ട്വന്‍റി 20 ലോകകിരീടം തിരിച്ചു പിടിച്ചേ അടങ്ങൂ എന്ന വാശിയില്‍ വെസ്റ്റിന്‍ഡീസിലേക്ക് വിമാനം കയറിയ ഇന്ത്യന്‍ കടലാസു പുലികള്‍ തലകുനിച്ച് നാട്ടില്‍ മടങ്ങിയെത്തി. സൂപ്പര്‍ എയ്റ്റില്‍ എട്ടുനിലയില്‍ പൊട്ടിയ ഇന്ത്യന്‍ താരരാജാക്കന്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു നാണക്കേടു കൂടി എഴുതിച്ചേര്‍ത്ത ശേഷമാണ് തിരികെയെത്തുന്നത്. ഗ്രൂപ്പ് സ്റ്റേജില്‍ രണ്ട് വിജയങ്ങളോടെ ഏറെ പ്രതീക്ഷ ഉയര്‍ത്തിയ ശേഷം സൂപ്പര്‍ എയ്റ്റില്‍ ഓസ്ട്രേലിയ, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക ടീമുകളോട് പൊരുതാതെ കീഴടങ്ങി പുറത്താകുകയായിരുന്നു ഇന്ത്യ.
തോല്‍വിയുടെ സങ്കടം തീര്‍ക്കാന്‍ യുവരാജ് സിങ്ങിന്‍റെ നേതൃത്വത്തില്‍ ആറ് താരങ്ങള്‍ വിന്‍ഡീസില്‍ ബാറില്‍ പോയതും അടിപിടികൂടിയതുമടക്കം ഒട്ടേറെ വിവാദങ്ങളോടെയാണ് ഈ മടങ്ങിവരവ്. ടീമില്‍ പൂര്‍ണ ഫിറ്റ്നസുണ്ടായിരുന്നവര്‍ വിരളമായിരുന്നുവെന്ന കോച്ച് ഗ്യാരി കേസ്റ്റന്‍റെ വെളിപ്പെടുത്തലും എരിതീയില്‍ എണ്ണപകര്‍ന്നിരുന്നു.
രവീന്ദ്ര ജഡേജ, ആര്‍. വിനയ് കുമാര്‍, രോഹിത് ശര്‍മ, ടീം മാനെജര്‍ രഞ്ജിബ് ബിസ്വാള്‍, ഫിസിയോ നിതില്‍ പട്ടേല്‍ എന്നിവര്‍ ഇന്നലെ രാവിലെ മുംബൈ ഛത്രപതി ശിവാജി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തി. ശേഷിച്ചവര്‍ ന്യൂഡല്‍ഹിയിലാണ് വിമാനമിറങ്ങിയത്. മാധ്യമ പ്രവര്‍ത്തകരോട് എന്തെങ്കിലും പറയാന്‍ ആരും തയാറായില്ല. ക്യാപ്റ്റന്‍ എം.എസ്. ധോണി എയര്‍പോര്‍ട്ടിന്‍റെ പിന്‍വശത്തുകൂടിയുള്ള വാതിലിലൂടെയാണ് പുറത്തുകടന്നത്.