ലൂയിസ് ലൂമിയറിന്‍റെ ആശീര്‍വാദത്തോടെ
മുപ്പതുകളുടെ അവസാനം. മോസ്ട്രാ ഡെല്‍ ചലച്ചിത്ര മേളയില്‍ ഇറ്റലിയും ജര്‍മനിയും ഇടപെടുന്നതില്‍ പ്രതിഷേധിച്ച് സ്വന്തമായൊരു ചലച്ചിത്രമേള നടത്താന്‍ തീരുമാനിക്കുന്നു ഫ്രാന്‍സ്. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സിനു പിന്തുണയുമായെത്തി. ഏതു നഗരത്തില്‍ ഫെസ്റ്റിവല്‍ നടത്തണം എന്നായി ആലോചന. കടല്‍ത്തീരത്തുള്ള കാന്‍ എന്ന നഗരം അതിനായി തെരഞ്ഞെടുത്തു. ആദ്യ ഫെസ്റ്റിവലിന്‍റെ പ്രസിഡന്‍റാവാമെന്ന് ലൂയിസ് ലൂമിയര്‍ സമ്മതിച്ചു. സിനിമയുടെ ഉപജ്ഞാതാക്കള്‍ എന്നറിയപ്പെടുന്ന ലൂമിയര്‍ സഹോദരന്മാരില്‍ ഇളയവനാണ് ലൂയിസ്.
പിന്നെ ഒരുക്കങ്ങള്‍ തകൃതി. 1939 സെപ്റ്റംമ്പര്‍ ഒന്നു മുതല്‍ മുപ്പതു വരെ ഫെസ്റ്റിവല്‍ നടത്താന്‍ തീരുമാനമായി. എന്നാല്‍ ഇക്കാലത്താണ് പോളണ്ടിനെ ജര്‍മനി ആക്രമിക്കുന്നത്. അധികം വൈകാതെ ഫ്രാന്‍സ് ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു. അതോടെ ഒരു സിനിമ പോലും പ്രദര്‍ശിപ്പിക്കാതെ ആദ്യത്തെ കാന്‍ ഫെസ്റ്റിവലിനു തിരശീല വീണു.
~രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം 1946ല്‍ ഫെസ്റ്റിവല്‍ വീണ്ടും ആരംഭിച്ചു. ഓരോ വര്‍ഷം കഴിയുമ്പോഴും ഫെസ്റ്റിവലിനു പുതിയ രൂപവും ഭാവവും കൈവന്നു. 1955 മുതലാണ് മികച്ച ചിത്രത്തിന് ഗോള്‍ഡന്‍ പാം അവാര്‍ഡ് നല്‍കിത്തുടങ്ങിയത്.
ഇന്ത്യന്‍ കണക്ഷന്‍
കാന്‍ ഫിലിം ഫെസ്റ്റിവല്‍ എന്ന് ആവേശത്തോടെ പറയുന്നതല്ലാതെ അടുത്തിടെയൊന്നും ആ വഴിക്ക് മാന്യമായി നടക്കാന്‍ ഇന്ത്യന്‍ സിനിമയ്ക്കു കഴിഞ്ഞിട്ടില്ല. ഒന്നോര്‍ക്കണം, കാനില്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ വര്‍ഷം, 1946ല്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത് ഇന്ത്യന്‍ ചിത്രമായിരുന്നു. അന്ന് ഗോള്‍ഡന്‍ പാം അല്ല. ഗ്രാന്‍ഡ് പ്രൈസ് ഡു ഫെസ്റ്റിവല്‍ ഇന്‍റര്‍നാഷണല്‍ ഡു ഫിലിം എന്നായിരുന്നു അവാര്‍ഡിന്‍റെ പേര്. ചേതന്‍ ആനന്ദ് സംവിധാനം ചെയ്ത നീചാ നഗര്‍ എന്ന ചിത്രത്തിനായിരുന്നു അവാര്‍ഡ്. പിന്നീടിങ്ങോട്ട് കാനില്‍ നിരവധി തവണ ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകരണം കിട്ടിയിട്ടുണ്ട്. കുറച്ചു മലയാള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ 2002ല്‍ അണ്‍ സെര്‍ട്ടന്‍ വിഭാഗത്തില്‍ മുരളീ നായരുടെ അരിമ്പാറ പ്രദര്‍ശിപ്പിച്ചതിനു ശേഷം ഏഴുവര്‍ഷമായി ഇന്ത്യന്‍ സിനിമ കാനില്‍ പ്രധാന വിഭാഗത്തില്‍ വന്നിട്ട്.
ഇത്തവണ വിക്രമാദിത്യ മൊത്വാനെ സംവിധാനം ചെയ്ത ഉഡാന്‍ അണ്‍ സെര്‍ട്ടന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് ഇന്ത്യക്ക് ആശ്വാസം. കാനിലെ രണ്ടാമത്തെ മികച്ച അവാര്‍ഡ് ഈ സെക്ഷനിലാണ്. ബാല്യത്തില്‍ വീടുവിട്ടു പോയ ഒരാള്‍ ചെറുപ്പക്കാരനായതിനു ശേഷം നാട്ടിലേക്കു തിരിച്ചു വരുന്നതാണ് ഈ ചിത്രത്തിന്‍റെ പ്രമേയം.
സത്യജിത് റായുടെ വിഖ്യാതമായ പഥേര്‍ പാഞ്ചാലിക്ക് മികച്ച ഹ്യൂമന്‍ ഡോക്കുമെന്‍റ് അവാര്‍ഡു കിട്ടിയതടക്കം നേട്ടങ്ങളുമുണ്ടാക്കിയിട്ടുണ്ട് കാനില്‍ ഇന്ത്യന്‍ സിനിമ. അടൂര്‍ ഗോപാലകൃഷ്ണന്‍റെ എലിപ്പത്തായം, ഷാജി. എന്‍. കരുണിന്‍റെ പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളാണ് കാനിലെ മലയാളപ്പെരുമയുടെ മുന്നില്‍. മുരളീ നായരുടെ മരണസിംഹാസനം, അരിമ്പാറ എന്നീ ഫീച്ചര്‍ ഫിലിമുകളും ഒരു നീണ്ട യാത്ര എന്ന ഷോര്‍ട്ട് ഫിലിമും കാനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇത്തവണ മലയാളത്തില്‍ നിന്ന് രൂപേഷ് പോള്‍ സംവിധാനം ചെയ്ത ഡാഡി യു ബാസ്റ്റാര്‍ഡ് എന്ന ഫീച്ചര്‍ ഫിലിമും രൂപേഷിന്‍റെ തന്നെ യൂ കാണ്ട് സ്റ്റെപ് ട്വൈസ് ഇന്‍ ടു ദ് സെയിം റിവര്‍, ജന്തു എന്നീ ഷോര്‍ട്ട് ഫിലിമുകളും കാനില്‍ പ്രദര്‍ശിപ്പിക്കും.
ഐശ്വര്യ റായ്യും ഷര്‍മിള ടഗോറുമൊക്കെ ജൂറി അംഗങ്ങളായതും റെഡ് കാര്‍പ്പറ്റില്‍ അവര്‍ ചുവടുവച്ചതുമൊക്കെ കഴിഞ്ഞ വര്‍ഷങ്ങളില്‍ കാനിന്‍റെ ഇന്ത്യന്‍ കണക്ഷനുകള്‍ ആയിരുന്നു. ഇത്തവണ സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ ജൂറിയില്‍ അംഗമാണ്.
ഒരു ബഹിഷ്കരണവും
കാന്‍ ഫിലിം ഫെസ്റ്റിവലിലും ബഹിഷ്കരണം. പതിവുപോലെ ഏതെങ്കിലുമൊരു സിനിമ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള ബഹിഷ്കരണമല്ല. ഒരു ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നതിലുള്ള ബോയ്കോട്ടിങ്. ഇറ്റലിയിലെ സാംസ്ക്കാരിക മന്ത്രി സാന്‍ഡ്രോ ബോണ്ടിയാണു കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണിയെ വിമര്‍ശിക്കുന്ന ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നതിനാലാണിത്.
കൊമേഡിയന്‍ സബീന ഗുസന്തി സംവിധാനം ചെയ്ത ഡ്രാക്ക്വില എന്ന ഡോക്യുമെന്‍ററിയാണു കള്‍ച്ചറല്‍ മിനിസ്റ്റര്‍ സാന്‍ഡ്രോയെ ചൊടിപ്പിച്ചത്. ഡ്രാക്കുളയും, സെന്‍ട്രല്‍ ഇറ്റലിയിലെ നഗരമായ ലാക്വിലയും ചേര്‍ന്നാണു ഡ്രാക്ക്വില എന്ന പേരുണ്ടായത്. ലാക്വിലയില്‍ 2009ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ മുന്നൂറോളം പേര്‍ മരണപ്പെട്ടിരുന്നു. അവിടെ ദുരിതമനുഭവിക്കുവര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടന്ന ജിഎട്ട് ഉച്ചകോടിയില്‍ ബെര്‍ലുസ്കോണിയും പങ്കെടുത്തിരുന്നു. എന്നാല്‍ പ്രസിഡന്‍റ് പങ്കെടുത്തതു സ്വന്തം പോപ്പുലാരിറ്റി വര്‍ധിപ്പിക്കാനാണെന്നാണു ഡോക്യുമെന്‍ററിയില്‍ പറയുന്നത്. ഭൂകമ്പത്തെ പോലും പബ്ലിസിറ്റിക്കുള്ള മാര്‍ഗമാക്കി മാറ്റി.
എന്നാല്‍ ഈ വിമര്‍ശം, ബെര്‍ലുസ്കോണിയുടെ അടുത്ത അനുചരയായ സാന്‍ഡ്രോക്ക് തീരെ പിടിച്ചില്ല. ബെര്‍ലുസ്കോണിയോടുള്ള തന്‍റെ സ്നേഹവും ആത്മാര്‍ഥതയും അന്താരാഷ്ട്രതലത്തില്‍ അറിയിക്കാനുള്ള ഒരു അവസരം കൃത്യമായി വിനിയോഗിച്ചു. സത്യത്തെ മറച്ചു വയ്ക്കുന്ന ഒരു ആവിഷ്കാരം ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെട്ടു എന്നറിഞ്ഞതു ഞെട്ടിച്ചുവെന്നു സാന്‍ഡ്രോ. അതുകൊണ്ടു തന്നെ ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിക്കുന്നു.
മുന്‍പും ബെര്‍ലുസ്കോണിയെ വിമര്‍ശിക്കുന്നതിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട് ഗുസാന്തി. ഡ്രാക്വിലയെടുക്കാനായി ഗുസാന്തി മാസങ്ങളോളം ലാക്വില നഗരത്തില്‍ താമസിച്ചിരുന്നു. സാംസ്കാരിക മന്ത്രിയുടെ തീരുമാനത്തെ എതിര്‍ത്തു പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. ബെര്‍ലുസ്കോണിയും അദ്ദേഹത്തിന്‍റെ ഗവണ്‍മെന്‍റും കലാവിഷ്കാരങ്ങളെ വരെ അസഹിഷ്ണുതയോടെയാണു കാണുന്നതെന്നാണു പ്രധാന വിമര്‍ശം.