ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരം കാണാന്‍ എത്തിയതിനെതിരെ ചൈന രംഗത്ത്. ഇന്ത്യയ്ക്ക് മുന്നില്‍ നല്ല പിള്ള ചമയാനാണ് ലാമ ഐ പി എല്‍ മത്സരം കാണാന്‍ പോയതെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ‘പീപ്പിള്‍സ് ഡെയ്‌ലി’ വിമര്‍ശിച്ചു.
ക്രിക്കറ്റ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള കളിയാണ്. ഇന്ത്യയുടെ പുത്രനായി കാണാന്‍ ആഗ്രഹിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്ന ലാമ ഐ പി എല്‍ കാണാന്‍ പോയത് സ്വാഭാവികമാണ്. ഇന്ത്യയുടെ മകനാണെന്ന് പറയുന്ന ലാമ എങ്ങനെയാണ് വിദേശരാജ്യമായ ചൈനയുടെ ആഭ്യന്തരകാര്യമായ ടിബറ്റിനെക്കുറിച്ച് അഭിപ്രായം പറയുക എന്നും പത്രം ചോദിക്കുന്നു.
ലാമയെ സ്വന്തം പുത്രനായി കാണാന്‍ ഇന്ത്യ സന്നദ്ധമാണോ എന്നും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നുണ്ട്. ഇന്ത്യയുടെ മകനാണെന്ന ലാമയുടെ പ്രഖ്യാപനം വന്ന സ്ഥിതിയ്ക്ക് ഇനിയെല്ലാം അദ്ദേഹത്തിന്‍റെ പിതാവായ ഇന്ത്യയുടെ കൈയിലാണ്. എന്നാല്‍ ലാമയെ സ്വന്തം പുത്രനായി കാണാന്‍ ഇന്ത്യ സന്നദ്ധമാണെന്ന സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മാസം 18ന് ധര്‍മശാലയില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-കിംഗ്സ് ഇലവന്‍ പഞ്ചാബ് മത്സരം കാണാനാണ് ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമ എത്തിയത്. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്Ignorance