അഭിസാരികയായി അഭിനയിച്ചത് ഏറെ രസകരമായ കാര്യമായിരുന്നു എന്ന് ‘ഹൈസ്കൂള്‍ മ്യൂസിക്കല്‍’ സ്റ്റാര്‍ വനേസ ഹഡ്ജന്‍സ്. ‘സക്കര് പഞ്ച്’ എന്ന പുതിയ ചിത്രത്തിലാണ് വനേസ അഭിസാരികയായി വേഷമിടുന്നത്.
“ആ കഥാപാത്രത്തിനുവേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. രസകരവും ഫാന്റസിയുമായിരുന്നു ആ അനുഭവം. നിങ്ങള്‍ക്ക് ചിത്രം കാണുമ്പോള്‍ അത് മനസിലാകും. സക്കര് പഞ്ചിനു വേണ്ടി ഞാന്‍ ആയോധനകല സ്വായത്തമാക്കി. വെള്ളത്തിനടിയിലുള്ള രംഗങ്ങള്‍ ചിത്രീകരിച്ചു. തോക്കുകള്‍ ഉപയോഗിക്കേണ്ടി വന്നു. ഏറെ ആനന്ദം പകരുന്ന അനുഭവങ്ങളായിരുന്നു അവ” - വനേസ ഹഡ്ജന്‍സ് പറയുന്നു.
“റിസ്കുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നിര്ബന്ധിക്കുമ്പോള് ആദ്യം ബുദ്ധിമുട്ട് തോന്നും. എന്നാല്‍ ആ അനുഭവങ്ങള്‍ അത്ഭുതകരമാണ്. സ്വയം ശാക്തീകരണത്തിനുള്ള അവസരമായി ഞാന്‍ അതിനെ മനസിലാക്കുന്നു” - വനേസ വ്യക്തമാക്കി.
ടെലി സിനിമകളായ ഹൈസ്കൂള്‍ മ്യൂസിക്കല്‍ സീരീസിലൂടെ ശ്രദ്ധേയയായ വനേസ ഹഡ്ജന്‍സ് തേര്‍ട്ടീന്‍, തണ്ടര്‍ബേര്‍ഡ്സ്, ബാന്ഡ്സ്ലാം തുടങ്ങിയ സിനിമകളിലൂടെ മികച്ച നടിയാണ് താനെന്ന് തെളിയിച്ചു. പുതിയ ചിത്രമായ സക്കര് പഞ്ച് അടുത്തവര്‍ഷം മാര്‍ച്ചിലാണ് പ്രദര്‍ശനത്തിനെത്തുന്നത്.