Written By Laser from sinima notice
ഇതേ പേരിലുള്ള നോവലിന്റെ കഥയില്‍ നിന്ന് നിര്‍മ്മിച്ചിരിക്കുന്ന 'സൈക്കോളജിക്കല്‍ ത്രില്ലര്‍' അത്രേ ഈ സിനിമ. 1954 ആണ് സിനിമയുടെ കഥാകാലം. ക്രിമിനല്‍ കുറ്റവാസനയുള്ള മാനസികരോഗികളെ താമസിപ്പിച്ചു ചികിത്സിക്കുന്ന ആശുപത്രി സ്ഥിതി ചെയ്യുന്ന ദ്വീപാണ് ഷട്ടര്‍ ഐലന്ഡ്. അവിടെ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്ന ഒരു സ്ത്രീയെ - അവര്‍ തന്റെ മക്കളെ ഒരു തടാകത്തില്‍ മുക്കി കൊന്നവര്‍ ആണ് - കുറിച്ച് അന്വേഷിക്കാന്‍ വരുന്ന Teddy എന്ന പോലിസ് ഉദ്യോഗസ്ഥന്റെ (ലിയനാര്‍ഡോ ഡി-കാപ്രിയോ) ബോട്ട് യാത്രയില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകന്റെയും അന്വേഷണം ഒരു പാട് തലങ്ങളില്‍ കൂടി കടന്നുപോകുന്നു. അതില്‍ പ്രധാനം ആയുള്ളത് teddy വന്നിരിക്കുന്നത് ആ സ്ത്രീയുടെ തിരോധാനം അന്വേഷിക്കാന്‍ മാത്രമല്ല, തന്റെ ഭാര്യയെ കൊന്ന Andrew എന്ന മനോരോഗിയും ഇവിടെ ഉണ്ട് എന്ന അറിവിലാണ്. മറ്റൊന്ന്, ആ ആശുപത്രിയില്‍ നടക്കുന്നത് മനോരോഗചികിത്സ അല്ല, മനുഷ്യരെ ഗിന്നിപിഗ്ഗുകള്‍ ആക്കിയുള്ള ചില പരീക്ഷണങ്ങള്‍ ആണ് എന്നും അയാള്‍ സംശയിക്കുന്നു. ഇത്തരത്തില്‍ സങ്കീര്‍ണമായ ഒരുപാട് ഇടങ്ങളിലൂടെ സഞ്ചരിച്ച് എത്തുമ്പോള്‍, കഥയുടെ അവസാനം കാഴ്ചക്കാരന്‍ അറിയുന്നു, ഇത്രയും സമയം കണ്ടതൊക്കെ നായകന്‍റെ മനോവിഭ്രാന്തികള്‍ മാത്രമായിരുന്നു എന്ന്.
യഥാര്‍ത്ഥത്തില്‍ ചികിത്സയില്‍ കഴിയുന്ന Andrew എന്ന മനോരോഗിയാണ് അയാള്‍. പൂര്‍വ്വകാലത്ത് അയാളുടെ ജീവിതത്തില്‍ സംഭവിച്ച ഒരു ദുരന്തമാണ് അയാളെ ഭ്രാന്തന്‍ ആക്കുന്നത്. അയാളുടെ മനോരോഗിയായ ഭാര്യ മൂന്നു മക്കളെയും തടാകത്തില്‍ മുക്കി കൊല്ലുന്നു. ഇതിനാല്‍ അയാള്‍ ഭാര്യയെ വെടിവച്ച് കൊല്ലുന്നു. ആശുപത്രില്‍ എത്തുന്ന അയാളെ തന്റെ മനോവിഭ്രാന്തികളിലൂടെ സഞ്ചരിക്കാന്‍ വിട്ട് ഭ്രാന്തു മാറ്റിയെടുക്കാന്‍ നോക്കുന്ന ഒരു ചികിത്സാസമ്പ്രദായം ആണ് ഡോക്ടര്‍മാര്‍ അയാളില്‍ പരീക്ഷിക്കുന്നത്. എന്നാല്‍ അത് വിജയിക്കുന്നില്ല എന്നിടത്ത് സിനിമ അവസാനിക്കുന്നു.
സിനിമ മുഴുവന്‍ കണ്ടു തീരുമ്പോള്‍, കണ്ടതൊന്നും യഥാര്‍ത്ഥം ആയിരുന്നില്ല എന്നുവരുന്നതില്‍, അനുവാചകനെ അവഹേളിക്കുന്ന തരത്തിലേക്ക് പോകുന്ന ഒരു അര്‍ത്ഥരാഹിത്യം ഉണ്ട്. ഭ്രാമാത്മകതകളെ അനുവാചക അനുഭവം ആക്കുന്നത് ഇങ്ങിനെ അല്ല തന്നെ. മാത്രവുമല്ല, ഒരു സാധാരണ ഹോളിവൂഡ് ത്രില്ലറിന്റെ അതിരുകള്‍ ഭേദിക്കാന്‍ ഈ സിനിമയിലെ ഒരു ഘടകത്തിനും ആവുന്നും ഇല്ല.