളില്‍ അനുഭവിച്ചു വന്ന വലിയ പീഡനങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരണങ്ങള്‍ക്കും ശേഷം ക്രിസ്തുസഭ സംഘടിതമായ രൂപങ്ങളിലേക്കു കൂടുതല്‍ കൂടുതല്‍ ശക്തിപ്രാപിച്ചു വന്നിരുന്ന കാലത്താണ് ഹെയ്പെഷ്യ ജീവിച്ചിരുന്നത്. ജനനം കൊണ്ട് അവര്‍ പേഗന്‍ ആയിരുന്നു. പക്ഷെ ഈ സിനിമയിലെ തന്നെ ഒരു ഭാഗത്ത്, പല തരത്തിലുള്ള വിശ്വാസികള്‍ ഒത്തുകൂടിയ ഒരു ജനസഭയില്‍ അവരെ 'ഒന്നിലും വിശ്വസിക്കാത്ത സ്ത്രീ' എന്ന് വിശേഷിപ്പിക്കുമ്പോള്‍ 'ഞാന്‍ ഫിലോസഫിയില്‍ വിശ്വസിക്കുന്നു' എന്നവര്‍ വ്യക്തമാക്കുന്നുണ്ട്. മറ്റൊരു ഭാഗത്ത് തന്റെ ശിഷ്യന്‍ ആയിരുന്ന, പില്‍കാലത്ത് ക്രിസ്തുസഭയില്‍ ബിഷപ്പായ സൈനെഷ്യസ് അവരെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ ആണെങ്കില്‍ പോലും ക്രൈസ്തവവിശ്വാസത്തിനു അടിയറവു പറയാന്‍ നിര്‍ബന്ധിക്കുമ്പോള്‍ 'വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ കഴിയാത്തതാണ് നിന്റെ കുഴപ്പം' എന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കികൊണ്ടാണ് അവര്‍ മരണത്തിലേക്ക് പോകുന്നത്.
ക്രിസ്തുസഭയുടെ വളര്‍ച്ച എക്കാലത്തും രക്തരൂക്ഷിതമായിരുന്നു. Samuel Huntington 'സംസ്കാരങ്ങളുടെ സംഘര്‍ഷം' എന്ന പരികല്‍പ്പന/ആശയം പ്രദാനം ചെയ്തു അധികനാള് കഴിയുന്നതിനു മുന്‍പ് തന്നെ രണ്ടു മതസംസ്കൃതികളുടെ ചേരിതിരിവ് ലോകത്തെ ആകമാനം ഉള്‍പ്പെടുത്തി കൊണ്ട് തീവ്രവാദത്തിന് എതിരായ യുദ്ധം എന്ന നിലയ്ക്ക് ഉരുത്തിരിഞ്ഞു വരുന്നത് നമ്മള്‍ കാണുന്നുണ്ട്. ഇതിന്റെ ഒരു ഭാഗത്തെ നയിക്കുന്നത്, പഴയ പോലെ കുരിശ് വാളായി പിടിച്ചിട്ടല്ലെങ്കിലും, ക്രിസ്ത്യന്‍ എത്തിക്സും ഈസ്തെറ്റിക്സും ആണ്, ഇന്നും. ഹെയ്പെഷ്യ ജീവിച്ച കാലവുമായി അതിനുള്ള വത്യാസം, ഗ്രീക്ക് പേഗന്‍ സംസ്ക്കാരം യുക്തിയെയും അറിവിനെയും കലകളെയും ഒക്കെ പ്രതിനിധീകരിച്ചപ്പോള്‍ ക്രിസ്ത്യന്‍ സംസ്കൃതി പ്രാകൃതമായ, ഏകമാനമായ ഒരു വിശ്വാസത്തിന്റെ രക്തംപുരണ്ട ചാലകശക്തിയായി എന്നതാണ്. ഇന്ന് അഫ്ഗാനിസ്ഥാനിലെ ബുദ്ധപ്രതിമകള്‍ താലിബാന്‍ തകര്‍ക്കുമ്പോള്‍ മദ്ധ്യകാലത്തിനും അതിനു മുന്‍പും നിലനിന്ന ക്രിസ്തുസഭയെ ഓര്‍മ്മ വരാതിരിക്കില്ല, ചരിത്രകുതുകികള്‍ക്ക്. ആ നിലയ്ക്കുള്ള ചരിത്ര സംബന്ധിയായ രൂക്ഷതകള്‍ ഉള്ളത് കൊണ്ടാവും, കത്തോലിക്കാ സഭയുടെ എതിര്‍പ്പ് കൊണ്ട് ഈ സിനിമക്ക് ഇറ്റലിയില്‍ വിതരണക്കാരെ കിട്ടാതിരുന്നത്.
ചരിത്രത്തെ ദൃശ്യവല്‍ക്കരിക്കുന്ന ഒരു ഹോളിവുഡ് ചിത്രം നല്‍കുന്ന ചില കാഴ്ച്ചകളുടെയും ആശയത്തിന്റെയും കൌതുകത്തിനപ്പുറം ഈ സിനിമക്ക് പക്ഷെ മേന്മ ഒന്നും അവകാശപെടാന്‍ ഇല്ല. ഹെയ്പെഷ്യയും, അവരോടു അഭിനിവേശം തോന്നുന്ന ദേവൂസ് എന്ന അടിമയും ആണ് ഈ ചിത്രത്തിന്‍റെ കാതല്‍. ഏതെങ്കിലും തരത്തില്‍, തിരക്കഥ കൊണ്ടോ ചിത്രീകരണം കൊണ്ടോ ആ ബന്ധത്തെ ആഴമുള്ളതോ വൈചിത്ര്യമുള്ളതോ ആക്കാന്‍ സിനിമക്ക് കഴിഞ്ഞിട്ടില്ല. മുഖ്യകഥാപാത്രമായ ഹെയ്പെഷ്യയെ അവതരിപ്പിച്ച റെയ്ച്ചല്‍ വെയ്സ്നെ ഒഴിവാക്കിയാല്‍ മറ്റു നടീനടന്മാര്‍ ആരും തന്നെ നല്ല അഭിനയും കാഴ്ചവയ്ക്കുകയും ചെയ്തിട്ടില്ല. കാനിലെ മത്സര വിഭാഗത്തില്‍ നിന്ന് ഈ സിനിമ തള്ളിപ്പോയതില്‍ അത്ഭുതപ്പെടാന്‍ ഒന്നും ഇല്ല.