കരീബിയന്‍ കാര്‍ണിവലിന്‍റെ ആവേശപ്പോരാട്ടങ്ങളില്‍ ഇനി നാലു വമ്പന്‍മാര്‍ മാത്രം. ഓസ്ട്രേലിയയും ഇംഗ്ലണ്ടും പാക്കിസ്ഥാനും ലങ്കയും. മിഠായി ക്രിക്കറ്റിലെ രാജകിരീടത്തിനായുള്ള പോരാട്ടവീഥിയില്‍ ഇനി ഇവര്‍ നേര്‍ക്കുനേര്‍ വരും. സിംഹളവീര്യവുമായെത്തുന്ന ശ്രീലങ്കയും ഇയോണ്‍ മോര്‍ഗന്‍റ കീഴില്‍ പുത്തനുണര്‍വു നേടിയ ഇംഗ്ലണ്ടുമായാണ് ആദ്യ സെമി. സെന്‍റ് ലൂസിയയില്‍ ഇന്ന് രാത്രി ഒമ്പതിനാണു മത്സരം.
പ്രാഥമിക റൗണ്ടിലും സൂപ്പര്‍ എട്ടിലും നിലവാരമുള്ള പ്രകടനം കാഴ്ചവച്ച ഇംഗ്ലണ്ടും പ്രതിസന്ധി ഘട്ടങ്ങളില്‍ കരുത്തുകാട്ടുന്ന ലങ്കയും പോരടിക്കുമ്പോള്‍ അതിവേഗ ക്രിക്കറ്റിന്‍റെ സര്‍വ ആവേശവും പിറക്കുമെന്നുറപ്പ്. പതിനെട്ടു വര്‍ഷത്തിനുശേഷം ഒരു മേജര്‍ ടൂര്‍ണമെന്‍റിന്‍റെ സെമിയിലെത്തിയ ഇംഗ്ലണ്ടിന്‍റെ സ്ഥിരതയാണു ശ്രീലങ്കയ്ക്കു പ്രധാന വെല്ലുവിളി. പോള്‍ കോളിങ്വുഡിന്‍റെ കീഴില്‍ സൂപ്പര്‍ എട്ടിലെ എല്ലാ മത്സരങ്ങളും ജയിച്ചാണവരുടെ വരവ്. സൂപ്പര്‍താരം കെവിന്‍ പീറ്റേഴ്സന്‍റെ അഭാവത്തിലും ന്യൂസിലന്‍ഡിനെതിരേ നേടിയ ജയം ഇംഗ്ലിഷ് പടയുടെ കെട്ടുറപ്പു വെളിവാക്കുന്നു.
ക്രെയ്ഗ് കേസ്വെറ്ററും മൈക്കല്‍ ലുംബും തുടക്കത്തിലെ വെടിക്കെട്ടിനു പ്രാപ്തിയുള്ളവര്‍. കോളിങ്വുഡും മോര്‍ഗനും ചേരുമ്പോള്‍ മാന്യമായ സ്കോറുയര്‍ത്താന്‍ ഇംഗ്ലണ്ടിനാവും. മിന്നല്‍ പ്രകടനത്തിനു പേരുകേട്ട ലൂക്ക് റൈറ്റും ഓള്‍ റൗണ്ടര്‍ ബ്രസ്നറും ഇംഗ്ലണ്ട് ലൈനപ്പിനു വൈവിധ്യം നല്‍കുന്നു. റയാന്‍ സൈഡ് ബോട്ടവും ഗ്രെയ്ന്‍ സ്വാനും സ്റ്റുവര്‍ട്ട് ബ്രോഡും മൈക്കല്‍ യാര്‍ഡിയുമടങ്ങിയ ഇംഗ്ലിഷ് ബൗളിങ് നിരയും നിലവാരമുള്ളതാണ്. മറുഭാഗത്തു ലങ്കയാകട്ടെ അത്ര വിശ്വസനീയമായ കളിയല്ല കെട്ടഴിച്ചത്. സൂപ്പര്‍ എട്ടില്‍ ഇന്ത്യയെയും വിന്‍ഡീസിനെയും കീഴടക്കിയെങ്കിലും അവരുടെ സെമിപ്രവേശത്തിനു ഭാഗ്യത്തിന്‍റെ അകമ്പടിയുണ്ടായിരുന്നു. എന്നാല്‍, തിലകരത്നെ ദില്‍ഷന്‍ ഫോമിലേക്കെത്തുന്നതിന്‍റെ സൂചന കാട്ടിയതു ലങ്കയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. എയ്ഞ്ചലോ മാത്യൂസും ചമരാ കപുഗദെരയും ഫോമിലാണെന്നതും അവരുടെ പ്രതീക്ഷ കൂട്ടുന്നു. പക്ഷേ, ജയവര്‍ധനെ- സംഗക്കാര ദ്വയത്തില്‍ തന്നെയാവും അവര്‍ പ്രധാനമായും ആശ്രയിക്കുക. ലസിത് മലിംഗ, തിലന്‍ തുഷാര, എയ്ഞ്ചലോ മാത്യൂസ് എന്നിവര്‍ ഇംഗ്ലിഷ് ബാറ്റിങ് നിരയെ പരീക്ഷിക്കാന്‍ പോന്ന ബൗളര്‍മാരാണ്.