ലോക ക്രിക്കറ്റിലെ ചിരകാല വൈരികള്‍ ഒരിക്കല്‍ കൂടി നേര്‍ക്കു നേര്‍. കുട്ടിക്രിക്കറ്റിന്‍റെ വലിയ ഫൈനലില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഇന്ന് നേര്‍ക്ക് നേര്‍ വരുമ്പോള്‍ അത് വെറും കുട്ടിക്കളിയാവില്ല. ലോക ക്രിക്കറ്റിലെ കിരീടങ്ങളൊന്നും ഓസ്ട്രേലിയയില്‍ എത്താതെ പോയിട്ടില്ലെന്ന ഓസ്ട്രേലിയന്‍ ഹുങ്കിന് കെവിന്‍ പീറ്റേഴ്സന്‍റെ ഇംഗ്ലണ്ട് എങ്ങനെ മറുപടി പറയുമെന്ന് കാണാന്‍ കണ്‍പാര്‍ക്കുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് കലാശപ്പോര് തുടങ്ങുക.
സൂപ്പര്‍ ഫോമില്‍ തുടരുന്ന ഓസ്ട്രേലിയയ്ക്ക് ഫൈനലുകള്‍ പുത്തരിയല്ല. കലാശക്കളികള്‍ എങ്ങനെ കൈക്കലാക്കണമെന്ന് അവര്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യവുമില്ല. എങ്കിലും ഇതുവരെ വഴങ്ങാത്ത ട്വന്‍റി-20 ലോക കിരീടം ഷോകേസിലെത്തിക്കാന്‍ കംഗാരുപ്പട എന്ത് തന്ത്രമായിരിക്കും സ്വീകരിക്കുക എന്നതാണ് ഏവരുടെയും ആകാംക്ഷ.
മറുവശത്ത് ലോകകപ്പ് ഇംഗണ്ടിലേക്ക് എത്തിക്കാനായില്ലെങ്കില്‍ പോലും ഇക്കുറി ഇംഗീഷുകാര്‍ക്ക് അഭിമാനിക്കാം. പോരാട്ടവീര്യമുള്ള ടീമാണ് ഇംഗ്ലണ്ടെന്ന് ഇതിനോടകം അവര്‍ തെളിയിച്ചുകഴിഞ്ഞു. ക്രിക്കറ്റിന്‍റെ തറവാടെന്ന മഹിമയുണ്ടെങ്കിലും ലോക കിരീടങ്ങളൊന്നും നേടാനാവാത്തത്തിന്‍റെ നാണക്കേട് മാറ്റാനായിരിക്കും കോളിംഗ്‌വുഡും സംഘവും ഇന്നിറങ്ങുക. തുടര്‍ച്ചയായ നാലു വിജയങ്ങള്‍ സ്വന്തമാക്കിയ ടീമില്‍ മാറ്റമില്ലാതെയാവും ഇംഗണ്ട് ഇറങ്ങുക.
ടൂര്‍ണമെന്‌റില്‍ ഇതുവരെ ഒരൊറ്റ മാറ്റം മാത്രമേ ഓസ്ട്രേലിയ നടത്തിയിട്ടുള്ളൂ. അതും മിച്ചല്‍ ജോണ്‍സണു പകരം ഹാരിസിനെ കൊണ്ടു വന്നപ്പോള്‍. ജോണ്‍സണ്‍ തിരികെയെത്തിയ പശ്ചാത്തലത്തില്‍ മാറ്റങ്ങളില്ലാതെയാവും ഓസ്ട്രേലിയയും കളിക്കുക. എന്തായാലും ഓസ്ട്രേലിയന്‍ പേസ് നിരയും ഇംഗീഷ് ബാറ്റ്സ്മാന്മാരും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാവും കെന്‍സിങ്ങ്ടണ്‍ ഓവല്‍ സാക്ഷിയാവുക.
2007ല്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് കംഗാരുക്കള്‍ ലോകകപ്പില്‍ മുത്തമിട്ടതും ബാര്‍ബഡോസിലെ ഇതേ ഗ്രൗണ്ടിലാണ്