മെക്‌സിക്കന്‍ താരം ബാര്‍ബറ മോറിക്ക് പിന്നാലെ അമേരിക്കന്‍ നടി സാറതോംപ്‌സണും ബോളിവുഡില്‍ എത്തുന്നു.
കത്രീന കൈഫ് സോണിയാഗാന്ധിയുടെ വേഷത്തിലെത്തുന്ന പ്രകാശ്ഝായുടെ 'രാജ്‌നീതി' യിലൂടെയാണ് സാറയുടെ അരങ്ങേറ്റം.
രണ്‍ബീര്‍ കപൂറിന്റെ അമേരിക്കന്‍ ഗേള്‍ഫ്രണ്ടിന്റെ വേഷമാണ് സാറയ്ക്ക്.
''ഒന്നും ആഗ്രഹിക്കാത്ത നിഷ്‌കളങ്കയായ പെണ്‍കുട്ടി, പക്ഷേ, എല്ലാം
നഷ്ടപ്പെട്ടവള്‍''- സാറയുടെ കഥാപാത്രത്തെക്കുറിച്ച് അണിയറ പ്രവര്‍ത്തകരുടെ
വിശേഷണമിതാണ്.
രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിലെ ചില
സംഭവവികാസങ്ങളെത്തുടര്‍ന്ന് നാട്ടിലെത്തുന്ന രണ്‍ബീറിനെ തേടിയാണ് സാറ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തുന്നത്.നാനാപടേക്കര്‍, അജയ്‌ദേവ്ഗണ്‍,
അര്‍ജുന്‍രാംപാല്‍, മനോജ്ബാജ്‌പെയ്, നസറുദ്ദീന്‍ ഷാ തുടങ്ങി വന്‍ താരനിര
അണിനിരക്കുന്ന 'രാജ്‌നീതി' ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍
കാത്തിരിക്കുന്നത്. റിലീസിങ്ങിന് മുമ്പ് തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട
ചിത്രം തനിക്ക് ഗുണം ചെയ്യുമെന്നാണ് സാറയുടെ പ്രതീക്ഷ.
ഹൃത്വിക്‌റോഷന്റെ 'കൈറ്റ്‌സി'ലൂടെ ബാര്‍ബറ മോറി ശ്രദ്ധിക്കപ്പെട്ടത്
സാറയ്ക്ക് ആത്മവിശ്വാസം പകരുന്നു. 'കൈറ്റ്‌സി'ന്റെ വിദേശപതിപ്പില്‍
ബാര്‍ബറമോറി ടോപ്‌ലെസ് ആയി പ്രത്യക്ഷപ്പെട്ടതാണ് അവര്‍ക്ക് വാര്‍ത്തകളില്‍
ഇടം നേടിക്കൊടുത്തത്. സെന്‍സര്‍ ബോര്‍ഡ് അനുവദിക്കാത്തതിനാല്‍ ഈ രംഗം
ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നില്ല.
ശ്രീലങ്കന്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും ഈ വര്‍ഷം ശ്രദ്ധ നേടിയ വിദേശ
താരമാണ്. 'ഹൗസ്ഫുള്ളി'ലെ ഐറ്റം നമ്പറാണ് ജാക്വിലിന് ആരാധകരെ
നേടിക്കൊടുത്തത്.
അടുത്ത ഊഴം സാറയുടേതാകുമെന്നതില്‍ സംശയിക്കേണ്ടതില്ല. 1997 മുതല്‍
അമേരിക്കന്‍ സിനിമാ, ടെലിവിഷന്‍ രംഗത്ത് സക്രിയമാണ് സാറ.
രണ്ടായിരത്തിലിറങ്ങിയ ഹിറ്റ് കോമഡി ചിത്രം 'ക്രൂവല്‍ ഇന്ററ്റെന്‍ഷന്‍സ്-2'
ലെ വേഷം ഈ സുന്ദരിക്ക് പ്രേക്ഷക-നിരൂപക പ്രീതി നേടിക്കൊടുത്തിരുന്നു.
ആദ്യ ചിത്രമായ 'ദ് ഐസ് സ്റ്റോം' മുതല്‍ 2009 ല്‍ ഇറങ്ങിയ 'ടേക്കിങ്
ചാന്‍സ്' വരെ 12 സിനിമകള്‍ സാറയുടേതായി പുറത്തിറങ്ങി. 'ഫോക്‌സ്',
'സി.ബി.എസ്.' 'ഡബ്ല്യു.ബി.' 'എ.ബി.സി.', 'എച്ച്.ബി.ഒ.' തുടങ്ങിയ
ചാനലുകളിലെ ഒട്ടനവധി സീരിയലുകളിലും മറ്റു ഷോകളിലും ഇവര്‍
വേഷമിട്ടിട്ടുണ്ട്.
ആയോധനകലയിലും സംഗീതത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ച ഈ മുപ്പതുകാരി
നിരവധി പരസ്യ ചിത്രങ്ങളിലും മ്യൂസിക് വീഡിയോകളിലും
പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റേഡിയോ നാടകരംഗത്തും നിറസാന്നിധ്യമാണ്.
പതിറ്റാണ്ടിലേറെയുള്ള അനുഭവ പരിജ്ഞാനവുമായാണ് ഒടുവില്‍ സാറ ബോളിവുഡില്‍
അരങ്ങേറുന്നത്. 'രാജ്‌നീതി' യുടെ വിജയം താരത്തിന്റെ ഭാവിയും നിര്‍ണയിക്കും.