ഒരു വിവാഹബന്ധം തകര്‍ന്നു എന്നു കരുതി എല്ലാം അവസാനിപ്പിക്കുന്നവരല്ല ഹോളിവുഡ് താരങ്ങള്‍. സുഹൃത്തുക്കളായി പിരിയുകയാണ് അവരുടെ രീതി. അതുകൊണ്ടു തന്നെ പിന്നീടൊരിക്കല്‍ നേര്‍ക്കു നേര്‍ കാണേണ്ടി വന്നാലും പ്രശ്നമുണ്ടാകാറില്ല. പോപ് താരം മഡോണയുടെ കാര്യത്തില്‍ ഇതു തന്നെയാണു ശരിയായ രീതി. കാരണം കാമുകന്മാരും ഭര്‍ത്താക്കന്മാരുമായി ഒരു നീണ്ട നിര തന്നെയുള്ള സ്ഥിതിക്ക് എല്ലാവരോടും സൗഹൃദാന്തരീക്ഷം പുലര്‍ത്താന്‍ തന്നെയാണു മഡോണ ഇഷ്ടപ്പെടുക. പുറമേ കാണിക്കുന്ന സൗഹൃദം മാത്രമല്ല മനസിലും ആ ഇഷ്ടങ്ങളൊക്കെ ഒളിച്ചു വച്ചിട്ടുണ്ട് മഡോണ. മുന്‍ ഭര്‍ത്താവ് ഷോണ്‍ പെന്‍ അഭിനയിച്ച മില്‍ക്ക് എന്ന ചിത്രം കണ്ട് മഡോണ നിര്‍ത്താതെ കരഞ്ഞതിന്‍റെ കാരണവും മറ്റൊന്നല്ല. ചിത്രത്തില്‍ ഹാര്‍വി മില്‍ക്ക് എന്ന ഹോമോസെക്ഷ്വല്‍ രാഷ്ട്രീയക്കാരന്‍റെ വേഷമാണു ഷോണിന്.
മുന്‍ ഭര്‍ത്താവിന്‍റെ അഭിനയം മാത്രമായിരുന്നില്ല മഡോണയുടെ കണ്ണുകളെ ഈറനണിയിച്ചത്. എയ്ഡ്സ് ബാധിച്ചു മരിച്ച സ്വവര്‍ഗാനുരാഗികളായ സുഹൃത്തുക്കളെ ഓര്‍ത്തുകൂടിയായിരുന്നു പോപ് താരത്തിന്‍റെ കണ്ണുനിറഞ്ഞത്. സംവിധായകന്‍ ഗസ് വാന്‍ സന്‍റിനൊപ്പം ഒരു അഭിമുഖത്തിലാണു മഡോണ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അസാധാരണ ചിത്രമാണു മില്‍ക്ക്. ചിത്രം കണ്ട് ഒരുപാട് കരഞ്ഞു. ഷോണിന്‍റെ അഭിനയം അത്രയേറെ മനോഹരമായിരുന്നു. ശരിക്കും എല്ലാവരേയും പിടിച്ചു നിര്‍ത്താന്‍ കഴിയുന്ന എന്തോ ഒന്ന് അദ്ദേഹത്തിലുണ്ട്. കഥാപാത്രത്തെ കുറിച്ചു പറഞ്ഞപ്പോള്‍ത്തന്നെ ഷോണ്‍ അതില്‍ അഭിനയിക്കാന്‍ സമ്മതിച്ചിട്ടുണ്ടാവും. ഓര്‍മകളിലേക്കുള്ള ഒരു യാത്രയായിരുന്നു മില്‍ക്ക് സമ്മാനിച്ചത്.
സിനിമയിലേക്കും താരപ്രഭയിലേക്കും എത്തുന്നതിനു മുന്‍പ് ന്യൂയോര്‍ക്കില്‍, ആന്‍ഡി വാര്‍ഹോള്‍, കീത്ത് ഹാരിങ്, ജീന്‍ മിച്ചെല്‍ ബാസ്ക്വെയ്റ്റ് തുടങ്ങിയവര്‍ക്കൊപ്പം ചെലവഴിച്ച നാളുകള്‍. അവരില്‍ പലരും ഇന്നു ജീവിച്ചിരിപ്പില്ല എന്ന സത്യം വല്ലാതെ വേട്ടയാടുന്നു. ഒരിക്കലും എയ്ഡ്സ് എന്ന വില്ലനെപ്പറ്റി ആര്‍ക്കും അറിയില്ലായിരുന്നു. ന്യൂയോര്‍ക്കില്‍ ഒരു ഡാന്‍സറായി കരിയര്‍ തുടങ്ങുന്ന സമയത്താണ് എയ്ഡ്സ് തന്‍റെ സുഹൃത്തുക്കളില്‍ ഓരോരുത്തരെയായി കൊണ്ടുപോയത്. അത് വല്ലാത്തൊരു സിറ്റുവേഷനായിരുന്നു.
മില്‍ക്ക് എന്ന സിനിമ പഴമയിലേക്കുള്ള യാത്രയ്ക്കു വഴിതുറന്നു. ആരും പറയാന്‍ ആഗ്രഹിക്കാത്ത ഒരു കാലഘട്ടത്തെക്കുറിച്ചാണു സിനിമ സംസാരിച്ചത്. ചുറ്റും ഒരുപാടു മരണങ്ങള്‍ സംഭവിക്കുമ്പോഴും തന്‍റെ ന്യൂയോര്‍ക്ക് ജീവനുള്ളതായിരുന്നെന്നു മഡോണ. എന്തായാലും സിനിമയെക്കുറിച്ചു പറയുന്നതിനിടെ മുന്‍ ഭര്‍ത്താവിനെ പുകഴ്ത്തിപ്പറയാന്‍ ലഭിച്ച ഒരവസരവും പാഴാക്കാതിരിക്കാന്‍ മഡോണ മറന്നില്ല.