ട്വന്റി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ന്യൂസിലന്‍ഡിന് ത്രസിപ്പിക്കുന്ന വിജയം. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ലങ്കന്‍ സിംഹങ്ങളെ രണ്ട് വിക്കറ്റിന് കീഴടക്കി കീവി പക്ഷികള്‍ ആദ്യ വിജയം സ്വന്തമാക്കിയപ്പോള്‍ ചെറു മീനുകളായ അയര്‍ലന്‍ഡിനെ ആധികാരികമായി തോല്‍പ്പിച്ചാണ് ആതിഥേയരായ വിന്‍ഡീസ് വിജയം നുകര്‍ന്നത്.
ആദ്യ മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റു ചെയ്‌ത ശ്രീലങ്ക 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടിയപ്പോള്‍ നഥാന്‍ മക്കല്ലത്തിന്റെ തകര്‍പ്പനടികളുടെ തിളക്കത്തില്‍ ഒരു പന്തു ബാക്കി നില്‍ക്കെ നഷ്ടത്തില്‍ കീവീസ് വിജയം സ്വന്തമാക്കി. സ്കോര്‍: ന്യൂസിലന്‍ഡ് 19.5 ഓവറില്‍ എട്ടിന് 139. ജയിക്കാന്‍ മലിംഗ എറിഞ്ഞ അവസാന ഓവറില്‍ കീവീസിന് ജയിക്കാന്‍ പത്തു റണ്‍സായിരുന്നു വേണ്ടിയിരുന്നത്. നഥാന്‍ മക്കല്ലവും ക്യാപ്റ്റന്‍ വെട്ടോറിയും ക്രീസില്‍.
മലിംഗയുടെ ആദ്യപന്തില്‍ മക്കല്ലം ഒരു റണ്‍ എടുത്തു. രണ്ടാം പന്തില്‍ ബൈ, ഒരു റണ്‍. മൂന്നാം പന്തില്‍ മക്കല്ലം മലിംഗയെ ബൗണ്ടത്തി. മൂന്നു പന്തില്‍ ജയിക്കാന്‍ നാലു റണ്‍സ്. പക്ഷേ നാലാം പന്തില്‍ വെട്ടോറി വീണു. മക്കല്ലം ലോങ്ങ് ഓണിലേക്കു നീട്ടിയടിച്ച പന്തില്‍ രണ്ടാം റണ്‍സിനു ശ്രമിച്ച വെട്ടോറി റണ്ണൌട്ട്. ജയിക്കാന്‍ രണ്ടു പന്തില്‍ മൂന്നു റണ്‍സ്. അഞ്ചാം പന്ത് അതിര്‍ത്തി മുകളിലൂടെ പറത്തി മക്കല്ലം കീവികളുടെ വീരനായകനായി. ശ്രീലങ്കയ്ക്കായി 51 പന്തില്‍ 8 ഫോറും രണ്ടു സിക്സുമായി 81 റണ്‍സ് നേടിയ ജയവര്‍ധനെ മാത്രമെ തിളങ്ങിയുള്ളു.
രണ്ടാം മല്‍സരത്തില്‍ അയര്‍ലണ്ടിനെതിരെ 70 റണ്‍സിനായിരുന്നു ആതിഥേയരായ വിന്‍ഡീസ് വിജയമാഘോഷിച്ചത്. ഡാരന്‍ സാമിയുടെ ഓള്‍റൗണ്ട് പ്രകടനാണ് ആതിഥേയര്‍ക്ക് ജയമൊരുക്കിയത്. 17 ബോളില്‍ നിന്ന് രണ്ടു ഫോറും, രണ്ടു സിക്സുമടക്കം 30 റണ്‍സ് നേടിയ സമി എട്ട് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തുകയും, നാല് ക്യാച്ച് സ്വന്തമാക്കുകയും ചെയ്ത് കളിയിലെ താരമായി. സ്കോര്‍ വെസ്റ്റിന്‍ഡീസ് 138, അയര്‍ലന്‍ഡ് 68. ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ പതിനേഴുകാരന്‍ ഡോക്ക്‌റെല്ലിന്റെ ബോളിങ്ങാണ് വിന്‍ഡീസിനെ പിടിച്ചു കെട്ടിയത്. 16 റണ്‍സ് വഴങ്ങി ഡോക്ക്‌റെല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.