ട്വന്റി-20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റശേഷം പബ്ബിലെത്തി ആരാധകരുമായി തല്ലുണ്ടാക്കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ താരം ആഷിഷ് നെഹ്‌റ. ഇത്തരമൊരു സംഭവത്തെക്കുറിച്ച് ലണ്ടനില്‍ വെച്ചാണ് ആദ്യമായി കേള്‍ക്കുന്നതെന്നും നെഹ്‌റ പറഞ്ഞു.
ഞങ്ങള്‍ തല്ലുണ്ടാക്കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ എവിടെ നിന്നാണ് വന്നതെന്ന് എനിക്കറിയില്ല. സത്യം പറഞ്ഞാന്‍ ഹോട്ടലില്‍ ഒന്നും സഭവിച്ചിട്ടില്ല. ഞങ്ങള്‍ അവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു എന്നത് ശരിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ് ആരാധകര്‍ അവിടെ എത്തിയിരുന്നു. ആരെങ്കിലും വഴക്കുണ്ടാക്കിയതായി എനിക്ക് അറിയില്ല-നെഹ്‌റ പറഞ്ഞു.
ധോണിയെ ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റുമെന്ന അഭ്യൂഹങ്ങളെയും നെഹ്‌റ നിഷേധിച്ചു. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതും ഏകദിന റാങ്കിങ്ങില്‍ രണ്ടാമതും ഇന്ത്യ എത്തിയത് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ്. ഒന്നോ രണ്ടോ ട്വന്റി 20 മല്‍സരങ്ങള്‍ തോറ്റതുകൊണ്ട് ക്യാപ്റ്റനെതിരെ പടയൊരുക്കം നടത്തുന്നത് ശരിയല്ല.
കഴിഞ്ഞ പതിനെട്ടു മാസത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേടിയെടുത്ത നേട്ടങ്ങള്‍ വലുതാണ്. ഒരാളുടെ കഴിവുകൊണ്ടോ കഴിവുകേടുകൊണ്ടോ അല്ല ഇന്ത്യ മല്‍സരങ്ങള്‍ ജയിക്കുന്നതും തോല്‍ക്കുന്നതും. ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണിയുടെ സംഭാവനകള്‍ എല്ലാവര്‍ക്കും
അറിവുള്ളതാണെന്നും നെഹ്‌റ പറഞ്ഞു.
ശ്രീലങ്കയുമായുള്ള നിര്‍ണായക മല്‍സരത്തില്‍ പരാജയപ്പെട്ട ശേഷം പബ്ബിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ ആരാധകരുമായി തല്ലുണ്ടാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കളിക്കാരും പബ്ബുടമയും ബിസിസിഐയും ഇത് നിഷേധിക്കുകയായിരുന്നു