മലയാള സിനിമയിലെ ഇതിഹാസമായ ‘പഴശ്ശിരാജ’ കൊടും വനത്തിനുള്ളിലെ പോരാട്ടങ്ങളുടെയും ഒളിയുദ്ധങ്ങളുടെയും സിനിമയായിരുന്നു. വനസൌന്ദര്യവും നിഗൂഢതയും ചേര്‍ന്ന ക്ലാസിക്കായി പഴശ്ശിരാജ മാറി. എന്നാല്‍ പഴശ്ശിരാജയുടെ എത്രയോ ഇരട്ടി സാങ്കേതികത്തികവില്‍ മറ്റൊരു ‘ഫോറസ്റ്റ് മൂവി’ ഹോളിവുഡില്‍ നിന്ന് എത്തുകയാണ് - റോബിന്‍ഹുഡ്!
വനത്തിനുള്ളിലെ പടയും പോരാട്ടവുമാണ് ഈ ചിത്രത്തിന്‍റെയും ഹൈലൈറ്റ്. മേയ് 14ന് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും. ഹിറ്റ്‌മേക്കര്‍ റിഡ്‌ലി സ്കോട്ട് സംവിധാനം ചെയ്യുന്ന റോബിന്‍ഹുഡില്‍ സൂപ്പര്‍സ്റ്റാര്‍ റസല്‍ ക്രോ ആണ് നായകന്‍.
റിച്ചാര്‍ഡ് രാജാവിന്‍റെ സേനയിലെ ഏറ്റവും മികച്ച അമ്പെയ്ത്തുകാരനാണ് റോബിന്‍ഹുഡ്. രാജാവ് മരിച്ചശേഷം അയാള്‍ നോട്ടിങ്‌ഹാമിലെത്തുന്നു. സ്വേച്ഛാധിപതിയായ ഷെരിഫിനെതിരെ വനത്തിനുള്ളില്‍ ഒരു സേനയ്ക്ക് രൂപം നല്‍കുന്നു. പിന്നീട് സായുധസമരമാണ്. ത്രസിപ്പിക്കുന്ന പോരാട്ടം
ഒട്ടേറെത്തവണ ഹോളിവുഡ് പറഞ്ഞ കഥയാണ് റോബിന്‍ഹുഡിന്‍റേത്. അഴിമതിക്കാരായ ഭരണാധിപന്‍മാര്‍ക്കെതിരെ ആയുധമെടുക്കുന്നവനാണ് എന്നും റോബിന്‍ഹുഡ്. അയാളെ ചിലര്‍ കൊള്ളക്കാരനെന്നു വിലയിരുത്തുന്നു. മറ്റുചിലര്‍ക്ക് അയാള്‍ വീരനായകനാണ്. പക്ഷേ, എന്നും എപ്പോഴും നന്മയുടെ ഭാഗത്തായിരുന്നു റോബിന്‍ഹുഡ്.ഓസ്കര്‍ ജേതാവായ കേറ്റ് ബ്ലാങ്കെറ്റ് ആണ് പുതിയ റോബിന്‍ഹുഡിലെ നായിക. മാക്സ് വോണ്‍ സിഡോ, വില്യം ഹര്‍ട്ട്, മാര്‍ക് സ്ട്രോംഗ് തുടങ്ങിയവരും അഭിനേതാക്കളാണ്. റിഡ്‌ലി സ്കോട്ടിന്‍റെ തന്നെ ഗ്ലാഡിയേറ്റര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റസല്‍ ക്രോവിന് ഓസ്കര്‍ ലഭിച്ചത്.
ഏലിയന്‍, ബ്ലേഡ് റണ്ണര്‍, ലെജന്‍ഡ്, സംവണ്‍ ടു വാച്ച് ഓവര്‍ മീ, ബ്ലാക്ക് റെയ്ന്‍, വൈറ്റ് സ്ക്വാള്‍, ഗ്ലാഡിയേറ്റര്‍, ഹാനിബാള്‍, മാച്ച്‌സ്റ്റിക് മെന്‍, കിംഗ്‌ഡം ഓഫ് ഹെവന്‍, എ ഗുഡ് ഇയര്‍, ബോഡി ഓഫ് ലൈസ് തുടങ്ങിയവയാണ് റിഡ്‌ലി സ്കോട്ട് സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍