വനിതാ ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ സ്വപ്നം പൊലിഞ്ഞു. സെമിയില്‍ ഓസ്ട്രേലിയയ്ക്കു മുന്നില്‍ ഏഴുവിക്കറ്റിനാണ് ഇന്ത്യന്‍ പെണ്‍കരുത്ത് തലകുനിച്ചത്. ഓസീസ് ക്യാപ്റ്റന്‍ അലക്സ് ബ്ലാക്ക്വെലിന്‍റെ പ്രകടനം മത്സരഫലത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ന്യൂസിലന്‍ഡ് - വെസ്റ്റിന്‍ഡീസ് മത്സരത്തിലെ വിജയികളെ ഫൈനലില്‍ ഓസീസ് നേരിടും. സ്കോര്‍: ഇന്ത്യ- 119/5 (20ഓവര്‍). ഓസ്ട്രേലിയ-123/3 (18.5ഓവര്‍). ബ്ലാക്ക്വെല്‍ പ്ലെയര്‍ ഒഫ് ദ മാച്ച്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഓപ്പണര്‍ പൂനം റാവത്തും (44) മധ്യനിരക്കാരി ഹര്‍മന്‍ പ്രീത് കൗറും (24) ഒരുമിച്ച കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. രണ്ടാം വിക്കറ്റില്‍ റാവത്തുമായി ചേര്‍ന്ന് 29 റണ്ണിന്‍റെ സഖ്യമുണ്ടാക്കിയ സൂപ്പര്‍ ബാറ്റ്സ്വുമണ്‍ മിഥാലി രാജിന്‍റെ (16) പുറത്താകല്‍ ഇന്ത്യയ്ക്കു തിരിച്ചടിയായി. പിന്നീട് റാവത്തും കൗറും കൂട്ടിച്ചേര്‍ത്ത 57റണ്‍സ് ഇന്ത്യയെ താങ്ങി നിര്‍ത്തി. ക്യാപ്റ്റന്‍ ഝുലന്‍ ഗോസ്വാമി(0) റണ്ണൗട്ടായി. പതിനേഴാം ഓവറില്‍ ക്യാപ്റ്റന്‍റേതുള്‍പ്പെടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായതാണ് ഇന്ത്യയെ ബാക് ഫൂട്ടിലാക്കിയത്. ഓസീസിനുവേണ്ടി ഫാരെല്‍ പെറി, സ്റ്റലേക്കര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഇന്ത്യയ്ക്കു മറുപടി പറയാനിറങ്ങിയ ഓസ്ട്രേലിയയ്ക്കും തുടക്കത്തിലെ വിക്കറ്റ് നഷ്ടം. എലിസി വില്ലാനി (0) ഗോസ്വാമിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. പിന്നീട് നിഷ്കെയും ബ്ലാക്ക്വെലും കളിയുടെ നിയന്ത്രണമേറ്റെടുത്തു. നിഷ്കെ രണ്ടാം ഓവറി ല്‍ രണ്ടു ബൗണ്ടറിയടിച്ചു. പ്രിയങ്ക റോയിയുടെ മൂന്നു ഫുള്‍ടോസുകള്‍ അതിര്‍ത്തി കടത്തി ബ്ലാക്ക്വെലും കത്തിക്കയറി. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പഴുതുനല്‍കാതെ കളിച്ച ബ്ലാക്ക്വെല്‍ സ്വന്തമാക്കിയത് എട്ടുഫോറുകള്‍. ബ്ലാക്ക്വെലിനൊപ്പം പൗള്‍ട്ടനും(30) ഫോമിലെത്തിയതോടെ ഓസ്ട്രേലിയ അനായാസം ലക്ഷ്യത്തിലെത്തി. ഇന്ത്യയ്ക്കുവേണ്ടി സ്പിന്നര്‍ പ്രിയങ്ക റോയ് രണ്ടു വിക്കറ്റ് വീഴ്്ത്തി