ഹൈദരാബാദിലെ ജിംഖാന ഗ്രൌണ്ടില്‍ പരിശീലനത്തിനെത്തിയ പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കിനെതിരെ പ്രതിഷേധം. ഷോയൈബിനെ പാക് ക്രിക്കറ്റില്‍ നിന്ന് വിലക്കിയതാണെന്നും ഗ്രൌണ്ടില്‍ പ്രവേശിപ്പിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക താരങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്. പിന്നീട് ഷൊയൈബിന്‍റെ വിശദീകരണത്തൊടെയാണ് സ്ഥിതി ശാന്തമായത്.
ഒത്തുകളി വിവാദത്തിന്‍റെ പേരിലാണ് മാലികിനെ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ നിന്ന് വിലക്കിയിരിക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് മാത്രമാണ് തന്നെ വിലക്കിയതെന്നും ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും ഗ്രൌണ്ടുകളില്‍ പരിശീലനം നടത്തുന്നതിനും തനിക്ക് വിലക്കില്ലെന്നും ഷൊയൈബ് വിശദീകരിച്ചു.
താന്‍ പാകിസ്ഥാനിലെ ആഭ്യന്തര ട്വന്‍റി-20 മത്സരങ്ങളിലും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും പങ്കെടുക്കുന്നുണ്ടെന്നും മാലിക് ചൂണ്ടിക്കാട്ടി. നേരത്തെ സാനിയ മിര്‍സയ്ക്കൊപ്പം ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ ഷൊയൈബ് പരിശീലനം നടത്തിയിരുന്നു.
വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാക് ക്രിക്കറ്റ് താരത്തെ ഗൌണ്ടില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത് സംബന്ധിച്ച് ഹൈദരാബാദിലെ കായിക മേധാവികള്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.