പ്രണയിച്ചു, ഒന്നിച്ചു താമസവും തുടങ്ങി. ഇപ്പോള്‍ ദത്തെടുത്തതും സ്വന്തമായതുമായി ആറു കുട്ടികളുമായി. ഇനിയും വിവാഹം കഴിച്ചില്ല എന്നതു മാത്രമാണ് ഇരുവര്‍ക്കും കേട്ടു മടുത്ത പരാതി. ഒടുവില്‍ എല്ലാവരുടെയും വാക്കു കേള്‍ക്കാന്‍ തന്നെയാണു ഹോളിവുഡിന്‍റെ സ്വപ്നജോടിയുടെ തീരുമാനം. ആഞ്ചലീന ജോളിയും ബ്രാഡ് പിറ്റും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അധികം ആരെയും അറിയിക്കാതെ സ്വകാര്യമായ ഒരു ചടങ്ങില്‍ വിവാഹം നടത്താനാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്ന് ഓകെ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പണക്കൊഴുപ്പിന്‍റെ ആഘോഷമെന്ന പരാതി ഒഴിവാക്കാന്‍ കൂടിയാണു വിവാഹച്ചടങ്ങ് വിപുലമാക്കാത്തത്. ഒരിക്കലും സ്വകാര്യജീവിതം മറ്റുള്ളവരെ അറിയിക്കാന്‍ ആഗ്രഹിക്കാത്തവരാണു ബ്രാഡും ആഞ്ചലീനയും. കാശ് വെറുതെ ചെലവാക്കുന്നത് അവര്‍ക്ക് തീരെ ഇഷ്ടമല്ലെന്ന് ഇരുവരുടെയും സുഹൃത്ത് പറയുന്നു.
ഏതെങ്കിലും ബീച്ച് റിസോര്‍ട്ടില്‍, നൂറു കണക്കിന് അതിഥികള്‍ പങ്കെടുക്കുന്ന വിശാലമായ വിവാഹം ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പിക്കാം. 2005ല്‍ മിസ്റ്റര്‍ ആന്‍ഡ് മിസിസ് സ്മിത്തിന്‍റെ ലൊക്കേഷനിലാണു ബ്രാഡും ആഞ്ചലീനയും പ്രണയത്തിലാവുന്നത്. ഇരുവരുടെയും വിവാഹക്കാര്യം മക്കള്‍ ആവശ്യപ്പെടുമ്പോള്‍ മാത്രമേ ചിന്തിക്കുകയുള്ളൂ എന്നായിരുന്നു ഇതുവരെ പറഞ്ഞിരുന്നത്. മൂത്ത മകന്‍ മഡോക്സാണ് വിവാഹക്കാര്യം ആദ്യം ആവശ്യപ്പെട്ടത്.
പിന്നീടു ഷില്ലോയും സഹാറയും ഇക്കാര്യം പറഞ്ഞു തുടങ്ങി. പാക്സിനാവട്ടെ അക്കാര്യം ആലോചിക്കുമ്പോള്‍ത്തന്നെ ആവേശമാണ്. മക്കളെല്ലാം ഒന്നിച്ച് പറയുമ്പോള്‍ മാത്രം കല്യാണത്തെക്കുറിച്ചു ചിന്തിക്കാമെന്നാണ് ആഞ്ചലീനയും ബ്രാഡും കരുതിയത്. എന്നാല്‍ ഇത് കുറച്ചു നേരത്തെ ചെയ്യാന്‍ തന്നെയാണ് ഉദ്ദേശ്യം. സാധാരണ പ്രണയിക്കുന്നതു പോലും വിവാഹത്തിലേക്കെത്താനാണ്, കുട്ടികളുടെ കാര്യം പിന്നീടാണ് മനസിലേക്കെത്തുക. എന്നാല്‍ ഞങ്ങള്‍ എല്ലാ കാര്യങ്ങളും തലതിരിച്ചാണ് ചെയ്തതെന്ന് ആഞ്ചലീന. സിനിമകള്‍ കണ്ട് കുട്ടികള്‍ ചോദിക്കാന്‍ തുടങ്ങുമ്പോള്‍ മറുപടി നല്‍കാനാണ് ഇഷ്ടം. ഷ്രെക്കും ഫിയോണയും വിവാഹം കഴിച്ചതുപോലെ ഇനി ആഞ്ചലീനയും ബ്രാഡും കല്യാണം കഴിക്കുന്നതു കാണാന്‍ കാത്തിരിക്കുകയാണ് ആറു മക്കളും.