റാംബോ ചിത്രങ്ങള്‍ക്ക് എന്നും ലോകം മുഴുവന്‍ ആരാധകരാണ്. സില്‍വെസ്റ്റര്‍ സ്റ്റാലണ്‍ എന്ന താരത്തിന്‍റെ സിഗ്നേച്ചര്‍ ചിത്രം എന്നു വിശേഷിപ്പിക്കാം റാംബോയെ. റാംബോ സീരീസിലെ നാല് ചിത്രങ്ങള്‍ക്കും ലഭിച്ച സ്വീകരണം ഒന്നു കൊണ്ടു തന്നെയാണ് അഞ്ചാം എഡിഷന് തുടക്കമിട്ടത്. എന്നാല്‍ റാംബോ 5 ദ് സാവേജ് ഹണ്ട് എന്ന ചിത്രം പാതി വഴിയില്‍ ഉപേക്ഷിക്കുകയാണ്. ചിത്രം വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചതു നായകന്‍ തന്നെ. കഥയില്‍ ആകെ മാറ്റങ്ങളുണ്ടായതാണു ചിത്രം ഉപേക്ഷിക്കാന്‍ കാരണം. റാംബോ സീരീസ് നന്നായിത്തന്നെയാണു ചെയ്തിട്ടുള്ളത്. ഇനി ഒരു ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. തെറ്റായി വ്യാഖ്യാനിച്ച്, വെള്ളം ചേര്‍ത്ത് ഒരു കഥയുണ്ടാക്കി അവതരിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നു സ്റ്റാലണ്‍.
അവസാനഭാഗമായ ബര്‍മീസ് എപ്പിസോഡില്‍ സന്തുഷ്ടനാണ്. ആഭ്യന്തരയുദ്ധത്തിന്‍റെ തീവ്രത നന്നായി അവതരിപ്പിച്ചിട്ടുണ്ട്. അത് ഏറെ ബുദ്ധിമുട്ടുള്ളതാണ്. സഹനങ്ങളെ മധുരം ചേര്‍ത്തു സിനിമയാക്കാന്‍ തനിക്ക് ഇഷ്ടമല്ല. നിര്‍ത്തിയിടത്തു നിന്നു വീണ്ടുമൊരു തുടക്കം സാധ്യമല്ല. ലാസ്റ്റ് പാര്‍ട്ടില്‍ എഡിറ്റ് ചെയ്തു മാറ്റിയ പന്ത്രണ്ട് മിനിറ്റ് ഫുട്ടേജ് കൂടി ചേര്‍ക്കുന്നതിന്‍റെ തിരക്കിലാണ് സ്റ്റാലണ്‍. റാംബോ സീരീസ് അവസാനിപ്പിച്ചെന്നു കരുതി സിനിമ മതിയാക്കാനൊന്നും സ്റ്റാലണ്‍ തയാറല്ല. പുതിയ ചിത്രം ദ് എക്സ്പാന്‍ഡബ്ള്‍സിന്‍റെ ഫ്രാഞ്ചൈസി തുടങ്ങാനുള്ള ഒരുക്കങ്ങളിലാണ് താരം. ചിത്രം ഇതുവരെ തിയെറ്ററുകളിലെത്തിയില്ലെങ്കിലും എക്സ്പാന്‍ഡബ്ള്‍സിനു രണ്ടാം ഭാഗം ഒരുക്കുന്നതിന്‍റെ ആലോചനകള്‍ തുടങ്ങിക്കഴിഞ്ഞു. കാര്യങ്ങളെല്ലാം തീരുമാനിച്ചു, ഇനി പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങേണ്ട താമസം മാത്രമേയുള്ളൂ. ഒന്നല്ലെങ്കില്‍ മറ്റൊന്നുമായി സില്‍വെസ്റ്റര്‍ സ്റ്റാലണ്‍ ഇനിയും പ്രേക്ഷകര്‍ക്കു വിരുന്നുമായെത്തുമെന്നു തീര്‍ച്ച.