വെടിക്കെട്ട് അല്ല അവിശ്വസനീ യം. ഓസ്ട്രേലിയ- പാക്കിസ്ഥാന്‍ സെമിഫൈനലിന്‍റെ വിശേഷണം അതുതന്നെ. മൈക്ക് ഹസിയുടെ(24 പന്തില്‍ 60) അത്യപൂര്‍വ ഇന്നിങ്സില്‍ പാക്കിസ്ഥാനു മേല്‍ ഓസ്ട്രേലിയയ്ക്ക് മൂന്നു വിക്കറ്റ് ജയം. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ശേഷിക്കെ ഓസ്ട്രേലിയ മറികടന്നു.
19 ഓവര്‍ വരെ വിജയം മാത്രമായിരുന്നു പാക്കിസ്ഥാനു മുന്‍പില്‍. പക്ഷേ, ട്വന്‍റി 20 ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്നാംതവണയും പ്രവേശനം പ്രതീക്ഷിച്ച പാക്കിസ്ഥാനു മേല്‍ വെള്ളിടിയായാണു മൈക്ക് ഹസി വീണത്. 19 ഓവര്‍ തുടങ്ങുമ്പോള്‍ ഓസ്ട്രേലിയയുടെ സ്കോര്‍ 158/7. 19ാം ഓവറില്‍ ഹസിയുടെ ബാറ്റില്‍ നിന്നൊഴുകിയത് 16 റണ്‍സ് (4,2,2,2,2,4). അവസാന ഓവറില്‍ വേണ്ടത് 18 റണ്‍സ്. ആദ്യ പന്തില്‍ മിച്ചല്‍ ജോണ്‍സണ്‍ സ്ട്രൈക്ക് ഹസി ക്കു കൈമാറി. പിന്നീടായിരുന്നു പാക്കിസ്ഥാന്‍റെ അന്ത്യകൂദാശ. അവസാന അഞ്ചു പന്തില്‍ ഹസിയുടെ ബാറ്റില്‍ നിന്നു പിറന്നത് - 6,6,4,6 (22 റണ്‍സ്).
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. അക്മല്‍ സഹോദരന്‍മാരുടെ അര്‍ധ സെഞ്ചുറികളാണ് പാക്കിസ്ഥാനെ മികച്ച സ്കോറിലേക്കു നയിച്ചത്. 50 റണ്‍സെടുത്ത ജ്യേഷ്ഠന്‍ കമ്രാന്‍ ടീമിനു മികച്ച തുടക്കം നല്‍കിയപ്പോള്‍, 56 റണ്‍സെടുത്തു പുറത്താകാതെ നിന്ന അനുജന്‍ ഉമര്‍ ഇന്നിങ്സിന് ആവശ്യമായ വേഗം പകര്‍ന്നു. മഴമൂലം അരമണിക്കൂറിലേറെ വൈകിയാരംഭിച്ച മത്സരത്തില്‍ ടോസ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കിന്. കഴിഞ്ഞ മത്സരത്തിലെ കോംബിനേഷനില്‍ മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. മഴയില്‍ കുതിര്‍ന്ന ഫീല്‍ഡില്‍ ബാറ്റിങ് ദുഷ്കരമാകുമെന്ന സൂചനയില്‍ ടോസ് നേടിയ ക്ലാര്‍ക്ക് ബൗളിങ് തെരഞ്ഞെടുത്തു. ടൂര്‍ണമെന്‍റില്‍ ഇതുവരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 47 വിക്കറ്റുകള്‍ പങ്കിട്ടെടുത്ത ബൗളര്‍മാരിലും ക്ലാര്‍ക്കിന് ഏറെ വിശ്വാസം. എന്നാല്‍, ക്ഷമയോടെ പിടിച്ചു നിന്ന് ഷോട്ടുകള്‍ ഉതിര്‍ത്ത പാക് ഓപ്പണര്‍മാര്‍ ഓസ്ട്രേലിയയുടെ പ്രതീക്ഷകള്‍ തകര്‍ത്തു. കമ്രാന്‍ അക്മലും സല്‍മാന്‍ ബട്ടും ഓപ്പണിങ് വിക്കറ്റില്‍ 9.4 ഓവറില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്.