ലളിത് മോഡിക്കെതിരായ ബിസിസിഐയുടെ നീക്കം പേരിനു മാത്രമായി ചുരുങ്ങും. മോഡിക്കെതിരേ ശക്തമായ നിയമനടപടികള്‍ ഉണ്ടാവില്ലെന്നാണു സൂചന. ഇതു സംബന്ധിച്ച് മോഡിയും ബിസിസിഐ ഉന്നതരും തമ്മില്‍ രഹസ്യധാരണയായിട്ടുണ്ട്. ഇതു പ്രകാരമാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ടുനീങ്ങുന്നത്.
ഐപിഎല്‍ വിവാദം ബിസിസിഐയെയും കേന്ദ്ര സര്‍ക്കാരിനെയും പ്രതിസന്ധിയിലേക്കു തള്ളിയിട്ടപ്പോള്‍ മോഡിക്കെതിരേ നടപടി അനിവാര്യമാവുകയായിരുന്നു. ഉന്നത രാഷ്ട്രീയ നേതാക്കളടക്കം നിരവധി ബിഗ്ഷോട്ടുകള്‍ ഐപിഎല്‍ ബിസിനസിന്‍റെ ഭാഗം. ഇവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ മോഡി വഹിച്ച പങ്ക് അവഗണിക്കാനാവില്ല. മോഡിയെ വല്ലാതെ പിണക്കിയാല്‍ പുറത്തു വരുന്ന രഹ സ്യങ്ങള്‍ പലരുടെ യും മുഖംമൂടി അഴിക്കും.
വലിയ കോളിളക്കം തന്നെ അതു സൃഷ്ടിക്കും. പരസ്പരം അങ്കംവെട്ടുന്നത് ആര്‍ക്കും ഗുണംചെയ്യില്ലെന്ന് ഇരുപക്ഷത്തെയും ധരിപ്പിക്കാനും കാര്യങ്ങള്‍ ഒതുക്കിത്തീര്‍ക്കാനും മോഡി പുറത്താവുന്നതിനു മുന്‍ പുതന്നെ അണിയറയില്‍ ശ്രമം തുടങ്ങിയിരുന്നു.
ഐപിഎല്‍ കമ്മിഷണര്‍ സ്ഥാനത്തുനിന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ടശേഷം ബിസിസിഐയുമായി ശീതസമരത്തിലായിരുന്ന മോഡി നിലപാടില്‍ അയവുവരുത്തിയത് ധാരണയായശേഷമാണത്രേ.
6ഐപിഎല്ലുമായി ബന്ധപ്പെട്ട രേഖകളെല്ലാം കഴിഞ്ഞദിവസം മോഡി ബിസിസിഐക്കു കൈമാറിയിരുന്നു. തുടര്‍ന്ന് ആരോപണങ്ങളില്‍ വിശദീകരണം നല്‍കുന്നതിന് മേയ് 15വരെ ബിസിസിഐ സമയമനുവദിക്കുകയും ചെയ്തു.
സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ സ്ഥാനഭ്രഷ്ടനായ മോഡി ആവശ്യപ്പെട്ട രേഖകളില്‍ നാലെണ്ണം ബിസിസിഐ കഴിഞ്ഞദിവസം അദ്ദേഹത്തിനു കൈമാറി. മോഡിയുടെ അഭിഭാഷകന്‍ മെഹ്മൂദ അബ്ദി മുഖേനയായിരുന്നു രേഖകളുടെ കൈമാറ്റം.
രണ്ടു കത്തുകള്‍, ഒരു ഇ-മെയ്ല്‍ സന്ദേശം, ഓഹരി ഇടപാടു സംബന്ധിച്ച രേഖകളുടെ കോപ്പി എന്നിവ കൈമാറിയ ഡോക്യുമെന്‍റ്സില്‍ ഉള്‍പ്പെടുന്നു. ആരോപണങ്ങള്‍ തെളിയിക്കാനുതകുന്ന രേഖകളാണ് ഇതെന്നു പറയുന്നുണ്ടെങ്കിലും മോഡിയുടെ നീക്കങ്ങള്‍ സുഗമമാക്കാന്‍ ഇവ ഉപകരിക്കുമെന്നാണു നിരീക്ഷണം. ഈ രേഖകള്‍ക്കുള്ള മറുമരുന്ന് അനായാസം കണ്ടെത്താനാവും മോഡിക്ക്.
ആദ്യ ഷോകോസ് നോട്ടീസിനു മറുപടി നല്‍കുന്നതിനു പത്തു രേഖകളാണു മോഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആറെണ്ണം വാക്കാലുള്ളതായതിനാല്‍ നല്‍കാനാവില്ലെന്നാണു ബിസിസിഐ നിലപാട്. ഇക്കാര്യമറിയിച്ച് ബോര്‍ഡ് സെക്രട്ടറി എന്‍. ശ്രീനിവാസന്‍ ലളിത് മോഡിക്ക് ഇ- മെയ്ല്‍ അയച്ചിട്ടുമുണ്ട്. തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാവുന്നതിന്‍റെ തുടര്‍ച്ചയില്‍ മോഡിയെ ഐപിഎല്‍ തലപ്പത്തു തിരികെ കൊണ്ടുവരാനും സാധ്യത. ഐപിഎല്‍ ഉപദേഷ്ടാവ് പദവിയായിരിക്കും മോഡിക്കുള്ള ഓഫര്‍.