ഡാന്‍സ് ട്രൂപ്പ് വിപുലീകരിക്കാനാണു പോപ് ഡിവ മഡോണയുടെ തീരുമാനം. കഴിഞ്ഞ തവണത്തെ സ്വീറ്റ് ആന്‍ഡ് സ്റ്റിക്കി വേള്‍ഡ് ടൂറിനു ശേഷം പ്രോഗ്രാമുകളില്‍ നിന്നു മാറി നില്‍ക്കുകയായിരുന്നു താരം. എന്നാല്‍ ട്രൂപ്പൊന്നു നവീകരിച്ചിട്ടു പുതിയ പരിപാടികള്ക്കിറങ്ങാനാണു മഡോണയുടെ പദ്ധതി. ബാക്ക് അപ്പ് ഡാന്സര്മാര്ക്കു വേണ്ടിയുള്ള തിരച്ചിലിലാണു താരം. അടുത്ത ടൂറിനു വേണ്ടിയാണ് ഡാന്‍സേഴ്സ്. വെറുതെയൊരു ഓഡിഷന് വച്ച് നര്‍ത്തകരെ തെരഞ്ഞെടുക്കാന്‍ മഡോണ ഒരുക്കമല്ല. എന്തിലും തന്റേതായ സ്റ്റൈല്‍ വരണം. അതിനായി ലണ്ടനിലെ നൈറ്റ്ക്ലബ്ബുകളിലേക്കാണു മഡോണയുടെ യാത്ര. കൂട്ടിനു കാമുകന് ജീസസ് ലസും. ഡാന്‍സ് ഫ്ളോറിലെ ടാലന്റ് കണ്ടെത്താന്‍ നൈറ്റ് ക്ലബ്ബിലും മികച്ച ഇടമില്ലെന്നു മഡോണ പറയുന്നു.
അടുത്ത ടൂറില്‍ ഹോട്ടസ്റ്റ് ഡാന്സര്മാരാവണം തന്റെയൊപ്പം നൃത്തം ചെയ്യുന്നവര്‍. ന്യൂയോര്‍ക്കിലെ ചില ക്ലബ്ബുകളില്‍ കറങ്ങി ഏകദേശ ധാരണയുണ്ടാക്കിയ ശേഷമാണു മഡോണ ലണ്ടനിലെത്തിയത്. ക്ലബ്ബിലെത്തി വെറുതെ നൃത്തം കണ്ടിരിക്കാനൊന്നും മഡോണയ്ക്കു താല്‍പ്പര്യമില്ല. അവിടുത്തെ നര്‍ത്തകര്‍ക്കൊപ്പം ചുവടുവച്ച് തന്റെ സ്റ്റൈല്‍ അവതരിപ്പിക്കാനും മഡോണ റെഡി. പലരും അതിശയത്തോടെയാണു പോപ് താരത്തിന്റെ വരവ് സ്വീകരിച്ചത്. ഓഡിഷനു വേണ്ടിയുള്ള ഡാന്‍സേഴ്സിന്റെ പെര്‍ഫോമന്‍സ് കഴിഞ്ഞയുടന്‍ മഡോണയും ജീസസും വേദി കൈയടക്കി. ഇരുവരുടെയും സ്റ്റണ്ണിങ് നമ്പര്‍ ക്ലബ്ബില്‍ കൂടിയവര്‍ക്കു വിരുന്നായി. എന്തായാലും എല്ലാ കാര്യത്തിലും വ്യത്യസ്തയാണെന്ന് മഡോണ ഒരിക്കല്‍ക്കൂടി തെളിയിച്ചു.