പിതാക്കന്‍മാരുമായോ
പിതൃതുല്യരായ വ്യക്തികളുമായോ പുത്രന്‍മാര്‍ക്കുള്ള സ്നേഹദ്വേഷബന്ധം
ലോകസിനിമയിലെ ഇഷ്ടപ്രമേയങ്ങളിലൊന്നാണ്. കേരളത്തില്‍ ഫിലിം സൊസൈറ്റികളുടെ
പ്രദര്‍ശനങ്ങളിലും സ്‌കൂളുകളിലും ഏറ്റവുമധികം പ്രദര്‍ശിപ്പിക്കപ്പെട്ട
സിനിമകളെന്നു വിശേഷിപ്പിക്കാവുന്ന വിറ്റോറിയോ ഡിസീക്കയുടെ ബൈസിക്കിള്‍
തീവ്‌സും (1948), ചാര്‍ലി ചാപ്ലിന്റെ ദ കിഡും (1921) പിതാക്കളും
പുത്രന്‍മാരും തമ്മിലുള്ള ബന്ധത്തെയാണ് ഒരു പരിധിവരെ ചിത്രീകരിക്കുന്നത്.
നിയോറിയലിസ പ്രസ്ഥാനത്തിന്റെ ഉദാഹരണ ചിത്രമെന്ന രീതിയില്‍ ലോകമെമ്പാടും
പ്രദര്‍ശിപ്പിക്കപ്പെടുന്ന 'ബൈസിക്കിള്‍ തീവ്‌സ്' കുട്ടികള്‍ക്കായുള്ള
മികച്ച സിനിമകളുടെ പട്ടികയില്‍ എന്നും മുമ്പില്‍ത്തന്നെ. ബ്രിട്ടീഷ് ഫിലിം
ഇന്‍സ്റ്റിറ്റിയൂട്ട് തയ്യാറാക്കിയ 'കുട്ടികള്‍ 14 വയസ്സാവുന്നതിനു മുമ്പ്
കണ്ടിരിക്കേണ്ട 50 ചലച്ചിത്ര'ങ്ങളുടെ പട്ടികയില്‍ 'ബൈസിക്കിള്‍ തീവ്‌സ്'
ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 'ദ കിഡും' സ്വാഭാവികമായി ഈ
പട്ടികയിലെ പ്രമുഖ സിനിമയാണ്.
സാമ്പത്തിക മാന്ദ്യത്തിന്റെ ഇരുണ്ട കാലത്തിന് ദൃശ്യഭാഷ്യമൊരുക്കുന്ന
'ബൈസിക്കിള്‍ തീവ്‌സും' ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തില്‍ അനാഥ ബാലനും
ചാപ്ലിന്‍ കഥാപാത്രവും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്ന 'കിഡും'
കരുതലിന്റെതായ പിതൃസ്വരൂപങ്ങളെയാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ സമകാലിക
ലോകസിനിമയിലെ പ്രമുഖ സംവിധായകരുടെ സിനിമകളില്‍ പലതിലും അകലങ്ങളില്‍
അപ്രാപ്യമായിരിക്കുന്ന അധികാരം കൈയാളുന്ന വ്യക്തിത്വമായാണ് പിതാവ്
കടന്നുവരുന്നത്.
അമ്മയുടെ രൂപരഹിതമായ സ്നേഹപ്രപഞ്ചത്തില്‍നിന്നും അച്ചടക്കത്തിന്റെ
അതിര്‍വരമ്പിട്ട പിതൃലോകത്തിലൂടെ നിര്‍വാഹകത്വമുള്ള വ്യക്തികളിലേക്കുള്ള
കുട്ടികളുടെ വളര്‍ച്ചയാണ് ഈ സിനിമകള്‍ പലതും ദൃശ്യവത്കരിക്കുന്നത്.
സമൂഹശീലങ്ങളുടെ തിരിച്ചറിവിലേക്കുള്ള കഠിനപാതകളെ സൂചിപ്പിച്ചുകൊണ്ട്
യാത്രകള്‍ ഈ സിനിമകളുടെ ദൃശ്യലോകനിര്‍മിതിയില്‍ പ്രധാനമാവുകയും ചെയ്യുന്നു.
'കളര്‍ ഓഫ് പാരഡൈസ്', 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' എന്നീ കുട്ടികള്‍ക്കായുള്ള
ലോക ക്ലാസിക്കുകളുടെ സംവിധായകനായ ഇറാനില്‍നിന്നുള്ള മജീദ് മജീദിയുടെ
'ഫാദര്‍' (1996), 2000ത്തിനുശേഷം പുറത്തിറങ്ങിയ ആനിമേഷന്‍ സിനിമകളിലെ
ക്ലാസിക്കായി പരിഗണിക്കപ്പെടുന്ന 'ഫൈന്‍ഡിങ് നീമോ' (2003), 2004ല്‍ വെനീസ്
ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയ 'ദ റിട്ടേണ്‍' എന്നീ
സിനിമകള്‍ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണതലങ്ങളെയാണ്
ദൃശ്യഭാഷയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നത്.
കടലില്‍നിന്നും ഒരു ഫിഷ്ടാങ്കില്‍ എത്തിപ്പെടുന്ന തന്റെ മകനെത്തേടി ഒരു
മത്സ്യപിതാവ് നടത്തുന്ന യാത്രയെ ചിത്രീകരിക്കുന്ന 'ഫൈന്‍ഡിങ് നീമോ' ചെറിയ
കുട്ടികളുടെവരെ സംവേദനശീലങ്ങള്‍ക്ക് ഇണങ്ങുംവിധമാണ്
ചിത്രീകരിച്ചിരിക്കുന്നത്. കാര്യമായ സംഘര്‍ഷങ്ങളില്ലാതെ, അച്ഛനും മകനും
തമ്മിലുള്ള സ്നേഹബന്ധത്തെ ചിത്രീകരിക്കുന്ന ഈ സിനിമ ഡിവിഡി വില്പനയില്‍
ലോകറെക്കോഡിട്ടതില്‍ അത്ഭുതപ്പെടാനില്ല. മറവി രോഗമുള്ള ഒരു
മത്സ്യത്തിനൊപ്പം അച്ഛന്‍ മകനെത്തേടി നടത്തുന്ന സാഹസികയാത്ര ആനിമേഷന്റെ
മുഴുവന്‍ ഭംഗിയും ആവാഹിച്ചുകൊണ്ട് കുട്ടികളെ ആകര്‍ഷിക്കും.
തന്റെ കൂടുതല്‍ മികച്ച സിനിമകളിലേക്ക് മജീദ് മജീദി നടത്തിയ ഒരുക്കമായി
പരിഗണിക്കാവുന്ന ഫാദറും 'ബാനിഷ്‌മെന്റ്' എന്ന ചിത്രത്തിന്റെ സംവിധാനത്തോടെ
റഷ്യയിലെ പുതിയ താര്‍ക്കോവ്‌സ്‌നിയായി വിശേഷിപ്പിക്കപ്പെടുന്ന ആന്ദ്രേയി
സ്യാഗിനിറ്റ്‌സേവിന്റെ 'റിട്ടേണും' പിതൃ-പുത്ര ബന്ധത്തിലെ
ദുരന്തഭാവങ്ങളെവരെ സ്പര്‍ശിക്കുന്നു. പിതാവിന്റെ മരണശേഷം തന്റെ അമ്മയെ
വിവാഹം ചെയ്ത മനുഷ്യനുമായി ഒരു 14 കാരന്‍ പുലര്‍ത്തുന്ന ശത്രുതയാണ്
മജീദിയുടെ ഫാദര്‍ പ്രമേയമാക്കുന്നത്.
സംഘര്‍ഷം സഹോദരങ്ങളുടെ തട്ടിക്കൊണ്ടുപോകലിലേക്കും മറ്റും മൂര്‍ച്ഛിച്ചശേഷം
രണ്ടാനച്ഛനും 14 കാരന്‍ മെഹൊറൊള്ളയും നടത്തുന്ന യാത്ര തിരിച്ചറിവിന്റെ
പുതിയ പാതയിലാണെത്തുന്നത്. പുരുഷനിലേക്ക് വളരുന്ന ആണ്‍കുട്ടിക്ക്
പിതാവുമായുണ്ടാവുന്ന മനഃശാസ്ത്രസംഘര്‍ഷത്തെ രണ്ടാനച്ഛനോടുള്ള സ്വാഭാവിക
വിരോധത്തിന്റെ തലത്തില്‍ വിശകലനം ചെയ്യുകയാണ് മജീദ് മജീദി.
ഈ സിനിമകളിലെല്ലാം ആവര്‍ത്തിക്കുന്ന യാത്രയെ അസാധാരണമായ ദൃശ്യാനുഭവമാക്കി
മാറ്റിക്കൊണ്ട് അച്ഛനും ആണ്‍മക്കളും തമ്മിലുള്ള ഏറ്റുമുട്ടലുകളെ അഗാധമായ
ദുരന്താനുഭവമാക്കി പരിവര്‍ത്തിപ്പിച്ചിരിക്കുകയാണ് 'റിട്ടേണി'ല്‍. 12
വര്‍ഷത്തെ അസാന്നിധ്യത്തിനുശേഷം തിരിച്ചുവരുന്ന പിതാവിനൊപ്പം
രണ്ടാണ്‍മക്കള്‍ ഒരു ദ്വീപിലേക്ക് നടത്തുന്ന യാത്രയാണ് 'റിട്ടേണി'ന്റെ
ദൃശ്യപഥത്തിലുള്ളത്. പിതാവിന്റെ അസാന്നിധ്യത്തെ, കരുതലോടെയുള്ള
സ്നേഹസ്പര്‍ശത്താല്‍ മക്കളുടെ അനുഭവലോകത്തില്‍നിന്ന് മാറ്റിക്കളഞ്ഞ
ഒരമ്മയുടെ ലോകത്തുനിന്നും അച്ചടക്കത്തിന്റെ കാര്‍ക്കശ്യത്തിലൂടെ മക്കളെ
നിയന്ത്രിക്കുന്ന പിതാവിന്റെ ലോകത്തിലേക്ക് മക്കള്‍
എടുത്തെറിയപ്പെടുകയാണ്.
അച്ഛനും മക്കളും നടത്തുന്ന 'അവധിക്കാലയാത്ര' ഒടുവില്‍ മക്കളില്‍ ഇളയവനായ
ഇവാനും പിതാവും തമ്മിലുള്ള അധികാരപ്പോരായി മാറുന്നു. സംഘര്‍ഷം
ശമിപ്പിക്കാന്‍ മൂത്തവനായ ആന്ദ്രേയി നടത്തുന്ന ശ്രമങ്ങളൊന്നും ദ്വീപില്‍
സംഭവിക്കുന്ന വന്‍ദുരന്തത്തെ ഒഴിവാക്കുന്നില്ല. ദുരന്തത്തെത്തുടര്‍ന്ന്
മൂത്തപുത്രന്‍ പിതൃഭാവമാര്‍ജിക്കുന്നതോടെ, അച്ഛനും മക്കളും തമ്മില്‍
പരസ്പരമുള്ള തിരിച്ചറിവില്‍ നിന്നുടലെടുത്ത സ്നേഹസാധ്യതകളിലേക്ക് ചിത്രം
അന്വേഷിച്ചുപോകുന്നു.
കമ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം ഏതാണ്ട് ഒരു
വ്യാഴവട്ടത്തിനുശേഷമെത്തിയ ഈ സിനിമയിലെ, 12 വര്‍ഷത്തിനുശേഷമെത്തുന്ന
പിതാവിന്റെ മക്കളോടുള്ള ബന്ധത്തെ റഷ്യക്കാരുടെ കമ്യൂണിസ്റ്റ്
ഭരണകൂടത്തോടുള്ള സ്നേഹ-ദ്വേഷ ബന്ധത്തിന്റെ ഒരു മറുഭാഷ്യമായി ചില നിരൂപകര്‍
വായിച്ചെടുത്തിട്ടുണ്ട്. സ്ഥൂലരാഷ്ട്രീയത്തിന്റെ രൂപകാത്മക
ചിത്രീകരണത്തേക്കാളുപരി അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിലുള്ള
പുരുഷാധികാരപ്രയോഗങ്ങളിലെ സൂക്ഷ്മരാഷ്ട്രീയത്തെയാണ് അടിമുടി ദുരന്തഭാവം
പൂണ്ടുനില്‍ക്കുന്ന ഈ സിനിമ ദൃശ്യവത്കരിക്കുന്നതെന്ന് പറയാവുന്നതാണ്.
(അമ്മയെ തേടി യാത്ര ചെയ്യുന്ന ഒരു ബാലനും സമാനമായ സാഹചര്യങ്ങളില്‍
വളര്‍ന്നുവന്ന ഒരു മനുഷ്യനും തമ്മിലുള്ള ബന്ധത്തിലൂടെ ജാപ്പനീസ്
സമൂഹത്തില്‍ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തില്‍
ഉടലെടുക്കുന്ന അന്യവത്കരണത്തെ ചിത്രീകരിക്കുന്ന താക്കോഷികിത്താനോയുടെ
കിക്കുജിറോ (1999)യെ ഈ സിനിമകള്‍ക്കൊപ്പം
ഓര്‍ക്കാവുന്നതാണ്).കുട്ടികള്‍ക്കുള്ള സിനിമകളുടെ പരമ്പരാഗത മാതൃകകളെ
പൊളിച്ചെഴുതുന്ന റിട്ടേണിന്റെ ദുരന്തഗാംഭീര്യം പൂണ്ട ശൈലിയില്‍ നിന്ന്
വ്യത്യസ്തമായി കുട്ടിക്കളികളുടെ ഘനമില്ലായ്മയില്‍ നവമായ ചലച്ചിത്ര
സാധ്യതകള്‍ അന്വേഷിക്കുന്ന സിനിമയാണ് ട്രിക്ക്‌സ്.
2007ലിറങ്ങിയ ഈ ചിത്രം 2009-ലെ ഓസ്‌കര്‍ അവാര്‍ഡിനുള്ള പോളണ്ടിന്റെ
ഔദ്യോഗിക എന്‍ട്രിയായിരുന്നു. സംവിധായകന്‍ ആന്ദ്രേജാക്കിമോവ്‌സ്‌ക്കി
തന്റെ സഹോദരിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഈ സിനിമ ആറു വയസ്സുകാരനായ
സ്റ്റെഫക്ക്, തന്നെയും തന്റെ അമ്മയെയും വിട്ടുപോയ പിതാവെന്നു കരുതുന്ന ഒരു
മനുഷ്യനെ തിരിച്ചുകൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രീകരിക്കുന്നത്.
18കാരിയായ സഹോദരി എല്‍ക്കെക്കും അവളുടെ കാമുകനുമൊപ്പം വെയില്‍ നിറയുന്ന
വേനലില്‍ പലവിധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സ്റ്റെഫിക്കിന്റെ
ചലനങ്ങളില്‍ ഒരു പിതൃരൂപത്തിന്റെ അസാന്നിധ്യം പ്രകടമാവുന്നുണ്ട്.
കൊച്ചുത്യാഗങ്ങളിലൂടെ വിധിയെ മാറ്റിയെഴുതാനാവുമെന്ന് സഹോദരിയില്‍നിന്ന്
മനസ്സിലാക്കുന്ന സ്റ്റെഫക്കിന്റെ പിതാവിലേക്കുള്ള യാത്രകളെ അതിലളിതമെന്നു
തോന്നിപ്പിക്കുന്ന, എന്നാല്‍ ചിത്രീകരിക്കാന്‍ ഏറ്റവും വിഷമകരമായ
ദൃശ്യതുടര്‍ച്ചകളിലൂടെ ഈ സിനിമ പിന്തുടരുന്നു. കഥാപാത്രങ്ങളുടെ
ഉപരിതലപ്രവൃത്തികളുടെ അസാധാരണമായ ലാഘവത്വത്തെ, വിഷാദഭാവം
പൂണ്ടുനില്‍ക്കുന്ന ഒരു ദൃശ്യഭാഷയിലേക്ക് സംവിധായകന്‍ ഈ സിനിമയില്‍
പരിവര്‍ത്തിപ്പിക്കുന്നു.
പോളണ്ടിലെ ഒരു കൊച്ചുനഗരത്തിലെ ആകാശത്തുപറക്കുന്ന പ്രാവിന്‍കൂട്ടവും
സ്റ്റേഷനിലൂടെ കടന്നുപോകുന്ന ട്രെയിനുകളുമെല്ലാം തീര്‍ക്കുന്ന
'ട്രിക്ക്‌സി'ന്റെ ദൃശ്യലോകം പ്രേക്ഷകന് വാക്കുകളില്‍ വിവരിക്കാവുന്ന
ഒരുപ്രമേയവും നല്‍കുന്നില്ല. അപൂര്‍വ ലാഘവത്വമാര്‍ജിക്കുന്ന ഒരു
ദൃശ്യഭാഷയിലൂടെ ചലച്ചിത്രങ്ങളെക്കുറിച്ചുള്ള പഴഞ്ചന്‍ കാഴ്ചക്കോണുകളെ ഒരു
കളിയിലൂടെയെന്നവണ്ണം 'ട്രിക്ക്‌സ്' പുതുക്കിയെഴുതുന്നു.