ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ലളിത് മോഡിയുടെ നേതൃത്വത്തില്‍ വിമത ലീഗ് ആരംഭിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കൌണ്ടി ക്ലബ്ബുകള്‍ വ്യക്തമാക്കി. ഐ പി എല്‍ മാതൃകയില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്‍റെയോ ബി സി സി ഐയുടെയോ അനുമതി ഇല്ലാതെ മോഡി കൌണ്ടി ക്ലബ്ബുകളെ ഉള്‍പ്പെടുത്തി ലീഗ് തുടങ്ങാന്‍ ശ്രമിച്ചുവന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കൌണ്ടി ടീമായ യോര്‍ക്‍ഷെയര്‍ അധികൃതര്‍.
മോഡിയുമായി സുതാര്യമല്ലാത്ത ഒരു കരാറിനും തങ്ങളില്ലെന്ന് യോര്‍ക്‍ഷെയര്‍ ചെയര്‍മാന്‍ കോളിന്‍ ഗ്രേവ്സ് പറഞ്ഞു. മാര്‍ച്ചിലാണ് വിമത ലീഗെന്ന ആശയവുമായി മോഡി മൂന്ന് കൌണ്ടി ടീമുകളെ സമീപിച്ചത്. എന്നാല്‍ മോഡിയുമായി ചര്‍ച്ച നടത്തിയ കാര്യം ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിരുന്നുവെന്നും ഗ്രേവ്സ് പറഞ്ഞു. മോഡിയുമായി വിമത ലീഗിനെപ്പറ്റി ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഒഴിഞ്ഞു കിടക്കുന്ന ഗ്രൌണ്ടുകളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന കാര്യം മാത്രമാണ് ചര്‍ച്ച ചെയ്തത്.
ഇതില്‍ ഒരു രഹസ്യ അജന്‍ഡയുമില്ല. അസാധാരണ വിജയമായ ഐ പി എല്ലില്‍ നിന്ന് ഇംഗ്ലീഷ് കൌണ്ടി ടീമുകള്‍ക്ക് ഒട്ടേറെ പഠിക്കാനുണ്ട്. ഓരോ വര്‍ഷവും ഏഴ് ടെസ്റ്റുകള്‍ മാത്രമാണ് നടക്കുന്നത്. ശേഷിക്കുന്ന സമയങ്ങളില്‍ ടെസ്റ്റ് ഗ്രൌണ്ടുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇത് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന് മാത്രമാണ് ചര്‍ച്ച ചെയ്തത്. ടെസ്റ്റ് ഗ്രൌണ്ടുകളുടെ അധികൃതര്‍ക്കെല്ലാം ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അയച്ചിരുന്നുവെന്നും ഗ്രേവ്സ് വ്യക്തമാക്കി. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ബി സി സി ഐയ്ക്ക് ലഭിച്ച മെയിലില്‍ നിന്നാണ് പുതിയ ലീഗ് തുടങ്ങാനുള്ള മോഡിയുടെ നീക്കം പുറത്തായത്.
ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ഇംഗ്ലണ്ടിലെ പ്രമുഖ കൌണ്ടി ക്ലബുകളായ യോര്‍ക്‍ഷെയര്‍, ലങ്കാഷെയര്‍, വാര്‍വിക്‍ഷെയര്‍ എന്നിവയുമായി മോഡി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ലീഗ് തുടങ്ങാനായി ഇംഗ്ലണ്ട് ക്ലബുകള്‍ക്ക് വന്‍ സാമ്പത്തിക സഹായവും മോഡി വാഗ്ദാനം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു