തിയെറ്ററുകളില്‍ നിന്ന് ഇനിയും പിന്മാറാന്‍ താല്‍പ്പര്യമില്ലാത്ത ജെയിംസ് കാമറൂണ്‍ ചിത്രം അവതാര്‍ ഹോം എന്‍റര്‍റ്റെയ്ന്‍മെന്‍റിലും റെക്കോഡ് സൃഷ്ടിക്കുന്നു. അവതാറിന്‍റെ ഡിവിഡി റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ത്തന്നെ അതിശയിപ്പിക്കുന്ന വില്‍പ്പനയായിരുന്നെന്ന് നിര്‍മാതാക്കളായ ട്വന്‍റിയത് സെഞ്ചുറി ഫോക്സ് ഹോം എന്‍റര്‍റ്റെയ്ന്‍മെന്‍റ് അറിയിച്ചു. അമേരിക്കയിലും കാനഡയിലുമായി അറുപത്തേഴു ലക്ഷം ഡിവിഡികളും ബ്ലൂ റെ യൂണിറ്റുകളുമാണ് വിറ്റത്. നാല് ദിവസത്തിനുള്ളില്‍ 575 കോടി രൂപ നേടിയാണ് ന്യൂസ് കോര്‍പ്പറേഷന്‍റെ സ്റ്റുഡിയോ ഡിവിഷന്‍ നമ്പര്‍ വണ്‍ ഹോം എന്‍റര്‍റ്റെയ്ന്‍മെന്‍റായി മാറിയത്.
2008ല്‍ പുറത്തിറങ്ങിയ ദ് ഡാര്‍ക്ക് നൈറ്റിനായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഡിവിഡി ക്വാളിറ്റിയിലും മികച്ച ബ്ലൂ റെ യൂണിറ്റുകളുടെ വില്‍പ്പനയിലും വന്‍ വര്‍ധനവുണ്ടായി. സ്പെഷ്യല്‍ പ്ളെയര്‍ ആവശ്യമായ ബ്ലൂ റെ ഡിസ്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതും അവതാര്‍ സൃഷ്ടിച്ച തരംഗം തന്നെ. ലോകമെങ്ങും ത്രി ഡി വിസ്മയമായ അവതാര്‍ കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിനാണ് തിയെറ്ററുകളിലെത്തിയത്. പതിനൊന്നായിരം കോടി രൂപ സ്വന്തമാക്കി കാമറൂണിന്‍റെ തന്നെ ടൈറ്റാനിക്കിന്‍റെ റെക്കോഡ് തിരുത്തിയാണ് അവതാര്‍ ബോക്സ് ഓഫിസില്‍ തിളങ്ങിയത്.
പണ്ടോറയെന്ന ഗ്രഹത്തിലേക്ക് എത്തുന്ന ഒരു സൈനികന്‍ അവിടുത്തെ രാജകുമാരിയുമായി പ്രണയത്തിലാവുന്നതും മനുഷ്യര്‍ക്കെതിരേ പോരാടാന്‍ തയാറെടുക്കുന്നതുമാണ് അവതാറിന്‍റെ പ്രമേയം. ഭൂമിയുടെ സംരക്ഷണം വിഷയമാക്കിയ അവതാറിന്‍റെ ഡിവിഡി റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തെരഞ്ഞെടുത്ത് ഭൗമദിനം തന്നെ.