പ്രശസ്ത ഇന്ത്യന്‍
സംവിധായകനായ ശേഖര്‍ കപൂര്‍ ലോകത്തെ പ്രശസ്ത സംവിധായകനായ ടിം ബര്‍ട്ടനെ
ഇന്ത്യന്‍ സിനിമ ചെയ്യാനായി ക്ഷണിച്ചു. കാന്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറികളായ
ഇരുവരും തമ്മില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ശേഖര്‍കപൂര്‍ തന്റെ
ബ്ലോഗില്‍ വെളിപ്പെടുത്തി. വിവിധ രാജ്യങ്ങളുടെ ചരിത്രങ്ങള്‍
മനസ്സിലാക്കാന്‍ ഏറെ താത്പര്യമുള്ള വ്യക്തിയാണ് ബര്‍ട്ടന്‍.
ഇന്ത്യയെക്കുറിച്ച് അദ്ദേഹം വളരെ മതിപ്പോടെയാണ് സംസാരിച്ചതും ശേഖര്‍
പറയുന്നു. ഇന്ത്യയെ കണ്ടു മനസ്സിലാക്കാനും മനോഹരമായ ലൊക്കേഷനുകളില്‍വെച്ച്
ചിത്രം ഷൂട്ട് ചെയ്യാനും താന്‍ അദ്ദേഹത്തെ ക്ഷണിച്ചെന്നുമാണ് ശേഖര്‍
പറഞ്ഞത്. ഫാന്റസി ചിത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന ബര്‍ട്ടന്
ഇന്ത്യയിലെ നാടോടിക്കഥകള്‍ ഒരു സിനിമയ്ക്കുള്ള കഥയേകുമെന്നും അദ്ദേഹത്തെ
പറഞ്ഞു ബോദ്ധ്യപ്പെടുത്തി. ബാറ്റ്മാന്‍, ബാറ്റ്മാന്‍ റിട്ടേണ്‍സ്,
പ്ലാനറ്റ് ഓഫ് ദ ഏപ്‌സ്, ചാര്‍ളി ആന്‍ഡ് ചോക്കലേറ്റ് ഫാക്ടറി, സ്വീനി
ടോഡ്: ദ ഡെമണ്‍ ബാര്‍ബര്‍ ഓഫ് ഫ്‌ളീറ്റ് സ്ട്രീറ്റ്, ആലിസ് ഇന്‍
വണ്ടര്‍ലാന്‍ഡ് എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളെടുത്ത് വിജയം കൊയ്ത ബര്‍ട്ടന്
ഇന്ത്യന്‍ കഥകളില്‍ നിന്നു സ്വീകരിക്കാന്‍ ധാരാളമുണ്ടെന്നുകൂടി ശേഖര്‍
കപൂര്‍ വ്യക്തമാക്കിയത്രെ. കാന്‍ ഫിലിം ഫെസ്റ്റിവലിലെ ജൂറിയാകുക
എന്നതുതന്നെ വളരെ സന്തോഷം തരുന്നുണ്ട്. എന്നാല്‍ തന്റെ ഇഷ്ടസംവിധായകനായ
ടിം ബര്‍ട്ടന്റെ കൂടെയാവുക എന്നത് ഏറെ സന്തോഷമേകുന്നെന്നും അദ്ദേഹം
ബ്ലോഗില്‍ പറഞ്ഞു.