റിയാലിറ്റി ഷോ എന്നാല്‍ വലിയ പാതകമാണെന്നു പറയുന്നവരോടു മോണിക്ക ബേദി പറയും നോക്കൂ, എനിക്കു ജീവിതം തിരിച്ചു കിട്ടിയത് റിയാലിറ്റി ഷോകളിലൂടെയാണ്. അധോലോക കുറ്റവാളി അബു സലിമുമായുള്ള പ്രണയം, പിന്നെ നിരവധി കേസുകള്‍. ജയില്‍ ശിക്ഷ. പിന്നെ വ്യാജ പാസ്പോര്‍ട്ടു കേസ്. എല്ലാം കഴിഞ്ഞ് ബോളിവുഡില്‍ തിരിച്ചെത്താന്‍ ശ്രമം. എന്നാല്‍ തുടക്കത്തില്‍ മോണിക്കയെ അകറ്റി നിര്‍ത്തുകയായിരുന്നു എല്ലാവരും. അവളുടെ ഭൂതകാലം മറക്കാന്‍ എല്ലാവര്‍ക്കും മടിയായിരുന്നു.
റിയാലിറ്റി ഷോകള്‍ ഇന്ത്യന്‍ ചാനലുകളില്‍ അരങ്ങു വാണു തുടങ്ങിയ കാലമായിരുന്നു അത്. ഷോ ബിസ് ലോകത്തേക്കുള്ള മോണിക്കയുടെ മടങ്ങി വരവ് ഒരു റിയാലിറ്റി ഷോയിലൂടെയായി. 2008ല്‍ ബിഗ് ബോസിന്‍റെ രണ്ടാം സീസണ്‍. തൊട്ടു പിന്നാലെ ഝലക് ദിഖ്ലാ ജാ എന്ന ഷോയുടെ മൂന്നാം ഭാഗം. ഇതില്‍ നിന്നെല്ലാം കിട്ടിയ സ്വീകര്യത അമ്പരപ്പിച്ചെന്നു പറയുന്നു മോണിക്ക. ഇരുപത്തൊന്നു സിനിമകളില്‍ അഭിനയിച്ചതിനു ശേഷമാണ് തന്‍റെ ജീവിതത്തില്‍ ദുരന്തങ്ങള്‍ അരങ്ങേറിയത്. തിരിച്ചു വന്നത് വീണ്ടും സിനിമകളില്‍ അഭിനയിക്കാ നാണ്. ഇപ്പോള്‍ അവസരം കിട്ടാത്തതില്‍ വിഷമമില്ല. മോണിക്ക പറയുന്നു.
റിയാലിറ്റി ഷോ താരം എന്നു പേരു വീഴുമെന്ന പേടിയില്ല. കിട്ടുന്ന അവസരങ്ങള്‍ ഇത്തരം ഷോകളില്‍ നിന്നാണ്. അതു നന്നായി ചെയ്യുന്നു. ഇപ്പോള്‍ ഇമാജിന്‍ ടിവിയുടെ ദേശി ഗേള്‍ എന്ന ഷോയുടെ ഷൂട്ടിങ് നടക്കുകയാണ്. ചണ്ഡിഗഡിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് ഷൂട്ട്. തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തില്‍ മോണിക്കയുള്‍പ്പടെ ഏഴു ടെലിവിഷന്‍ താരങ്ങള്‍ ജീവിക്കുന്നതാണ് ഈ ഷോയുടെ തീം. ഗ്രാമീണയായ ഒരു പെണ്‍കുട്ടി ചെയ്യുന്ന ജോലികളെല്ലാം രാവിലെ മുതല്‍ ചെയ്യുന്നുണ്ടെന്നു മോണിക്ക. ഇതുവരെ കിട്ടാത്ത അനുഭവങ്ങള്‍ ഈ ഷോയിലൂടെ കിട്ടി. കാശും പ്രശസ്തിയും മാത്രമല്ല ജീവിതാനുഭവങ്ങളും റിയാലിറ്റിഷോകള്‍ സമ്മാനിക്കും, മോണിക്ക പറയുന്നു.