ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ടീമിനെ സ്വന്തമാക്കാതിരുന്നതില്‍ ഇപ്പോള്‍ സന്തോഷം തോന്നുന്നെന്ന് പ്രമുഖ വ്യവസായി ലക്ഷ്മി മിത്തല്‍. ഐപിഎല്‍ ടീമിനെ ഇനി സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്‍ സംബന്ധിച്ച് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ഐപിഎല്‍ ടീം സ്വന്തമാക്കാന്‍ പോകുന്നെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഒരുപക്ഷേ ഇപ്പോഴത്തെ വിവാദങ്ങളെല്ലാം വെറും കെട്ടുകഥകളാകാം. എന്നാല്‍ ഐപിഎല്ലില്‍ ഭാഗമാകുന്നതോടെ കൂടുതല്‍ സമയം അതിനു വേണ്ടി ചെലവാക്കുകയും അധികം ശ്രദ്ധ നല്‍കേണ്ടിയും വരും. അതിന് എനിക്കിപ്പോള്‍ സാധിക്കില്ല, മാത്രവുമല്ല എന്‍റെ പ്രവര്‍ത്തനമണ്ഡലം ഇന്ത്യയല്ല- മിത്തല്‍ പറഞ്ഞു.
എന്‍റെ മരുമകന്‍ ക്രിക്കറ്റില്‍ താത്പര്യമുള്ളയാളാണ്, എന്നാല്‍ ഐപിഎല്ലില്‍ ഭാഗമാകാന്‍ താത്പര്യമില്ല- മിത്തല്‍ വ്യക്തമാക്കി.
ഐപിഎല്ലിലേക്ക് ഇല്ലെന്നു മിത്തല്‍ വ്യക്തമാക്കിയെങ്കിലും രാജ്യത്തെ കായികരംഗത്ത് അദ്ദേഹത്തിന്‍റെതായ സംഭാവനകളുണ്ട്. മിത്തല്‍ ചാംപ്യന്‍ഷിപ്പ് ട്രസ്റ്റ് എന്ന പേരിലുള്ള സംഘടന ബാഡ്മിന്‍റണ്‍ താരം സൈന നെഹ്വാള്‍, ബോക്സിങ് താരങ്ങളായ അഖില്‍ കുമാര്‍, ജിതേന്ദര്‍ കുമാര്‍ എന്നിവരെയും മറ്റു ഷൂട്ടിങ്, ഗുസ്തി താരങ്ങള്‍ക്കും നല്ല പിന്തുണ നല്‍കുന്നുണ്ട്.