Written By ANT from Urumbukadikal
മരണത്തിനെത്ര ഭാവങ്ങളുണ്ട് ? മരണം വെറും പത്തു മിനിട്ടില്‍ നിങ്ങളെത്തേടിയെത്തുമെങ്കില്‍ നിങ്ങളുടെ ചിന്തകളും പ്രവര്‍ത്തികളും എന്തായിരിക്കാം ? നിങ്ങളുടെ അനാസ്ഥ മറ്റൊരു നിരപരാധിയുടെ മരണത്തിനു കാരണമായെങ്കില്‍ ആ തെറ്റിന്റെ പേരില്‍ നിങ്ങള്‍ മരണശിക്ഷക്ക് അര്‍ഹനാണോ? സ്വന്തം തെറ്റു തിരിച്ചറിയുകയും നിങ്ങളുടെ തെറ്റ് മരണത്തിനര്‍ഹമാണെന്നു ബോധ്യപ്പെടുകയും ചെയ്താല്‍ നിങ്ങള്‍ സ്വമേധയാ മരണത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാവുമോ? അര്‍ഹമായ മരണത്തെ നിങ്ങള്‍ ആത്മധൈര്യത്തോടെ നേരിടുമോ അതോ സകല തെറ്റുകളും ഏറ്റുപറഞ്ഞ് ജീവിതത്തിനു വേണ്ടി കെഞ്ചുമോ?
ചോദ്യങ്ങളെല്ലാം ചോദിക്കുന്നത് നയന്‍ ഡെഡ് എന്ന സിനിമയാണ്.
നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ വളരെ നിസ്സാരമെന്നു തള്ളിക്കളഞ്ഞ നിങ്ങളുടെ തെറ്റുകള്‍, നിങ്ങളുടെ നിരപരാധിത്വം ബോധിപ്പിക്കാനാവാതെ നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ കുറ്റത്തെ മറ്റൊരു നിരപരാധിയില്‍ ചര്‍ത്തുമ്പോള്‍,അത് ഒരു നിരപരാധിയുടെ ജീവന്റെ വിലയെടുക്കുമ്പോള്‍ നിങ്ങള്‍ മരണാര്‍ഹനാണോ? ആണെന്നോ അല്ലെന്നോ പറയുന്നില്ല സിനിമ. പക്ഷേ ഒരായിരം ചോദ്യങ്ങള്‍കൊണ്ട് നിങ്ങളുടെ ഉറക്കം കെടുത്തുകതന്നെയാണ്.
ഉറപ്പാക്കപ്പെട്ട മരണത്തെ, പത്തുമിനിട്ടിനുള്ളില്‍ ഒരു വെടുയുണ്ടയുടെ രൂപത്തില്‍ ഒന്‍പതു പേരില്‍ ഒരാളെ തേടിവരുമെന്നുറപ്പാക്കുമ്പോഴും, നിങ്ങള്‍ ചെയ്തുപോയ മാപ്പര്‍ഹിക്കാത്ത തെറ്റിനെ ഏറ്റുപറയാന്‍ നിങ്ങള്‍ തയ്യാറാവുമോ? തെറ്റുകള്‍ കാഠിന്യം അവയുടെ സാഹചര്യത്തിനൊത്ത് ആപേക്ഷികമാണെങ്കിലും, താരതമ്യേനെ കുറഞ്ഞ ശിക്ഷയര്‍ഹിക്കുന്ന തെറ്റു ചെയ്തവരാകും അതാദ്യം ഏറ്റു പറയുക. മരണം അര്‍ഹിക്കുന്ന, യാതൊരു ദയയും അര്‍ഹിക്കാത്ത തെറ്റാണ് നിങ്ങള്‍ ചെയ്തുകൂട്ടിയതെന്ന് പൂര്‍ണ്ണബോധ്യമുള്ളപ്പോഴും മരണത്തിന്റെ വെടുയുണ്ട നിങ്ങളുടെ നെറ്റി തുളക്കുന്നതുവരെ അതു മറച്ചു പിടിക്കാനാവും പലപ്പോഴും ശ്രമിക്കുക. ക്രൂരനായ വിധിന്യായക്കാരന്‍ നിങ്ങളുടെ ജീവനെടുക്കുമെന്നുറപ്പാക്കിയാന്‍ നിങ്ങള്‍ക്ക് രണ്ടു വഴികളേയുള്ളു. സമസ്താപരാധം ഏറ്റുപറഞ്ഞ് കാലില്‍ വീണ് ജീവനുവേണ്ടി കേഴുക. അതുമല്ലെങ്കില്‍ എന്റെ ജീവനെരക്ഷിക്കാനായി ഞാന്‍ നിന്റെ മുന്‍പില്‍ കേഴുന്നതുകണ്ട് രസിക്കാന്‍ നിന്നെ അനുവദിക്കില്ല എന്നുറക്കെപ്പറഞ്ഞ് ചിരിച്ചുകൊണ്ട് മരിക്കുക.
നിങ്ങള്‍ വലിച്ചെറിഞ്ഞ ഒരു തീക്കൊള്ളി, ആയിരക്കണക്കിനു ബാലികാബാലന്മാരെ ചുട്ടുകൊന്ന ഒരു അഗ്നിയാഗത്തിനു തുടക്കമായെങ്കില്‍, അതൊരു കൈയ്യബദ്ധമായിരുന്നു എന്നു പറഞ്ഞ് ഒഴിയാനാവും നിങ്ങള്‍ ശ്രമിക്കുക. തീവ്ര വികാരങ്ങളുടെ, മനസ്സിനെ മദിക്കുന്ന, നിങ്ങളുടെ ഉറക്കം കെടുത്തുന്ന ആയിരമായിരം ചോദ്യങ്ങള്‍കൊണ്ട് നിങ്ങളെ തീച്ചൂളയിലേക്കു വലിച്ചെറിയാനാണ് ഈ ചിത്രം തിയറ്ററുകളിലേക്കു വരുന്നത്. കണ്ണുകള്‍ തുറന്ന്, കാതുകള്‍ വട്ടം പിടിച്ച്, ശ്രദ്ധാപൂര്‍വ്വം കാണാന്‍, വളരെക്കാലത്തിനു ശേഷം ഇതാ നിങ്ങള്‍ക്കൊരു മനോഹരമായ ചലച്ചിത്രം. നിങ്ങളിനി ഒന്നിനെയും അവഗണിക്കില്ല. ഒരു തെറ്റിനെയും നിസ്സാരവല്‍ക്കരിക്കില്ല. കാരണം, അതൊരുപക്ഷേ മറ്റൊരാളുടെ ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കിയാലോ?
പാട്രിക് വെഗെ മഹോണിയുടെ തിരക്കഥയില്‍ ക്രിസ് ഷാഡ്‌ലി സംവിധാനം ചെയ്ത ഈ ചിത്രം (2010 മര്‍ച് 9) മനോഹരമായ ഒരഭ്രകാവ്യമാണ്.(അവതാറിന്റെ ആരാധകര്‍ ക്ഷമിക്കുക). പത്തു മിനിട്ടിന്റെ ഇടവേളകളില്‍ ഒരാള്‍ വധിക്കപ്പെടുമ്പോള്‍ ടിക്..ടീക്.. എന്നി മിടിക്കുന്ന ക്ലോക്കിന്റെ ശബ്ദം നിങ്ങളുടെ ഹൃദയതാളെത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാക്കുന്നുവെങ്കില്‍ സിനിമയുടെ സംഗീത സംവിധായകന്‍ ഡാനി ലക്സിനോട് നന്ദി പറയാം.
സിനിമയെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളോട്, ഈ ചിത്രം കഴിയുമെങ്കില്‍ തിയറ്ററില്‍ ചെന്ന് കാണുക. ഒരിക്കലും നിങ്ങളുടെ പണം നഷ്ടപ്പെട്ടു എന്നതോന്നലുണ്ടാവില്ല. മാത്രമല്ല, നിങ്ങള്‍ ചിലവാക്കിയ പണം അര്‍ഹിക്കുന്നുണ്ട് ഈ സിനിമ.
സമീപഭാവിയില്‍ ഓസ്കാറിന്റെയോ കാനിന്റെയോ പുരസ്കാര വേളയില്‍ മെലീസ ജോന്‍ ഹര്‍ട്ട് എന്ന പേര് മികച്ച നടിയായി തിരങ്ങെടുക്കപ്പെടുന്നുവെങ്കില്‍ ഓര്‍ക്കുക, അവരത് അര്‍ഹിക്കുന്നുണ്ട്.